ജെയിംസ് കൂടൽ
ബാല്യത്തെ പിച്ചിച്ചീന്തുന്ന നരാധമൻമാർക്ക് കനത്ത പ്രഹരവും സമൂഹത്തിനാകെ ഓർമപ്പെടുത്തലുമായി ശിശുദിനത്തിലുണ്ടായ എറണാകുളം പോക്‌സോ കോടതിയുടെ ചരിത്രവിധി. അസ്ഫാക് ആലം എന്ന ബീഹാർ സ്വദേശിയായ കൊടുംക്രിമിനലിന്രെ ക്രൂരതയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ അഞ്ചു വയസുകാരി മകൾക്കാണ് ജീവൻ നഷ്ടമായത്. വധശിക്ഷയും അഞ്ച് ജീവപര്യന്തവുമാണ്. പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ച ജഡ്ജി കെ.സോമനാണ് നീതിന്യായ വ്യവസ്ഥയിൽ തങ്കലിപികളിൽ എഴുതിയ വിധി പ്രസ്താവം നടത്തിയത്.
കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകൽ, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവുനശിപ്പിക്കൽ തുടങ്ങി 13 കുറ്റങ്ങൾ കോടതി ശരിവെച്ചു. കഴിഞ്ഞ ജൂലൈ 28 നാണ് ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ മകൾ അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആലുവ മാർക്കറ്റിന് സമീപം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
കേരളം തരിച്ചുനിന്നുപോയ അതിദാരുണമായ സംഭവമായിരുന്നു ഇത്. ആദ്യം പൊലീസിനെ ഒന്നാകെ പ്രതികൂട്ടിലാക്കുന്ന തരത്തിലായിരുന്നു സംഭവ വികാസങ്ങൾ. അടുത്ത ദിവസം കുട്ടിയുടെ മൃദേഹം കണ്ടതോടെ ജനരോഷം ആളി. എന്നാൽ പഴുതടച്ച അന്വേഷണം ആണ് തുടർന്നങ്ങോട്ട് പൊലീസ് നടത്തിയത്. പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. പ്രതിയെ തിരിച്ചറിഞ്ഞതോടെ തന്ത്രപരമായി കുരുക്കി. 30 ദിവസത്തിനുള്ളിൽ കുറ്റപത്രം വന്നു. ഒക്ടോബർ 4 ന് തുടങ്ങിയ വിചാരണ 26 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി. പ്രതിക്ക് ഒരു നിയമ പരിരക്ഷയും കിട്ടാതെ വിധത്തിൽ കുററപത്രവും സമർപ്പിക്കാനായി. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 16 കുറ്റങ്ങളാണ് ചുമത്തിയത്. വധ ശിക്ഷയ്ക്ക് പുറമേ അഞ്ചു ജീവപര്യന്തവും വിധിയിലുണ്ട്. ജീവിതാവസാനം വരെയാണ് ജീവപപര്യന്തത്തിന്രെ കാലയളവ്. കുട്ടിയുടെ വീടിനടുത്ത് തന്നെയായിരുന്നു അസ്ഫാക്കും താമസിച്ചിരുന്നത്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ച് ആലുവ മാർക്കറ്റിലെ മാലിന്യകൂമ്പാരത്തിന് പിന്നിലെത്തിച്ച് മദ്യം കുടിപ്പിച്ചായിരുന്നു ക്രൂരമായി പീഡനത്തിന് ഇരയാക്കിയത്.
ആദ്യമായി വധശിക്ഷ വിധിച്ച പോക്‌സോ കേസ് എന്ന നിലയ്ക്ക് ആലുവ കൊലക്കേസ് വരുംനാളുകളിലും നിയമലോകം പ്രത്യേക ശ്രദ്ധയോട് വീക്ഷിക്കും. പ്രതി അസ്പാക് ആലത്തിന് മേൽക്കോടതിയിൽ പോകാം. അവിടെയും ശിക്ഷ ഉറപ്പാക്കിയാൽ പ്രസിഡന്റിന് മുന്നിൽ ദയാഹർജി നൽകാം. എന്നാൽ ഇതുകൊണ്ടൊന്നും ശിക്ഷയിൽ നിന്ന് വിടുതൽ ലഭിക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. മനുഷ്യാവകാശം പറഞ്ഞ് ചിലരൊക്കെ എത്തുമെങ്കിലും അഫക് ആലത്തിന് മരണ ശിക്ഷ നടപ്പാകുമെന്ന് തന്നെയാണ് നിയമ വിദഗ്ധർ കരുതുന്നത്.
സമൂഹത്തിനു നൽകുന്ന ശക്തമായ താക്കീതായ പോക്‌സോ കോടതിവിധിയെ ഖണ്ണിക്കാൻ മേൽ കോടതി തയ്യാറാവുമെന്ന് നിയമജ്ഞർ കരുതുന്നുമില്ല. കുട്ടികൾക്കെതിരായ അതിക്രമം വർധിക്കുന്ന സാഹചര്യത്തിൽ വധശിക്ഷയെന്ന അത്യാപൂർവ വിധിയെ പൊതുജനം സ്വീകരിക്കുന്ന കാഴ്യും മലയാളി സമൂഹത്തിനിടയിൽ ഉണ്ടായി. മധുരം വിതരണം ചെയ്തും നീതിന്യായ വ്യവസ്ഥയെ പ്രകീർത്തിച്ചും ജനം തെരുവിലിറങ്ങിയത് അതിന്രെ സൂചനയാണ്.
നീതിദേവതയുടെ കണ്ണുകൾ മൂടപ്പെട്ടിട്ടില്ലായെന്ന സത്യം രാജ്യത്തെ പൗരൻമാർക്ക് നൽകുന്ന സുരക്ഷിതത്വ ബോധം കൂടിയാണ്. ജൂഡിഷ്യറിയുടെ ശക്തി ജനാധിപത്യ രാജ്യത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതിന്റെ ഉദാരണം കൂടിയാണ് ഇപ്പോൾ ഉണ്ടായ ചരിത്രവിധി.