അപ്രതീക്ഷിത ഹമാസ് ആക്രമണം തുടരുന്ന ഇസ്രയേലില്‍ കേരളത്തില്‍ നിന്നുള്ള സംഘം കുടുങ്ങി. ഈ മാസം മൂന്നിന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട മലയാളി തീര്‍ത്ഥാടക സംഘമാണ് ഇസ്രയേലില്‍ കുടുങ്ങിയത്. ഈജിപ്തിലേക്കുള്ള ഇവരുടെ യാത്ര ഇസ്രേയേലില്‍ എത്തിയപ്പോള്‍ ഹമാസ് ആക്രമണമുണ്ടാകുകയും ഇവര്‍ തിരികെ വരാനാകാതെ കുടുങ്ങിപ്പോകുകയുമായിരുന്നു. നിലവില്‍ ബത്‌ലഹേമിലെ പാരഡൈസ് ഹോട്ടലിലാണ് ഇവരുള്ളത്.
ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം പശ്ചിമേഷ്യയെ ഉലയ്ക്കുമ്പോള്‍ ഇസ്രയേലില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം അതീവജാഗ്രത തുടരുകയാണ്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്നും പൗരന്മാര്‍ക്ക് ഇന്ത്യ നിര്‍ദേശം നല്‍കി. പലസ്തീനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബന്ധപ്പെടാനും എംബസി ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്ക് 0592916418 എന്ന നമ്പരില്‍ ബന്ധപ്പെടാമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ഇസ്രായേലിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്ക് +97235226748 എന്ന നമ്പരില്‍ ബന്ധപ്പെടാം.
ഇസ്രയേലിനെതിരെ ഹമാസിന്റെ റോക്കറ്റ് ആക്രമണം ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്. 250 ഇസ്രേയേലി പൗരന്മാര്‍ കൊല്ലപ്പെട്ടെന്നാണ് ഒടുവില്‍ വരുന്ന വിവരം. നിരവധി ഇസ്രയേലി പൗരന്മാരെ ഹമാസ് ബന്ദികളാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ടെല്‍ അവീവില്‍ ഹമാസ് 150 റോക്കറ്റുകള്‍ വിക്ഷേപിച്ചു. 1100ലേറെ പേര്‍ക്ക് ആക്രമണങ്ങളില്‍ പരുക്കേറ്റു. പലയിടത്തും ഏറ്റുമുട്ടല്‍ തുടരുകയാണ്.