കോഴിക്കോട്: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ തുക വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പായില്ല. ഒരു കുട്ടിക്ക് പരമാവധി എട്ട് രൂപയാണ് സര്‍ക്കാര്‍ ഉച്ചഭക്ഷണത്തിനായി നിലവില്‍ അനുവദിക്കുന്നത്. പദ്ധതി നടത്തിപ്പിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാന അധ്യാപകരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
സ്കൂള്‍ കലോല്‍സവങ്ങളില്‍ വിളമ്പേണ്ടത് ഏത് തരം ആഹാരമെന്നതില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിലെ പ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നത്. വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ ഭാഗമായി ഒന്നു മുതല്‍ എട്ട് വരെയുളള ക്ളാസുകളിലെ കുട്ടികള്‍ക്ക് സൗജ്യവും പോഷകസമൃദ്ധവുമായ ആഹാരം നല്‍കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍ ഇതിനായനുവദിക്കുന്ന തുകയാണ് ഏറെ വിചിത്രം. ഒരു കുട്ടിക്ക് പരമാവധി എട്ട് രൂപ. അതാകട്ടെ 150 കുട്ടികള്‍ വരെയുളള സ്കൂള്‍ക്ക് മാത്രം. 150നും അഞ്ഞൂറിനും ഇടിയിലാണ് കുട്ടികളുടെ എണ്ണമെങ്കില്‍ ഏഴ് രൂപയും അഞ്ഞൂറില്‍ കൂടുതല്‍ കുട്ടികളുളള സ്കൂളുകളില്‍ കുട്ടി ഒന്നിന് ആറ് രൂപയുമാണ് അനുവദിക്കുന്നത്.
2016മുതല്‍ നല്‍കി വരുന്ന ഈ തുക പരിഷ്കരിക്കുമെന്നാവശ്യപ്പെട്ട് പ്രധാന അധ്യാപകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമടക്കം നടത്തി. അതും ഫലം കാണാതെ വന്നതോടെയാണ് കേരള പ്രവൈറ്റ് സെക്കന്‍ഡറി സ്കൂള്‍ ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. തുക വര്‍ദ്ധിപ്പിക്കാത്ത പക്ഷം ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ആഴ്ചയില്‍ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും എന്ന രീതിയില്‍ ഉച്ചഭക്ഷണം പോഷക സമൃദ്ധമാകണമെന്ന് നിഷ്കര്‍ഷിച്ചത് സംസ്ഥാന സര്‍ക്കാരായിട്ടും വിഹിതം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന വിമര്‍ശനം പ്രതിപക്ഷം നിയമസഭയിലടക്കം ഉന്നയിച്ചിരുന്നു. പദ്ധതിയുടെ 60 ശതമാനം കേന്ദ്രവം 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് പലവട്ടം ശുപാര്‍ശ നല്‍കിയെങ്കിലും സാന്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ധനവകുപ്പ് സംസ്ഥാന വിഹിതം വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കാത്തതാണ് പ്രധാന പ്രതിസന്ധി.