പട്ടിക്കാട്: മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പേരും ചിത്രവും ഉപയോഗിച്ച് തട്ടിപ്പുനടത്തിയെന്ന പരാതിയിൽ കേസെടുത്ത് പോലീസ്. പലിശരഹിത ഭവനപദ്ധതിയുടെ പേരിൽ സൊസൈറ്റി വഴി നടത്തിയ തട്ടിപ്പിലാണ് ഐ.എൻ.എൽ. ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരേ കേസ് എടുത്തിരിക്കുന്നത്. സൊസൈറ്റി ചെയർമാൻ ജെയിൻ ജോസഫ്, സെക്രട്ടറി സീനത്ത്, ഡയറക്ടർമാരായ ഷബിത, ഷെയ്ക്ക് സാലിഫ്, ഇന്ദിരാ കുട്ടപ്പൻ, ബഫീക്ക് ബക്കർ എന്നിവർക്കെതിരേയാണ് കേസ്. ഇതിൽ ബഫീക്ക് ബക്കർ ഐ.എൻ.എൽ. ജില്ലാ ജനറൽ സെക്രട്ടറിയാണ്.
കിഴക്കേക്കോട്ടയിൽ പ്രവർത്തിക്കുന്ന അർബൻ-റൂറൽ ഹൗസിങ് ഡെവലപ്മെൻറ് ക്ലസ്റ്റർ സൊസൈറ്റി വഴി 10 പേരിൽനിന്ന് 25 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ചുവന്നമണ്ണ് സ്വദേശി ഇമ്മട്ടി ടിന്റോ പീച്ചി പോലീസിൽ നൽകിയ പരാതിയിലാണ് കേസ് എടുത്തത്. തട്ടിപ്പിന് ഇരയായ ബാക്കിയുള്ള ഒമ്പതുപേരും പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്. സ്ഥലമുൾപ്പെടെ വീട് പണിതുനൽകുന്ന പദ്ധതിയാണെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരിൽനിന്ന് പണം വാങ്ങിയത്. എന്നാൽ, ഒന്നര വർഷമായി യാതൊരു വിധത്തിലുള്ള പണികളും നടത്താത്തതിനെത്തുടർന്നാണ് പരാതിയുമായി ആളുകൾ രംഗത്തെത്തിയത്.
പൂവൻചിറ കാരക്കുഴിയിൽ വീടുകൾ നിർമ്മിക്കുന്നതിനുള്ള സ്ഥലം സൊസൈറ്റിക്ക് ഉണ്ടെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. എന്നാൽ, പരാതിക്കാർ വില്ലേജ് ഓഫീസിൽ അന്വേഷിച്ചപ്പോൾ പ്രദേശവാസികളായ മൂന്നുപേരുടെ കൂട്ടുകൈവശത്തിലും ഉടമസ്ഥതയിലുമുള്ള ഭൂമിയാണ് സൊസൈറ്റി തങ്ങളുടെ ഭൂമിയാണെന്ന് തെറ്റിദ്ധരിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞു.