റീലുകള്‍ എന്നറിയപ്പെടുന്ന ഷോര്‍ട്ട് വീഡിയോകളാണ് ഇന്ന് ഡിജിറ്റല്‍ ലോകം ഭരിക്കുന്നത്. ടിക്ക്‌ടോക്ക് മുതലായ ആപ്പുകളുടെ സ്വാധീനത്തിലൂടെ പ്രചാരത്തിലായ റീല്‍സുകള്‍ ഇന്ന് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും വരെ എത്തിനില്‍ക്കുകയാണ്. സാധാരണഗതിയില്‍ പരമാവധി ഒരു മണിക്കൂര്‍ വരെ ദൈര്‍ഘ്യമുണ്ടാകുന്ന റീല്‍സുകള്‍ പത്ത് മിനിറ്റ് വരെ ദീര്‍ഘിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം ഒരുങ്ങുന്നു എന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുകയാണ്. പുതിയ ഫീച്ചറായി പത്ത് മിനിറ്റ് വരെ നീണ്ടുനില്‍ക്കുന്ന റീല്‍സുകള്‍ അവതരിപ്പിക്കാനാണ് ഇന്‍സ്റ്റഗ്രാം തയ്യാറെടുക്കുന്നത്. ഇന്ത്യയില്‍ നിരോധിക്കപ്പെട്ടെങ്കിലും പല രാജ്യങ്ങളിലും ഇപ്പോഴും സജീവമായ ടിക്ക്‌ടോക്കില്‍ പത്ത് മിനിറ്റ് വരെയുളള റീലുകള്‍ ചെയ്യാന്‍ സാധിക്കും.
ഇതിനാലാണ് വിപണിയില്‍ കൂടുതല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇന്‍സ്റ്റഗ്രാമും റീല്‍സുകളുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് ഓപ്ഷനുകളായി ഫീച്ചര്‍ അവതരിപ്പിക്കാനാണ് പദ്ധതി. ഒന്നില്‍ മൂന്ന് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ അനുവദിക്കും. രണ്ടാമത്തെ ഓപ്ഷന്‍ പ്രയോജനപ്പെടുത്തിയാല്‍ പത്തുമിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ അപ്ലോഡ് ചെയ്യാന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കുക.