ഇസ്രയേല്‍: പിടികൂടിയ പലസ്തീന്‍ പോരാളികളെ കൊന്നൊടുക്കണമെന്ന് ഇസ്രയേല്‍ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍. പിടികൂടിയ നൂറുകണക്കിന് തടവുകാരെ എന്തുചെയ്യണമെന്നും ഇത് സൈന്യത്തിന് അപകടകരമാണെന്നും ഗ്വിര്‍ പറഞ്ഞു. സുരക്ഷാ ക്യാബിനറ്റ് മീറ്റിംഗില്‍ ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഹെര്‍സി ഹലേവിയാണ് നൂറുകണക്കിന് പലസ്തീന്‍ തടവുകാര്‍ കീഴടങ്ങിയ വിവരം പങ്കുവച്ചത്.
കീഴടങ്ങിയ പലസ്തീന്‍ പോരാളികള്‍ ആര്‍ക്കാണ് അപകടകരമെന്ന് സുരക്ഷാ മന്ത്രിയോട് തിരികെ ചോദിച്ച ഇസ്രയേല്‍ പ്രതിരോധ സേന മേധാവി, കീഴടങ്ങുന്നവരെ വെടിവയ്ക്കില്ലെന്നും തങ്ങള്‍ക്കെതിരെ പോരാടുന്നവരെ മാത്രമാണ് വെടിവയ്ക്കുകയെന്നും പറഞ്ഞു. സുരക്ഷാ മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ച കൃഷിമന്ത്രി അവി ഡിച്ചെര്‍, ബെന്‍ ഗ്വിര്‍ ഇസ്രയേലിന്റെ തന്നെ മന്ത്രിയാണോ അതോ മറ്റേതെങ്കിലും രാജ്യത്തെ മന്ത്രിയാണോ എന്ന് താന്‍ സംശയിക്കുന്നുണ്ടെന്നായിരുന്നു പ്രതികരിച്ചത്.
200ലധികം ഹമാസ് പോരാളികളെ അറസ്റ്റ് ചെയ്തതിനുശേഷം ഏപ്രില്‍ ഒന്നോടെയാണ് ഗസ്സയിലെ ഷിഫ ആശുപത്രിയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങിയത്. ഡസന്‍ കണക്കിന് മോര്‍ട്ടാര്‍ ഷെല്ലുകള്‍, സ്‌നിപ്പര്‍ റൈഫിളുകള്‍, ഓട്ടോമാറ്റിക് റൈഫിളുകള്‍, കൈത്തോക്കുകള്‍, സ്‌ഫോടകവസ്തുക്കള്‍, വെടിമരുന്ന്, മറ്റ് ആയുധങ്ങള്‍ എന്നിവ ആശുപത്രിയില്‍ നിന്ന് കണ്ടെത്തിയതായാണ് ഐഡിഎഫിന്റെ അവകാശവാദം.