വെള്ളിത്തിരയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും സംഘടനാ നേതൃത്വത്തിലും ചിരിയായിരുന്നു ഇന്നസെന്‍റിന്‍റെ ആയുധം. പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗത്തിലും മറ്റും ഹാസ്യം കലര്‍ത്താന്‍ ഇന്നസെന്‍റ് മറന്നിരുന്നില്ല.
ഹാസ്യമായിരുന്നു ഇന്നസെന്‍റിന്‍റെ പ്രധാന ആയുധവും മുഖവും. മലയാള സിനിമയില്‍ മാത്രമല്ല, ഇന്ത്യന്‍ പാര്‍ലമെന്‍റിലും ചിരിപ്പിക്കാനായി ഇന്നസെന്‍റ് പ്രത്യേക സമയം കണ്ടെത്തി. ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയ ഇന്നസെന്‍റ് തന്‍റെ പ്രസംഗങ്ങളിലെല്ലാം ഹാസ്യവും നര്‍മവും കലര്‍ത്താന്‍ മറന്നില്ല. മലയാളത്തില്‍ നടത്തിയ പ്രസംഗങ്ങളെല്ലാം ഓരോ പാര്‍ലമെന്‍റ് അംഗങ്ങളും ആസ്വദിച്ചു.
കാന്‍സര്‍ രോഗിയായിരുന്ന ഇന്നസെന്‍റ് കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗവും ശ്രദ്ധിക്കപ്പെട്ടു. നര്‍മത്തില്‍ പൊതിഞ്ഞ് നടത്തിയ പ്രസംഗത്തിന് സ്‌പീക്കര്‍ സുമിത്ര മഹാജന്‍ കയ്യടിച്ചത് മാധ്യമങ്ങളിലൂടെ കണ്ടതാണ്.
പാര്‍ലമെന്‍റ് അനുഭവങ്ങള്‍ വിശദീകരിക്കുന്ന വേദിയിലൊക്കെ ഇന്നസെന്‍റ് ചിരിക്കാന്‍ മറന്നിരുന്നില്ല. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ലോക്‌സഭയിലെത്തിയതിന്‍റെ വിശേഷം താരം പങ്ക് വച്ചത് പൊട്ടിച്ചിരിയോടെയാണ് കേരളം കേട്ടത്.
ഒരു രാഷ്ട്രീയക്കാരനാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല എന്നാണ് ഇന്നസെന്‍റ് പറയാറുള്ളത്. സഹോദരങ്ങള്‍ ഉദ്യോഗം നേടിപ്പോയപ്പോഴും താന്‍ രാഷ്ട്രീയക്കാരനാകുമെന്നോ പാര്‍ലമെന്‍റില്‍ എത്തുമോ എന്നത് മനസ്സില്‍ പോലും ചിന്തിച്ചിരുന്നില്ല എന്നാണ് ഇന്നസെന്‍റ് പറയാറുള്ളത്.