ന്യൂഡൽഹി: ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനോട് അനിലിനെ താരതമ്യം ചെയ്താണു ജയ്റാം രമേശിന്റെ ട്വീറ്റ്. ഒരേ സംസ്ഥാനത്തെ ഒരു മുന്‍മുഖ്യമന്ത്രിയുടെ മകന്‍ നഗ്നപാദനായി രാജ്യത്തിന്റെ ഐക്യത്തിനായി നടക്കുമ്പോള്‍ മറ്റൊരു മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ പാര്‍ട്ടിയോടും യാത്രയോടുമുള്ള ഉത്തരവാദിത്തം മറന്നു നിലപാടെടുക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുതിർന്ന നേതാവ് എ.കെ.ആന്റണിയുടെ മകനായ അനിൽ കെ.ആന്റണി ബിബിസിക്കെതിരെ പോസ്റ്റ് ചെയ്ത ട്വീറ്റ് കോൺഗ്രസിൽ വൻ വിവാദമായിരുന്നു. ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളേക്കാൾ ബിബിസിയുടെ വീക്ഷണത്തിനു മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണെന്നുമാണ് അനിൽ പറഞ്ഞത്.
ഡിജിറ്റൽ സെല്ലിന്റെ പുനഃസംഘടന പൂർത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്താവനകൾക്കു പാർട്ടിയുമായി ബന്ധമില്ലെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ വ്യക്തമാക്കിയിരുന്നു. അനിലിന്റെ നിലപാട് തള്ളി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവരും രംഗത്തുവന്നു. പ്രതിഷേധം ശക്തമായതോടെ പാർട്ടി സ്ഥാനങ്ങളിൽനിന്നും അനിൽ രാജി വയ്ക്കുകയായിരുന്നു.