Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇസ്രയേലിലെ റോക്കറ്റ് അക്രമണത്തിൽ മലയാളി നഴ്സിന് പരുക്ക്

ഇസ്രയേലിലെ റോക്കറ്റ് അക്രമണത്തിൽ മലയാളി നഴ്സിന് പരുക്ക്

ഇസ്രയേലിലെ റോക്കറ്റ് അക്രമണത്തിൽ മലയാളി നഴ്സിന് പരുക്ക്. കണ്ണൂർ പയ്യാവൂർ സ്വദേശി ഷീജ ആനന്ദിനാണ് പരുക്കേറ്റത്. ഇസ്രയേലിലെ അഷ്കലോണിലാണ് ഇവർ ജോലി ചെയ്യുന്നത്. അപകടനില തരണം ചെയ്തതായാണ് വിവരം.

പലസ്തീനുമായുള്ള സംഘർഷത്തിൽ യുക്രൈൻ ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ചു. യുക്രൈൻ പ്രസിഡൻ്റ് വ്ലോദിമിർ സെലൻസ്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചാണ് പിന്തുണ അറിയിച്ചത്. ഇക്കാര്യം സെലൻസ്കി തന്നെ വെളിപ്പെടുത്തി.

“കടുത്ത ആക്രമണം നേരിടുന്ന ഇസ്രയേലിനോട് യുക്രൈൻ ഐക്യപ്പെടുന്നു എന്നറിയിക്കാൻ ഞാൻ നെതന്യാഹുവുമായി സംസാരിച്ചു. കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിച്ചു. ആക്രമണത്തെ തുടർന്ന് പ്രദേശത്തെ സുരക്ഷയിലുണ്ടായേക്കാവുന്ന മാറ്റങ്ങളെപ്പറ്റിയും ഞങ്ങൾ സംസാരിച്ചു.”- സെലൻസ്കി പറഞ്ഞു.

ഇസ്രയേൽ-പലസ്തീൻ സംഘർഷം അവസാനിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആവശ്യപ്പെട്ടു. ഇസ്രയേലിന്റെയും പലസ്തീന്റെയും സമാധാനത്തിനായി പ്രാർത്ഥിക്കാമെന്നും മാർപ്പാപ്പ. സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ ഞായറാഴ്ച പ്രാർത്ഥനയിലാണ് ഫ്രാൻസിസ് മാർപ്പാപ്പ സമാധാനത്തിനായി ആഹ്വാനം ചെയ്തത്.

യുദ്ധം ഒരു പരാജയമാണ്. സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്ന് മാർപ്പാപ്പ പറഞ്ഞു. ശനിയാഴ്ച രാവിലെയായിരുന്നു ഇസ്രയേലിനെതിരെ ഹമാസ് ആക്രമണം ആരംഭിച്ചത്. ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിലും കരയിൽ നിന്നുള്ള ആക്രമണത്തിലും മരിച്ചവരുടെ എണ്ണം 300 കവിഞ്ഞു. 1,864 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഗാസയിൽ നിരവധി ഇസ്രായേലികളെ ബന്ദികളാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ഗാസയിൽ 400-ലധികം ഹമാസ് ഭീകരർ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന. ഡസൻ കണക്കിന് ഭീകരരെ ബന്ദികളാക്കിയിട്ടുണ്ട്. എട്ടുമ്മൽ തുടരുന്ന പട്ടണങ്ങളിൽ ഭീകരർക്കായി തെരച്ചിൽ നടക്കുന്നുണ്ടെന്നും ഉന്നത ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഹമാസ് ഭീകരർക്കായി പല നഗരങ്ങളിലും തെരച്ചിൽ പുരോഗമിക്കുന്നു. അതിർത്തിയിൽ നിന്ന് സിവിലിയൻമാരെ ഒഴിപ്പിക്കുക, യുദ്ധം അവസാനിപ്പിക്കുക, ഹമാസ് നുഴഞ്ഞുകയറ്റം നിയന്ത്രിക്കുക, തീവ്രവാദ കേന്ദ്രങ്ങൾ ആക്രമിക്കുക എന്നിവയാണ് ഐഡിഎഫിന്റെ പ്രധാന ദൗത്യമെന്നും ഹഗാരി കൂട്ടിച്ചേർത്തു.

ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ശക്തമായ ആക്രമണത്തിൽ ഖാൻ യൂനിസ് മോസ്ക് തകർന്നു. ഹമാസ് ഇന്റലിജൻസ് മേധാവിയുടെ വീടിന് നേർക്ക് ബോംബാക്രമണം നടത്തി. അതിനിടെ ഹമാസിന് പിന്തുണ അറിയിച്ച് ലെബനനിൽ നിന്നും ഇസ്രയേൽ അധീന പ്രദേശങ്ങളിലേക്ക് മോർട്ടാർ ആക്രമണങ്ങൾ ഉണ്ടായി.ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഹിസ്ബുല്ല എറ്റെടുത്തു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com