ജെയിംസ് കൂടല്‍
(ചെയര്‍മാന്‍, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്, യുഎസ്എ)
പുതുപ്പള്ളിക്കോട്ടയില്‍ ഇനി പുതുയുഗമാണ്. അഞ്ചു പതിറ്റാണ്ടിലേറെ നാടിനു കാവലായ ഉമ്മന്‍ ചാണ്ടി എന്ന നേതാവിന്റെ ഓര്‍മകള്‍ ഇരമ്പുന്ന നാടിനെ നയിക്കാന്‍ ഇനി പുതുമുഖമെത്തും. തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടുപിടിച്ചു. സ്ഥാനാര്‍ത്ഥികള്‍ പ്രചരണച്ചൂടിലേറി. രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി പുതുപ്പള്ളി മാറി കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇനി നമുക്ക് പുതുപ്പള്ളിയെക്കുറിച്ച് സംസാരിക്കാം.
ഉമ്മന്‍ ചാണ്ടി എന്ന നേതാവിന്റെ ഉദയം മുതല്‍ കേരളത്തില്‍ പുതുപ്പള്ളി ശ്രദ്ധാകേന്ദ്രമാണ്. തുടര്‍ച്ചയായ അദ്ദേഹത്തിന്റെ വിജയങ്ങള്‍ക്കൂടി പിറന്നതോടെ പുതുപ്പളളി ചരിത്രത്തിലും ഇടം പിടിച്ചു. കേവലമൊരു ജനപ്രതിനിധി മാത്രമായിരുന്നില്ല അദ്ദേഹം. രാഷ്ട്രീയഭേദമന്യേ എല്ലാവരേയും ഹൃദയത്തോടു ചേര്‍ത്തും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടും നാടിന്റെ വിളക്കായി ശോഭിച്ചു. തന്റെ ഈ പാരമ്പര്യം മക്കളിലേക്കും പകരുന്നതില്‍ അതീവ ശ്രദ്ധാലുവായിരുന്നുവെന്ന് അദ്ദേഹത്തെ അടുത്തറിഞ്ഞവര്‍ക്കൊക്കെ അറിയാം. ചാണ്ടി ഉമ്മന്റെ യോഗ്യതയും അതുതന്നെ എന്ന് നിസംശയം നമുക്ക് പറയാം. കൃത്യമായ രാഷ്ട്രീയബോധം അദ്ദേഹത്തിനുണ്ട്. കാഴ്ചപ്പാടുകളും ആശയങ്ങളുമുണ്ട്. യൂത്ത് കോണ്‍ഗ്രസ് ദേശീയ ഔട്ട്‌റീച്ച് സെല്‍ ചെയര്‍മാനായത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പോരാട്ടങ്ങള്‍ പരിഗണിച്ച് കിട്ടിയ അംഗീകാരമാണ്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ വളര്‍ന്ന അദ്ദേഹം കേരള രാഷ്ട്രീയത്തെ അനുഭവിച്ചറിഞ്ഞ നേതാവുകൂടിയാണ്.
ഭാരത് ജോഡോ യാത്രയില്‍ അദ്ദേഹം രാഹുലിനൊപ്പം സഞ്ചരിച്ചത് ജനങ്ങളുടെ മനസ്സുകളിലേക്ക് കൂടിയായിരുന്നു. അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റവും പൊതുജനങ്ങളോടു ഇടപെടുന്ന രീതികളും അക്കാലത്ത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. അത്രമേല്‍ പിതാവിന്റെ പാരമ്പര്യത്തെ പിന്‍തുടരുന്ന പുത്രനെന്ന് മഹത്വംകൂടി ചാണ്ടി ഉമ്മനുണ്ട്. ഇതെല്ലാം കൃത്യമായി അടുത്തറിഞ്ഞ പുതുപ്പള്ളി ചാണ്ടി ഉമ്മനൊപ്പം സഞ്ചരിക്കുക തന്നെ ചെയ്യും. കാലം ആവശ്യപ്പെടുന്ന സത്യം കൂടിയാണ് ചാണ്ടി ഉമ്മന്‍.
പുതുപ്പള്ളി തിരഞ്ഞെടുപ്പില്‍ കൃത്യമായി സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്തുണ്ടാകും. തിരഞ്ഞെടുപ്പ് സര്‍ക്കാരിനെതിരായ വിധിയെഴുത്താകുമെന്ന് യുഡിഎഫ് നേതാക്കള്‍ ഒരേ ശബ്ദത്തില്‍ പറയുമ്പോള്‍ സിപിഎം പലപ്പോഴും അതില്‍ നിന്നും ഓടി മറയുകയാണ്. അതിനു പ്രധാന കാരണം പരാജയത്തെ അവര്‍ അടുത്തറിയുന്നു എന്നതാണ്. രാഷ്ട്രീയമായി നമുക്ക് തിരഞ്ഞെടുപ്പിനെ നേരിടാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞൊഴിയുന്നതും അതുകൊണ്ടു തന്നെ. അത്രമേല്‍ നിലവിലെ സാഹചര്യത്തില്‍ കേരള ജനത സംസ്ഥാന സര്‍ക്കാരിനെതിരെ അസ്വസ്ഥതകള്‍ വ്യക്തമാക്കി തുടങ്ങി.
സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ വട്ടം കറങ്ങിയതോടെ ജനജീവിതം ദുസഹമായി. വിപണിയില്‍ ഇടപെടലുകള്‍ നടക്കാതെ വന്നതോടെ സാധാരണക്കാരന്റെ അന്നവും മുട്ടലിലായി. ഇത്തരമൊരു സാഹചര്യത്തില്‍ ജനം സര്‍ക്കാരിനെതിരായി രാഷ്ട്രീയഭേദമെന്യേ പ്രതികരിക്കുക തന്നെ ചെയ്യും. അതിന്റെ പ്രതിഫലനം പുതുപ്പള്ളിയിലുമുണ്ടാകും. സാക്ഷാല്‍ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയാല്‍ സിപിഎം അവിടെ നിലം തൊടില്ലെന്ന് വ്യക്തം.
പുതുപ്പള്ളിക്കാര്‍ ഇനി ആഗ്രഹിക്കുന്നത് ഉമ്മന്‍ ചാണ്ടിയ്ക്ക് ഒരു തുടര്‍ച്ചക്കാരനെയാണ്. സാധാരണക്കാരുടെ കണ്ണീരു തുടച്ചും അവര്‍ക്കൊപ്പം ചിരിച്ചും നിലകൊള്ളുന്ന ഒരു ഭരണാധികാരിയെ. അതുകൊണ്ടുതന്നെ വോട്ടിങ്ങ് ബൂത്തിലെത്തുമ്പോള്‍ അവര്‍ ചാണ്ടി ഉമ്മനൊപ്പം തന്നെ നില്‍ക്കും. വര്‍ഗീയതയുടെ വിഷവിത്തു പാകുന്ന ബിജെപിയെയും ധാര്‍ഷ്ട്യത്തിന്റെ ആഭരണം അണിഞ്ഞ സിപിഎമ്മിനേയും അവര്‍ പടിക്കു പുറത്തു നിര്‍ത്തുക തന്നെ ചെയ്യും.
പുതുപ്പള്ളിയില്‍ ഇനി ചാണ്ടി ഉമ്മന്‍ വസന്തം വിരിയും…