കേരളത്തിൽ നിന്ന് മത്സരിച്ച് ജയിച്ച് എം.പിയാകാൻ ഒരുങ്ങുന്ന സിനിമാനടന് വനിതാ മാധ്യമ പ്രവർത്തകയോട് തോന്നിയ വാത്സല്യം ഏങ്ങനെ കേസാകും എന്ന വാദപ്രതിവാദങ്ങൾക്ക് നടുവിലാണ് കഴിഞ്ഞ രണ്ടുദിവസമായി മലയാളി സമൂഹം. സുരേഷ് ഗോപി എന്ന നടന് മാധ്യമപ്രവർത്തകയോട് തോന്നിയ വാത്സല്യം എന്ന പ്രതിരോധമൊരുക്കി ബി.ജെ.പി സംഘപരിവാർ സംഘങ്ങൾ മുഖം രക്ഷിക്കാൻ ശ്രമം നടത്തുമ്പോൾ, എന്തുകൊണ്ട് വനിതകളോട് മാത്രം ഇത്തരം പിതൃസഹോദര വാത്സല്യം ഉണ്ടാകുന്നുവെന്ന മറുചോദ്യവും ഉന്നയിക്കപ്പെടുന്നു.
നടൻ അപമര്യാദയായി പെരുമാറി എന്ന മാധ്യമ പ്രവർത്തകയുടെ വാക്കുകൾ ചെവിക്കൊളളാതിരിക്കാൻ ആവില്ല. അവരുടെ പരാതിയെ സാധൂകരിക്കുന്ന ദൃശ്യങ്ങൾ തെളിവാകുന്നുവെന്നത് തന്നെയാണ് അതിന് കാരണം. പിന്നെ മാപ്പ് പറഞ്ഞു മുഖം രക്ഷിക്കുകയെന്ന പതിവ് ആയുധം തന്നെ ആശ്രയം. മാപ്പ് പറഞ്ഞില്ലേ …എന്ന വനിതാ നേതാക്കളുടെ മറുപടിയിൽ പോലുമുണ്ട് ഒരു കുറ്റസമ്മതം. അല്ലെങ്കിൽ തന്നെ മാപ്പിൽ തൃപ്തിപ്പെടേണ്ട കാര്യമണോ ഇത് എന്ന് പരാതിക്കാരിയാണ് തീരുമാനിക്കേണ്ടത്.
പൊതുസമൂഹത്തിന് മുന്നിൽ അപമാനിക്കപ്പെടുമ്പോൾ, അത് എന്തിന്റെ പേരിലായാലും വാത്സല്യമായാലും മറ്റ് എന്തു മനോഭാവമായാലും എതിർക്കപ്പെടേണ്ടത് തന്നെയാണ്. അതിന് രാഷ്ട്രീയത്തിന്റെയോ ജാതിയുടെയോ നിറം നൽകേണ്ടതിന്റെ കാര്യമില്ല. ചോദ്യങ്ങൾ ചോദിക്കുന്നവരെ മറുചോദ്യങ്ങൾ കൊണ്ട് നിശബ്ദരാക്കുന്ന രാഷ്ട്രീയ തന്ത്രങ്ങൾക്ക് മീതെയാണ് ഇപ്പോഴത്തെ വാത്സല്യ പ്രതിരോധം. ചുമരിൽ തഴുകി അധിശത്വം ഉറപ്പാക്കുന്ന മാടമ്പി പ്രയോഗം സുരേഷ് ഗോപി പൊടിതട്ടി എടത്തുവെന്ന് വേണം കരുതാൻ. ദൈർഘ്യമുള്ള നോട്ടം പോലും കുറ്റകരമായ ഒരു രാജ്യത്ത് ഒരാളുടെ അനുവാദം ഇല്ലാതെ അവരുടെ ശരീരത്തിൽ തൊടുക എന്നത് എങ്ങനെ ശിക്ഷ ലഭിക്കാത്ത കുറ്റമായി മാറും?
വാദങ്ങൾക്കും മറുവാദങ്ങൾക്കും നടുവിൽ ഇവിടെ അപമാനിക്കപ്പെടുന്നവരുടെ പക്ഷം ചേരേണ്ടതിന്റെ ആവശ്യകതയുണ്ട്. മാധ്യമ പ്രവർത്തകയുടെ നാവിനെ നിശബ്ദമാക്കുകയെന്ന തന്ത്രമാണ് നടന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. അതിന് വാത്സല്യത്തിന്റെ മേമ്പോടി കലർത്തിയുള്ള ഒരു പ്രയോഗം. അത് മാത്രമാകാം സുരേഷ് ഗോപി ഉദ്ദേശിച്ചത്. എന്നാൽ അത് കടുത്ത കുറ്റകൃത്യമായി മാറി. മറ്റൊരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള ലംഘനമായി. തുല്യത എന്ന അടിസ്ഥാന തത്വത്തിൻ മേലുള്ള ചോദ്യം ചെയ്യലായി. മാധ്യമ പ്രവർത്തകയുടെ തൊഴിൽ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായി.
വാത്സല്യം എന്ന ഓമനപ്പേരിൽ നിസാരവത്കരിക്കാമെങ്കിലും അതിന്റെ പേരിൽ മുറിവേറ്റവരുടെ വാക്കുകൾ ചെവിക്കൊണ്ടേ മതിയാകൂ. പുരുഷാധികാരത്തിന്റെ രക്ഷകർത്യ മനോഭാവം തിരിച്ചറിയേണ്ടത് തന്നെയാണ്. അത് ഇവിടെയെന്നല്ല, ഏത് സാഹചര്യത്തിലും. അതിന് നടൻ എന്നോ രാഷ്ട്രീയക്കാരനെന്നോ മാധ്യമ പ്രവർത്തകൻ എന്നോ ഉള്ള പരിഗണന നൽകേണ്ടതില്ല. പരാതിക്കാരിയുടെ പേരിൽ ജാതിയുടെ സൂചനയുള്ളതിനാൽ കേസിന് കാരണക്കാർ എതിർരാഷ്ട്രീയത്തിലെ ചില പ്രത്യേക സമുദായക്കാർ ആണെന്നുള്ള പ്രചാരണവും രാഷ്ട്രീയ പാപ്പരത്തം നിറഞ്ഞതാണ്.
തുല്യത പൊതുയിടത്തിലെ അവകാശമായ രാജ്യത്ത് തിരുത്തേണ്ടത് വാത്സല്യം ആണെങ്കിൽ തിരുത്തുക തന്നെ വേണം. രാഷ്ട്രീക്കാരനായും സിനിമാനടനായും നമുക്ക് മര്യാദയ്ക്ക് പെരുമാറാം.



