മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് യൂറോപ്പ് ഉൾപ്പെടെ ലോകത്തിന്റെ വിവിധ കോണുകളിലേക്ക് പറക്കാൻ സൗകര്യമൊരുക്കി ഇൻഡിഗോ എയർലൈൻസ്. മുംബൈ, ബെംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളിൽ നിന്നു കണക്‌ഷൻ ഫ്ലൈറ്റുകൾ വഴിയാണ് യാത്ര. കണ്ണൂരിൽ നിന്നു നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.
ടർക്കിഷ് എയർലൈൻസുമായുള്ള കോഡ് ഷെയറിങ് ധാരണ പ്രകാരമാണ് യാത്രക്കാർക്ക് ഇസ്തംബുൾ വഴി യൂറോപ്പിലേക്ക് പറക്കാൻ ഇൻഡിഗോ എയർലൈൻസ് അവസരം ഒരുക്കുന്നത്. 24 രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് ഇതുവഴി കണ്ണൂരിൽ നിന്നു പറക്കാൻ സാധിക്കും.
കണ്ണൂരിൽ കോഡ് ഷെയറിങ്ങിന് വ്യോമയാന മന്ത്രാലയം അനുമതി നൽകാത്തതിനാൽ അനുമതിയുള്ള വിമാനത്താവളങ്ങളിലെത്തി അവിടെ നിന്നാണ് കണക്‌ഷൻ ഫ്ലൈറ്റ് വഴി തുടർയാത്ര സാധ്യമാകൂ. അതുകൊണ്ടു തന്നെ യൂറോപ്പ് യാത്രയ്ക്ക് 2 വിമാനത്താവളങ്ങളിൽ ലേ ഓവർ വേണ്ടിവരും. ഒരു ദിവസത്തിലേറെ സമയവും. ഇൻഡിഗോയുടെ ഹബ് ആയ മുംബൈയിലും ടർക്കിഷ് എയർലൈൻസിന്റെ ഹബ് ആയ ഇസ്താംബുളിലുമാണ് ലേ ഓവർ.
ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്ക് ഒരു ദിവസവും മൂന്നര മണിക്കൂറുമാണ് വേണ്ടത്. ഇൻഡിഗോ വിമാനങ്ങൾ സർവീസ് നടത്തുന്ന അയൽ രാജ്യങ്ങളിലേക്കു പറക്കാൻ ഒരിടത്ത് ലേ ഓവർ മതി. കൊളംബോയിലേക്ക് ബെംഗളൂരു വഴി 6 മണിക്കൂറും മാലിയിലേക്ക് ബെംഗളൂരു വഴി 6.15 മണിക്കൂറും സിംഗപ്പൂരിലേക്കു ചെന്നൈ വഴി 11.45 മണിക്കൂറും ഫുക്കറ്റിലേക്ക് ബെംഗളൂരു, ഡൽഹി വഴി 16.35 മണിക്കൂറുമാണ് സമയം വേണ്ടിവരുന്നത്.