തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ടെനി ജോപ്പന്റെ അറസ്റ്റ് ഉമ്മന്‍ ചാണ്ടി അറിഞ്ഞിരുന്നില്ല എന്നതിന് താന്‍ ദൃസാക്ഷിയായിരുന്നുവെന്ന് ഒഐസിസി നേതാവ് ജെയിംസ് കൂടല്‍. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് മുന്‍ മന്ത്രി കെ. സി ജോസഫും സമാനമായരീതീയില്‍ പ്രതികരിച്ചിരുന്നു. കെ. സി. ജോസഫിന്റെ വാക്കുകള്‍ ശരിവയ്ക്കുംവിധമാണ് ഇപ്പോള്‍ ജെയിംസ് കൂടലും പ്രതികരിച്ചിരിക്കുന്നത്. നിലവില്‍ യുഎസ്സില്‍ നിന്നുള്ള ലോക കേരളസഭ അംഗവും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്എ ചെയര്‍മാനുമാണ് ജെയിംസ് കൂടല്‍.
ബെഹ്‌റനില്‍ ഉമ്മന്‍ ചാണ്ടി യുഎന്‍ പുരസ്‌കാരം വാങ്ങാനായി എത്തുമ്പോള്‍ ബെന്നി ബെഹന്നാന്‍ വഴിയാണ് ജോപ്പന്റെ അറസ്റ്റ് ഉമ്മന്‍ ചാണ്ടി അറിഞ്ഞതെന്ന് ജെയിംസ് കൂടല്‍ പറയുന്നു. യുഎന്‍ പുരസ്‌കാരം സ്വീകരിക്കാനെത്തിയ ഉമ്മന്‍ ചാണ്ടിയ്‌ക്കൊപ്പം അന്ന് പ്രഭാത ഭക്ഷണം കഴിക്കാന്‍ ഞാനുമുണ്ടായിരുന്നു. ഒഐസിസി ഗ്ലോബല്‍ ട്രഷററായിരുന്നു ഞാനന്ന്. കെ. സി. ജോസഫും അന്ന് ഞങ്ങള്‍ക്കൊപ്പമുണ്ട്. പ്രഭാത ഭക്ഷണം കഴിക്കുന്നതിന് ഇടയില്‍ ഉമ്മന്‍ ചാണ്ടിയെ ഫോണില്‍ കിട്ടാതെ വന്നപ്പോള്‍ ബെന്നി ബെഹന്നാന്‍ തന്റെ ഫോണിലേക്കാണ് വിളിക്കുന്നത്. അപ്പോഴാണ് ജോപ്പനെ അറസ്റ്റു ചെയ്ത വിവരം ഉമ്മന്‍ ചാണ്ടി അറിയുന്നത്. അപ്രതീക്ഷിതമായ ആ വാര്‍ത്ത അദ്ദേഹത്തില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ അദ്ദേഹം അത് വിട്ടുകളഞ്ഞു. മാധ്യമങ്ങളില്‍ അത് വലിയ വാര്‍ത്തയായി മാറിയപ്പോഴും അദ്ദേഹമത് കാര്യമാക്കി എടുത്തില്ല. പുരസ്‌കാരവുമായി എത്തുന്ന ഉമ്മന്‍ ചാണ്ടിക്ക് അടുത്ത ദിവസങ്ങളില്‍ കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നീ സ്ഥലങ്ങളില്‍ വലിയ സ്വീകരണ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. എന്നാലിത് അതോടെ റദ്ദാക്കപ്പെട്ടു. എന്നാല്‍ പില്‍ക്കാലത്ത് ജോപ്പന്റെ അറസ്റ്റ് വിവാദമായപ്പോഴും അനാവാശ്യ വിവാദങ്ങളിലേക്ക് പോകാനും പ്രതികരിക്കാനും അദ്ദേഹം തയാറായില്ല. അന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഇതേപ്പറ്റി ഉമ്മന്‍ ചാണ്ടിയോട് ചോദിച്ചപ്പോള്‍ ആഭ്യന്തരവകുപ്പിന് അന്വേഷണത്തിന് പൂര്‍ണ സാതന്ത്ര്യം നല്‍കിയ ശേഷം പ്രതികരിക്കുന്നത് ശരിയല്ല എന്നാണ് പറഞ്ഞത്. അത് അദ്ദേഹത്തിന്റ രാഷ്ട്രീയ മാന്യയാണെന്നും ജെയിംസ് കൂടല്‍ പറയുന്നു.
സോളാര്‍ക്കേസ് വീണ്ടും ചര്‍ച്ചയാകുമ്പോഴാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്. ജോപ്പന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ഉയരുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടികൂടിയാണ് ഈ വെളിപ്പെടുത്തല്‍. ടെനി ജോപ്പന്റെ അറസ്റ്റ് ഉമ്മന്‍ ചാണ്ടിക്ക് സര്‍പ്രൈസ് ആയിരുന്നുവെന്ന് കഴിഞ്ഞ ദിവസം കെ. സി. ജോസഫും പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.