ജെയിംസ് കൂടൽ
ചെയർമാൻ, ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്, യുഎസ്എ
ഉമ്മൻ ചാണ്ടിയുടെ പൊതുപ്രവർത്തനത്തിനെ രണ്ടു കാലഘട്ടങ്ങളായിട്ടാകും കാലം ഓർത്തെടുക്കുക, മരണത്തിന് മുൻപും ശേഷവും. എന്തുകൊണ്ട് ഈ വേർതിരിവ് എന്ന ചോദ്യത്തിനും പ്രസക്തി ഏറെയാണ്. അത്രമേൽ ആ ജീവിതം കേരളത്തിന് ഇന്നൊരു ചർച്ചാ വിഷയമാണ്. നന്മയുടെ പൂക്കാലം തീർത്തും സാന്ത്വനത്തിന്റെ കരുതലൊരുക്കിയും ഉമ്മൻ ചാണ്ടി മറ്റുള്ളവർക്ക് ദൈവതുല്യനായി പ്രവർത്തിച്ചപ്പോൾ പലരും അറിഞ്ഞില്ല. അദ്ദേഹവുമത് വെളിപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. അപ്പോഴും അനാവശ്യ വിവാദങ്ങളിൽ ആ പേര് വലിച്ചിട്ടു. ക്രൂരമായി അവഗണിച്ചു. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം സൽകർമ്മങ്ങൾ ഓരോന്നായി ലോകം അറിഞ്ഞു. വിവാദങ്ങളിൽ വലിച്ചിട്ടവർ പശ്ചാത്താപത്തിന്റെ ചക്രശ്വാസം വലിച്ചു. കാലം അദ്ദേഹത്തെ പുതുപ്പള്ളി പുണ്യാളനായി വരെ വാഴിച്ചു. ജനം ബാലറ്റിലൂടെ ചാണ്ടി ഉമ്മനൊപ്പം നിലനിന്നും ഐക്യപ്പെട്ടു.
ജീവിച്ചിരുന്ന കാലത്ത് ഉമ്മൻ ചാണ്ടിയ്ക്കെതിരെ ഉയർന്നു വന്ന ആരോപണങ്ങളോരോന്നും രാഷ്ട്രീയ അമ്പുകൾ മാത്രമായിരുന്നുവെന്ന് ഇന്ന് തെളിയിക്കപ്പെടുകയാണ്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയുടെ നിരപരാധിത്വം തെളിയിക്കുന്ന റിപ്പോർട്ട് സിബിഐയിൽ നിന്ന് പുറത്തുവന്നതും ശ്രദ്ധേയമാണ്. സത്യസന്ധനായ ഉമ്മൻ ചാണ്ടിയെ സോളാർ കേസിൽ വ്യാജമായി കൂട്ടിച്ചേർത്തത് ഗണേഷ് കുമാറാണ് എന്ന പുതിയ വാർത്ത ഓരോ പൊതുപ്രവർത്തകനും അപമാനമാണ്. പൊതുപ്രവർത്തനത്തിന്റെ നേരു കൂടിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. നേരും നെറിയുമില്ലാത്ത ഗണേഷ് കുമാറിന്റെ വ്യക്തിജീവിതത്തിലും പൊതുപ്രവർത്തനത്തിലും ഇതൊന്നും ഒരു പുത്തരിയാകില്ലെന്നും അറിയാം. അത്രമേൽ കളങ്കിതനാണല്ലോ ഈ എംഎൽഎ. പിതാവിനോടും ആദ്യ പങ്കാളിയോടും എങ്ങനെയായിരുന്നു ഈ മാന്യൻ എന്നൊക്കെ കേരള ജനതയ്ക്കറിയാം. അപ്പോൾ പിന്നെ ഉമ്മൻ ചാണ്ടിയോട് എന്തു മര്യാദ കാണിക്കാനാണ് ഈ പത്തനാപുരത്തുകാരൻ.
കേരള കോൺഗ്രസ് (ബി)യെ എന്നും തങ്ങളുടെ ഒപ്പം നിർത്തിയ പാരമ്പര്യമാണ് യുഡിഎഫിനുള്ളത്. ഗണേഷിനെ മന്ത്രിയാക്കി മുൻ നിരയിലും നിർത്തി. ചോദിക്കുന്നതൊക്കെ വാരിക്കോരി നൽകി. എന്നിട്ടും അഹങ്കാരത്തിന്റെ കിരീടമണിഞ്ഞ് മുന്നണി വിട്ടു. എന്നാൽ ഇന്ന് എന്തായി അവസ്ഥ? ഇങ്ങനൊരു പാർട്ടിയുണ്ടെന്നു തന്നെ പലരും മറന്നു. മന്ത്രിയാകാൻ നടന്ന ഗണേഷിനെ രണ്ടടി മാറ്റി നിർത്തി. പിന്നെ പറയാനുള്ളത് കുറേ പരാതിയും പരിഭവവും മാത്രം. ഇതൊക്കെ പറയുന്നത് എന്തെങ്കിലും മുന്നിൽ കണ്ടാണെങ്കിൽ ആ കഞ്ഞി ഇനി ഇവിടെ വേവില്ല. ഭരണം പൊളിഞ്ഞടുങ്ങുന്നതും സർക്കാർ വിരുദ്ധവികാരവുമൊക്കെ തിരിച്ചറിഞ്ഞ് ഇനി യുഡിഎഫിലേക്ക് ചാടാൻ ഉള്ളിലൊരു കൊതിയുണ്ടെന്നറിയാം.
അഭയമൊരുക്കിയ ഉമ്മൻ ചാണ്ടിയെ മറന്ന ഗണേഷ് കുമാർ പിണറായിയെയും ഒറ്റുന്ന കാലം വിദൂരമല്ല. ഗണേഷിന്റെ സംസ്കാരവും പാരമ്പര്യവും അതാണ്. ഒപ്പം നിൽക്കുന്നവരെ യൂദാസിനെപ്പോലെ ഒറ്റി സ്വന്തം നേട്ടം എപ്പോഴും ലക്ഷ്യമാക്കും. സമൂഹത്തിന് മാതൃകയായി തീരേണ്ടവരാണ് പൊതുപ്രവർത്തകർ. അവരുടെ ചിന്തകളും തീരുമാനങ്ങളുമാെക്കെ വലിയ ചർച്ചകളായി മാറേണ്ടതുമാണ്. അത്തരമൊരു സാഹചര്യത്തിലാണ് ഗണേഷ് കുമാറിന്റെ ഈ നീചമായ നടപടി. നീതിമാനായ ഒരു മുഖ്യമന്ത്രിയെ എങ്ങനെ കുടുക്കാമെന്നതിന് അദ്ദേഹം മെനഞ്ഞ തന്ത്രങ്ങൾ കുറച്ചൊന്നുമല്ല. അത് ആളിക്കത്തിക്കുകയും പൊതുസമൂഹത്തിൽ ആ മാന്യനെ കളങ്കിതനാക്കുകയും ചെയ്തു. വ്യക്തി താൽപര്യങ്ങൾക്കു വേണ്ടി അദ്ദേഹം ആദർശങ്ങൾ മറന്നു. സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി താനൊരു പൊതുപ്രവർകനാണെന്ന സത്യത്തെ പോലും അവഹേളിച്ചു. സത്യം പുറത്തു വരുമ്പോൾ ഗണേഷ് കുമാർ എം എൽ എ സ്ഥാനം രാജി വെച്ച് പൊതുസമൂഹത്തിനോട് മാപ്പു പറയണം. അല്ലെങ്കിൽ ഉമ്മൻ ചാണ്ടിയെ അത്രത്തോളം വാഴ്ത്തുന്ന ലോകം കെ.ബി. ഗണേഷ് കുമാറിന് ഒരു കാലത്തും മാപ്പ് നൽകില്ല.