ന്യൂഡൽഹി: ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ഐ എസ് ആർ ഒ. 5 മുതൽ 8 മീറ്റർ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ് ജലമുള്ളത്. ആദ്യത്തെ രണ്ട് മീറ്ററുകളിലെ ഭൂഗര്‍ഭ ഹിമത്തിന്‌റെ അളവ് ഇരുധ്രുവങ്ങളിലെയും ഉപരിതലത്തെക്കാള്‍ അഞ്ച് മുതല്‍ എട്ട് മടങ്ങ് വരെ വലുതാണെന്ന് അടുത്തിടെ നടന്ന പഠനം സൂചിപ്പിക്കുന്നു.
ഐഐടി കാന്‍പൂര്‍, യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ, ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി, ഐഐടി ധന്‍ബാദ് എന്നിവിടങ്ങളിലെ ഗവേഷകരുമായി സഹകരിച്ച് സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.വടക്കന്‍ ധ്രുവമേഖലയിലെ വാട്ടര്‍ ഐസിന്‌റെ വ്യാപ്തി ദക്ഷിണ ധ്രുവമേഖലയെക്കാളും ഇരട്ടിയാണെന്നും പഠനം സൂചിപ്പിക്കുന്നു.
ചന്ദ്രനിലെ വാട്ടര്‍ ഐസിന്‌റെ ഉത്ഭവവും വിതരണവും മനസിലാക്കാന്‍ ലൂണാര്‍ റിക്കണൈസന്‍സ് ഓര്‍ബിറ്ററില്‍ റഡാര്‍, ലേസര്‍, ഒപ്ടിക്കല്‍, ന്യൂട്രോണ്‍ സ്‌പെക്ട്രോമീറ്റര്‍, അള്‍ട്രാ വയലറ്റ് സ്പ്‌ക്ട്രോമീറ്റര്‍, തെര്‍മല്‍ റേഡിയോമീറ്റര്‍ എന്നിവ ഉള്‍പ്പെടുന്ന ഏഴ് ഉപകരണങ്ങള്‍ ഗവേഷകര്‍ ഉപയോഗിച്ചു. ചന്ദ്രനിലെ വാട്ടര്‍ ഐസിനെക്കുറിച്ചുള്ള സമഗ്രമായ അറിവ് ഐഎസ്‌ഐര്‍ഒയുടെ ഭാവിയിലെ ചാന്ദ്രപര്യവേക്ഷണ പദ്ധതികളെ പിന്തുണയ്ക്കുന്നതിലും നിര്‍ണായകമാണ്.