ജെയിംസ് കൂടല്‍
(ചെയര്‍മാന്‍, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്, യുഎസ്എ)
ചരിത്രത്തില്‍ പ്രത്യേകമായൊരു സ്ഥാനമുണ്ട് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്. ജനകീയനായ ഉമ്മന്‍ ചാണ്ടിയുടെ അഞ്ചര പതിറ്റാണ്ടിലേറെ നീണ്ടുനിന്ന പൊതുപ്രവര്‍ത്തന ജീവിതത്തിന്റെ തുടര്‍ച്ചയായി ആരു വരുന്നു എന്നതുകൊണ്ടു മാത്രമല്ല അത്. ഉമ്മന്‍ ചാണ്ടിയെന്ന നേതാവിന് കേരളം നല്‍കിയ വീരോചിതമായ യാത്രയയപ്പിനെ ലോകം തന്നെ അത്ഭുതത്തോടെ നോക്കിയതുകൊണ്ടുമല്ല. തുടര്‍ച്ചയായി രണ്ടാമൂഴവും കേരളഭരണത്തിലേറിയ പിണറായി സര്‍ക്കാരിനുള്ള വിധിയെഴുത്താകും എന്നതുകൊണ്ടാണ്.
പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് ഉത്സവം കൊട്ടിക്കയറുമ്പോള്‍ കേരളം ഓണലഹരിയിലേക്ക് എത്തിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഈ ഉപതിരഞ്ഞെടുപ്പിനും കൃത്യമായ പ്രധാന്യമുണ്ട്. കേരളീയരുടെ ഏറ്റവും വലിയ ഈ ആഘോഷത്തെ സര്‍ക്കാര്‍ എങ്ങനെയാണ് സമീപിക്കുന്നത് എന്നതടക്കം തിരഞ്ഞെടുപ്പില്‍ മുഖ്യഘടകമാകും. ചുരുക്കത്തില്‍ പുതുപ്പള്ളിയില്‍ ചര്‍ച്ചയാവുക രാഷ്ട്രീയം മാത്രമല്ല, സര്‍ക്കാരിനുള്ള വിധിയെഴുത്തു കൂടിയാകും.
നിലവിലെ കേരളത്തിലെ സാമൂഹിക സാഹചര്യം നമുക്കൊന്നു പരിശോധിക്കാം. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ കാണം വിറ്റും ഓണമുണ്ടേണ്ട അവസ്ഥ. വിലക്കയറ്റം, ഭക്ഷ്യ വസ്തുക്കളുടെ ക്ഷാമം, പൂഴ്ത്തി വയ്പ്പ് എന്നിങ്ങനെ ജനത്തെ വലയ്ക്കുന്ന പ്രതിഭാസങ്ങളാണ് എങ്ങും. അതിനൊപ്പം അഴിമതി ആരോപണത്തില്‍ വിധേയരായ മുഖ്യമന്ത്രിയും കുറേ പരിവാരങ്ങളും. അപ്പോഴും നിശബ്ദത മാത്രമാണ് അവരുടെ മറുപടി. ഇതൊക്കെ കണ്ട് മനം മടുത്ത വലിയൊരു വിഭാഗം ഇന്ന് കേരളത്തിലുണ്ട്. അവരുടെ പ്രതിനിധികള്‍ തന്നെയാണ് പുതുപ്പള്ളിയിലേതും. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിലും ഇതൊക്കെ സ്വാധീനിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യും. ക്ഷേമ പെന്‍ഷനുകളില്‍ മാത്രം ഒതുങ്ങി പോയ സര്‍ക്കാര്‍ ഇതൊന്നും ലഭിക്കാത്ത കുറേ പാവങ്ങളെ മറന്നുവെന്നു സാരം.
സഹതാപതരംഗം അലയടിക്കുന്ന രാഷ്ട്രീയ സാഹചര്യമൊക്കെ കേരളത്തില്‍ അസ്തമിച്ചു. പുരോഗമന ആശയങ്ങള്‍ പിന്തുടരുന്ന, മാറ്റത്തിനൊപ്പം നിലകൊള്ളുന്ന അവര്‍ പുതുപ്പള്ളിയിലും ഭരണം വിലയിരുത്തുക തന്നെ ചെയ്യും. ജീവിക്കുക എന്നതിനേക്കാള്‍ വലിയൊരു സമരമില്ലല്ലോ മനുഷ്യന്. അതുകൊണ്ട് അവരുടെ നിത്യജീവിതത്തില്‍ സ്വാധീനിക്കുന്ന എല്ലാ കാര്യങ്ങളും തിരഞ്ഞെടുപ്പിലും അവര്‍ ചര്‍ച്ച ചെയ്യുക തന്നെ ചെയ്യും.
ഇനി രാഷ്ട്രീയം മറന്ന് നമുക്ക് ചര്‍ച്ച ചെയ്യാം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മന്‍ നടത്തുന്ന പ്രചരണങ്ങള്‍ ആവേശമുണ്ടാക്കുന്നതാണെന്ന് പറയാതെ വയ്യ. ജനകീയനായ നേതാവിന്റെ പുത്രന്‍ ഒട്ടും പിന്നിലല്ലെന്ന് ആ പ്രവര്‍ത്തികള്‍ നമ്മോട് സംവദിക്കുന്നുണ്ട്. എങ്ങും ലഭിക്കുന്ന സ്വീകരണങ്ങളും പ്രതികരണങ്ങളും അത്ഭുതമുണ്ടാക്കുന്നതാണ്. പുതുപ്പള്ളിയിലെ വികസനം നമുക്ക് ചര്‍ച്ച ചെയ്യാം, സര്‍ക്കാരിനുളള വിധിയെഴുത്താകും തിരഞ്ഞെടുപ്പ് എന്നൊക്കെ ചാണ്ടി ഉമ്മന്‍ ആര്‍ജ്ജവത്തോടെ പറയുമ്പോഴും ജെയ്ക്കിന് മറുപടിയില്ല. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ജനക്ഷേമ തല്‍പരമായുള്ളതാണെങ്കില്‍ എന്തുകൊണ്ടാണ് സര്‍ക്കാരിനുള്ള വിധിയെഴുത്താണ് ഈ തിരഞ്ഞെടുപ്പെന്ന് ധൈര്യപൂര്‍വം പറയാന്‍ ഗോവിന്ദന്‍ മാഷും ജെയ്ക്കുമൊക്കെ തയാറാകാത്തത്. തിരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ട് അവര്‍ സ്വയം ഒളിക്കുകയാണിപ്പോള്‍. സഹതാപതരംഗമെന്ന വാക്കുപയോഗിച്ച് ചാണ്ടി ഉമ്മനെ നേരിടാനും ഒരുങ്ങുകയാണ്.
എന്തായാലും സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പ്. അത്രമേല്‍ വിവാദങ്ങളില്‍ മുങ്ങി താണു കഴിഞ്ഞു പിണറായി വിജയനും കൂട്ടരും. പുതുപ്പള്ളിയില്‍ അവര്‍ ആഞ്ഞുപിടിച്ചിട്ടും അവര്‍ക്ക് ചാണ്ടി ഉമ്മനൊപ്പമെത്താന്‍ കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പില്‍ വികസനം ചര്‍ച്ച ചെയ്യാന്‍ വെല്ലുവിളിക്കുക മാത്രം ചെയ്തു രക്ഷപ്പെടുന്ന സിപിഎം പരാജയം മുന്നില്‍ കണ്ടു കഴിഞ്ഞു. എന്തായാലും പെട്ടി പൊട്ടുമ്പോള്‍ കേള്‍ക്കാം പുതിയ സിപിഎം പരാജയ ക്യാപ്‌സൂളുകള്‍.