ഡൽഹി: രാജ്യം ഇന്ന് 78-മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തും. ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യയെ സ്വയം പര്യാപ്തമാക്കിയത് കർഷകരാണെന്നു വ്യക്തമാക്കിയാണ് രാഷ്‌ട്രപതി സ്വാതന്ത്ര്യം ദിന സന്ദേശം നൽകിയത്. ഭരണ ഘടന മൂല്യങ്ങൾ മുറുകെ പിടിച്ചാണ് രാജ്യം മുന്നേറുന്നത്. രാവിലെ 7 മണിക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തുന്നത്തോടെ സ്വാതന്ത്ര്യ ആഘോഷങ്ങൾക്ക് തുടക്കമാകും. 18000 ത്തിലധികം പേരാണ് ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ ഇത്തവണ പങ്കെടുക്കുന്നത്.കര്‍ഷകര്‍, യുവജനങ്ങള്‍ വനിതകള്‍ എന്നിങ്ങനെ 11 വിഭാഗങ്ങളിലായി 4000 ത്തിലധികം പേർക്ക് ക്ഷണമുണ്ട്.
പാരീസ് ഒളിമ്പിക്സ് ജേതാക്കളും ചടങ്ങിൽ പങ്കെടുക്കും. കനത്ത സുരക്ഷയിലാണ് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നടക്കുന്നത് .രാജ്യത്തെ തന്ത്രപ്രധാന മേഖലകളെല്ലാം സുരക്ഷാ വലയത്തിലാണ്. സുരക്ഷയുടെ ഭാഗമായി പതിനായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. ഡൽഹിയിലെ പ്രധാന റോഡുകളിലെല്ലാം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 3000 ട്രാഫിക് പൊലീസിനെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. 600ഓളം എ.ഐ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സ്വതന്ത്ര ദിന പ്രസംഗത്തിൽ പുതിയ പദ്ധതികൾ പ്രധാന മന്ത്രി പ്രഖ്യാപിക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.