തിരുവനന്തപുരം ∙ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്നു വൈകിട്ട് 4.40നു തിരുവനന്തപുരത്തെത്തും. 5നു ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം അദ്ദേഹം രാജ്ഭവനിലേക്കു പോകും. സമീപകാലത്തു നവീകരിച്ച വിവിഐപി സ്വീറ്റിലാകും താമസം. പത്നി ഡോ.സുധേഷ് ധൻകറും ഉപരാഷ്ട്രപതിക്കൊപ്പമുണ്ട്. രാജ്ഭവനിൽ വൈകിട്ടു സന്ദർശകരെ കാണും. രാത്രി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകുന്ന വിരുന്നിലും പങ്കെടുക്കും.
തിങ്കളാഴ്ച രാവിലെ 9നു ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമാകും പ്രഭാതഭക്ഷണം. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഒപ്പമുണ്ടാകും. 10.30നു നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തശേഷം 12നു കണ്ണൂരിലേക്കു പോകും.
കണ്ണൂർ വിമാനത്താവളത്തിൽനിന്നു തലശ്ശേരിയിലേക്കു പോകുന്ന ഉപരാഷ്ട്രപതി, അവിടെ തന്റെ അധ്യാപികയായിരുന്ന രത്ന നായരെ സന്ദർശിക്കും. വിമാനത്താവളത്തിൽ തിരികെയെത്തിയ ശേഷം ഹെലികോപ്റ്ററിൽ ഏഴിമല നാവിക അക്കാദമിയിലേക്കു പോകും. 6.20നു അദ്ദേഹം ഡൽഹിക്കു മടങ്ങും.