ജെയിംസ് കൂടൽ
പരിഹാരശ്രമങ്ങൾക്ക് ഫലമുണ്ടാകാത്ത സമസ്യയായി തുടരുകയാണ് ഗാസയിലെയും ഇസ്രയിലിലെയും വെടിമുഴക്കങ്ങൾ. ചരിത്രത്തിലെ പാലസ്ഥതിൻ എന്ന സുന്ദരഭൂമി മരണദേശമാക്കി മാറ്റിയതിൽ ലോകത്തിനാകെ പങ്കുണ്ടന്നുളള കാര്യം വിസ്മരിക്കാനാകില്ല. ലോകമഹായുദ്ധത്തെ തുടർന്നുണ്ടായ ഇടപെടലുകളാണ് പാലസ്തീൻ വിഭജനത്തിന് കാരണം. മതത്തെ മുഖമുദ്രയയാക്കിയവർക്ക് പാലസ്തീൻ വിഭജനം അനിവാര്യതയായിരുന്നു. ബ്രീട്ടീഷ് സാമ്രാജ്യം അതിന് നേതൃത്വം നൽകി. ജൂതൻമാരെയും ക്രിസ്ത്യാനികളെയും മുസ്ളീംങ്ങളെയും ഭിന്നിപ്പിച്ചുള്ള ഭരണമായിരുന്നു തന്ത്രം. ജറുസലെമിനെ അന്താരാഷ്ട്ര നഗരമാക്കിയുള്ള ഭരണക്രമത്തിനും തുടക്കമിട്ടു. എന്നാൽ മൂന്ന് വിഭാഗത്തിനും ജറുസലെമിലായിരുന്നു കണ്ണ്. രണ്ടാംലോകമഹായുദ്ധത്തിന് ശേഷം എെക്യരാഷ്ട്ര ഇടപെട്ട് പാലസ്ഥിൻ വിഭജനത്തിന് നടത്തിയ ശ്രമങ്ങളും സംഘർഷത്തിന് ആക്കം കൂട്ടിയതെയുള്ളു. ഇസ്രയേൽ എന്ന രാജ്യം രൂപപ്പെട്ടതോടെ ജൂതൻമാർ സംഘശക്തിയായി മാറി. കുടിയേറ്റം വ്യാപകമായി ഇസ്രയേൽ കരുത്തൻമാരായി മാറിയതോടെ പാലസ്ഥീൻ ജനത ആക്രമണത്തിന് ഇരയായി. സന്ധിയില്ലാതെ മിസൈലുകളും പീരങ്കികളും തീ തുപ്പി. ഗാസിയിലും വെസ്റ്റ് ബാങ്കിലും ചിതറക്കിടന്ന പാലസ്തീൻ ജനത നിരന്തരം ആക്രമിക്കപ്പെട്ടു. പലായാനങ്ങളും കൂട്ടക്കുരുതിയും പതിവായി. സർവതും തകർന്ന പാലസ്തീൻ ജനത ഗാസയിൽ കൂട്ടക്കുരുതിക്ക് ഇരയായി. ഹമാസ് എന്ന തീവ്രസ്വഭാവികൾ നടത്തിയിരുന്ന പ്രത്യാക്രമണങ്ങൾ മാത്രമായിരുന്നു ദുർബലമായ പ്രതിരോധം.
യുദ്ധം എന്ന് അവസാനിക്കുമെന്ന് ആർക്കും പ്രവചിക്കാനാവാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ കുഞ്ഞുങ്ങളും സ്‌ത്രീകളും രോഗികളും യുദ്ധത്തിന്റെ ഇരകളാകാതിരിക്കാൻ ഇരുകൂട്ടരുടെ ഭാഗത്തുനിന്നും ശ്രദ്ധയുണ്ടാകണം. അതുപോലെ തന്നെ ഗാസയിലെ സംഘർഷഭൂമിയിൽ നിന്ന് ജനങ്ങൾക്ക് സുരക്ഷിതരായി പുറത്തുകടക്കാൻ അവസരമൊരുക്കുന്നതിന് യു.എൻ ഇടപെടേണ്ടതാണ്. ഹമാസ് തെക്കൻ ഇസ്രയേലിൽ നടത്തിയ മിന്നലാക്രമണത്തിന് പ്രതികാരമായി ഇസ്രയേൽ ആരംഭിച്ചിരിക്കുന്ന വ്യോമാക്രമണങ്ങളിൽ ഗാസ ഒരു വൻ ദുരന്തഭൂമിയായി മാറിയിരിക്കുകയാണ്.
എന്നാൽ ഇപ്പോൾ പാലസ്തീനികൾ അപ്രതീക്ഷിതമായി നടത്തിയ ആക്രമണം ഇസ്രയേലിന് ഞെട്ടിച്ചിരിക്കുകയാണ്.
പ്രത്യോക്രമണങ്ങൾ സകല സീമകളും ലംഘിച്ചാണ് നടക്കുന്നത്. യുദ്ധനീതിയില്ലാത്ത ആക്രമണത്തിൽ ആയിരങ്ങൾക്ക് ജീവൻ നഷ്ടമായി. കോൺക്രീറ്റ് അവശിഷ്ടങ്ങളും അവയ്ക്കിടയിൽ കുടുങ്ങുന്ന നിലവിളികളും. മിസൈലാക്രമണം തുടരുകയാണ്. ആശുപത്രികൾ പോലും ആക്രമിക്കപ്പെടുന്നു. ആരോഗ്യപ്രവർത്തകരും സന്നദ്ധഭടൻമാരും കൊലപ്പെടുന്നു. ഗാസയിൽ വ്യോമാക്രമണത്തിൽ നൂറുകണക്കിന് കെട്ടിടങ്ങളാണ് നിലംപൊത്തിയത്. കുഞ്ഞുങ്ങളുടെ നിലവിളികളിൽ ലോകം നടുങ്ങുകയാണ്. ലോകരാഷ്ട്രങ്ങൾ ഇടപെടുന്നുണ്ടെങ്കിലും സമാധാനത്തിനുള്ള ശ്രമങ്ങൾ വിഫലമാകുകയാണ്. പക്ഷം ചേരാനുള്ള വ്യഗ്രതയാണ് സാമ്രാജ്യത്വ ശക്തികൾ കാട്ടുന്നത്. സമാധാനം പുലരണമെങ്കിൽ ഇനിയും ഇടപെടലുകൾ അനിവാര്യമാണ്. ലോകത്തെ യുദ്ധതാവളമാക്കാനുള്ള സാമ്രാജ്യത്വശ്രമങ്ങൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. ജീവൻ നഷ്ടമാകുന്നത് മനുഷ്യർക്കാണെന്നുള്ള ബോധം ഉണ്ടാകാത്ത കാലത്തോളം വരാൻ പോകുന്നത് നഷ്ടങ്ങളുടെയും നിലവിളികളുടെയും ഭൂമുഖം ആയിരിക്കും.