ജെയിംസ് കൂടല്‍
ചെയര്‍മാന്‍, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്എ)
പൊതുപ്രവര്‍ത്തകര്‍ക്ക് എല്ലാ കാലത്തും അനുകരണീയമായ വ്യക്തിത്വമായിരുന്നു അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍. നിലപാടുകളും, ആശയങ്ങളും ചിന്തകളുമൊക്കെ അദ്ദേഹം രൂപപ്പെടുത്തിയെടുത്തത് സാധാരാണക്കാരെ മുന്‍നിര്‍ത്തിയായിരുന്നു. അതുകൊണ്ടു തന്നെ കോണ്‍ഗ്രസിന്റെ തലയെടുപ്പായും പൊക്കമായും വക്കത്തെ സമൂഹം വാഴ്ത്തി. പൊതുപ്രവര്‍ത്തനത്തിന്റെ അവസാനകാലത്തും തന്റെ ആദര്‍ശമാണ് തന്റെ വ്യക്തിത്വമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. രാഷ്ട്രീയത്തിനും അപ്പുറം ജനകീയനായി വക്കം പുരുഷോത്തമന്‍ പരിണമിച്ചതും അവിടെയായിരുന്നു.
തന്റെ വ്യക്തിത്വത്തിലെ കണിശതയും കാര്‍ക്കശ്യവും ഭരണകാര്യങ്ങളിലും പുലര്‍ത്തുന്നതില്‍ അദ്ദേഹം എപ്പോഴും ശ്രദ്ധ നല്‍കിയിരുന്നു. പാര്‍ലമെന്റേറിയന്‍, മന്ത്രി തുടങ്ങിയ നിലകളിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണ്. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ നീതിബോധത്തോടെ പെരുമാറിയ വക്കം സ്പീക്കര്‍ പദവിയുടെ യശസ്സും ഉയര്‍ത്തി നിര്‍ത്തി. അപ്പോഴും സാധാരണക്കാര്‍ക്കിടയിലാണ് തനിക്ക് സ്ഥാനം വേണ്ടതെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. പൊതുപ്രവര്‍ത്തനത്തിന്റെ ഊര്‍ജ്ജവും നന്മയും സാധാരണക്കാരുടെ ജീവിതത്തിലേക്ക് ഇറങ്ങി ചെല്ലുമ്പോഴാണെന്ന പക്ഷക്കാരനായിരുന്നു വക്കം പുരുഷോത്തമന്‍.
വിവാദങ്ങളുണ്ടാകുമ്പോഴും തന്റെ തീരുമാനങ്ങളില്‍ നിന്നും നിലപാടുകളില്‍ നിന്നും വ്യതിചലിക്കാന്‍ അദ്ദേഹം തയാറായില്ല. ഓരോ തീരുമാനങ്ങളിലേക്കെത്തുമ്പോഴും വക്കത്തിന്റെ ശബ്ദം അത്രമേല്‍ കരുത്തുള്ളതായിരുന്നു. മുതിര്‍ന്ന നേതാക്കളില്‍ വക്കം ശ്രദ്ധാകേന്ദ്രമായി മാറിയതും അങ്ങനെ തന്നെ. മന്ത്രിയെന്ന നിലയിലും അദ്ദേഹം പുലര്‍ത്തി വന്ന ചിട്ടകളും വികസന കാഴ്ചപ്പാടുകളും അനുകരണീയമായിരുന്നു. ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കി വന്ന പ്രവര്‍ത്തനങ്ങള്‍ നവകേരളത്തിലേക്കുള്ള വഴികളിലൂടെയായിരുന്നു.
കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയും പൊതുപ്രവര്‍ത്തനകനുമായിരുന്നു വക്കം പുരുഷോത്തമനെന്ന് കാലം അടയാളപ്പെടുത്തുക തന്നെ ചെയ്യും. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ മൂല്യങ്ങളെ അടയാളപ്പെടുത്തുകയും അതിനെ ഉള്‍ക്കൊണ്ടുജീവിക്കുകയും ചെയ്ത വക്കം ഒരു കാലഘട്ടത്തിന്റെ നേതാവ് മാത്രമല്ല. ജീവിതം മറ്റുള്ളവര്‍ക്കുവേണ്ടി സമര്‍പ്പിച്ച സ്‌നേഹദീപം കൂടിയാണ്.
രാഷ്ട്രീയത്തിനും അപ്പുറം കേരളജനതയുടെ ഉള്ളില്‍ ഇടം നേടിയ പ്രിയനേതാവിന് പ്രണാമം.