Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'അതിഥി തൊഴിലാളികള്‍ പോറ്റമ്മയെ മറക്കുന്നുവോ?' ജെയിംസ് കൂടല്‍ എഴുതുന്നു

‘അതിഥി തൊഴിലാളികള്‍ പോറ്റമ്മയെ മറക്കുന്നുവോ?’ ജെയിംസ് കൂടല്‍ എഴുതുന്നു

ജെയിംസ് കൂടല്‍

തൊഴില്‍ കുടിയേറ്റം എല്ലാ കാലത്തും എല്ലാ രാജ്യങ്ങളിലെയും തൊഴില്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇന്ത്യക്ക് പുറത്തും അകത്തുമൊക്കെ നാടുവിട്ട് ജോലി ചെയ്യേണ്ടി വരിക എന്നത് ജീവിക്കുക എന്ന പരിശ്രമത്തിന്റെ കൂടി ഭാഗമാണല്ലോ. ഇന്ത്യയില്‍ ഇന്ന് സാമ്പത്തിക പുരോഗതി കൈവരിച്ച എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് ഇത്തരത്തിലുള്ള തൊഴിലാളികളെ കാണാം. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് വലിയൊരു ആശ്രയം ഒരുക്കിയ പാരമ്പര്യം നമ്മുടെ നാടിന്റെ സംസ്‌കാരത്തിന്റെ കൂടി ഭാഗമായിരുന്നു. അതുകൊണ്ടു തന്നെ അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന വിളിയില്‍ നിന്നും നമ്മള്‍ അതിഥി തൊഴിലാളിയെന്ന ആര്‍ദ്രമുള്ള വിളിയിലേക്ക് പരിണമിച്ചതും. കോവിഡ്, പ്രളയം പോലെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ മലയാളികള്‍ അവര്‍ക്കൊരുക്കിയ കരുതലും നമ്മള്‍ കണ്ടറിഞ്ഞതാണ്. എന്നാലിന്ന് തൊഴിലിന്റെ മറവില്‍ ക്രിമിനലുകള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് നമ്മുടെ നാട്ടിലേക്ക് കുടിയേറുന്നുവോ?

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ പുഞ്ചിരി മനസ്സില്‍നിന്ന് അങ്ങനെയങ്ങ് മായുമോ? മുറുവുണങ്ങാത്ത ശരീരവുമായി അവള്‍ മരണത്തിന്റെ കൈപിടിച്ച് യാത്രയായപ്പോള്‍ ഉള്ളുനീറാത്ത മനുഷ്യരുണ്ടോ? അതിഥി തൊഴിലാളികളിലെ ക്രിമിനലുകള്‍ നമ്മുടെ നാടു വാഴുന്നുവോ എന്ന ഗൗരവമേറിയ ചര്‍ച്ചയിലേക്ക് നാം വീണ്ടും എത്തി നില്‍ക്കുകയാണ്. അപ്പോഴും ദു:ഖകരമായ വസ്തുത, അതിനായി ഒരു കുഞ്ഞുഹൃദയത്തിന്റെ വേര്‍പാട് നമുക്ക് വേണ്ടി വന്നുവെന്നതാണ്. അസഫാക് ആലത്തിനെപോലെ ഇനി എത്ര ക്രിമിനലുകള്‍ കേരളത്തില്‍ തൊഴിലിന്റെ മറവില്‍ വിലസുന്നുണ്ടെന്ന് നമുക്ക് കണ്ടെത്തുക തന്നെ വേണം.

കേരളത്തിലേക്ക് എത്തുന്ന അതിഥി തൊഴിലാൡളെ സംബന്ധിച്ച് കൃത്യമായ വിവരശേഖരണം ഇന്നും നടക്കുന്നില്ല എന്നതാണ് പ്രതിഷേധാര്‍ഹം. കര്‍ശനമായ നടപടികളിലേക്ക് അധികാരികള്‍ എത്തേണ്ട സമയം എന്നേ അതിക്രമിച്ചു. തൊഴിലാളികളെ കൊണ്ടുവരുന്ന കരാറുകാരന്‍ ലേബര്‍ ഓഫിസില്‍ നിന്നും ലൈസന്‍സ് എടുക്കണമെന്ന നിയമമൊക്കെ ഉണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല. ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍പോലും പരിശോധിക്കപ്പെടുന്നില്ല എന്നതാണ് സത്യം. പൊലീസ് ഉദ്യോഗസ്ഥര്‍ ഇവരുടെ ക്യാമ്പുകളില്‍ കൃത്യമായി പരിശോധന നടത്തിയാല്‍ തന്നെ അക്രമികളായവരുടെ കടന്നുവരവിനെ ഒരു പരിധി വരെ നമുക്ക് പ്രതിരോധിക്കാന്‍ കഴിയും.

ക്രിമിനല്‍ പശ്ചാത്തലമുള്ളവരും മറ്റുരാജ്യങ്ങളില്‍ നിന്നും കുടിയേറിയവരും കേരളത്തിലുണ്ടോ എന്ന പരിശോധനയും നടക്കേണ്ടതുണ്ട്. ഇത്തരക്കാരുടെ വരവിനെ തടയുന്ന രീതിയിലുള്ള നിയമനിര്‍മാണം നടത്തുക എന്നതും അത്യാവശ്യമാണ്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം അതിഥി തൊഴിലാളികള്‍ ചര്‍ച്ചയായി മാറുന്ന സ്ഥിതിവിശേഷം മാറേണ്ടതുണ്ട്. കൃത്യമായ പരിശോധനകളും നിയമനിര്‍മാണങ്ങളും ഇവിടെയില്ല എന്നതാണ് ഇവര്‍ മറയാക്കി മാറ്റുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം പൊതുസമൂഹവും ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നമുക്ക് കഴിയും. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ. അതിഥി തൊഴിലാളികള്‍ പോറ്റമ്മയേയും ഹൃദയത്തോടു ചേര്‍ക്കട്ടെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments