ജെയിംസ് കൂടൽ
ഉത്തരാഖണ്ഡിൽ തകർന്ന സിൽക്യാര – ദന്തൽഗാവ് ഹൈവേ തുരങ്കത്തിൽ കുടുങ്ങിയ 41തൊഴിലാളികൾ ജീവനായി കേഴുമ്പോഴും രക്ഷാദൗത്യങ്ങൾ തലകുനിച്ചു നിൽക്കുന്നത് രാജ്യത്തിനാകെ നാണക്കേടായി മാറിയിരിക്കുകയാണ്. തൊഴിലാളികളുടെ ബന്ധുക്കൾ പ്രതിഷേധിക്കുമ്പോഴും ഭരണസംവിധാനങ്ങൾ നോക്കുകുത്തിയാകുന്ന നിസഹായ കാഴ്ചയാണുള്ളത്. ഡ്രില്ലിംഗ് യന്ത്രം അവശിഷ്ടങ്ങൾക്കിടയിലെ ലോഹഭാഗങ്ങളിൽ തട്ടിയതോടെ പലപ്പോഴായായി രക്ഷപ്രവർത്തനം തടസപ്പെട്ടിരുന്നു. ഹൈപവർ ആഗർ ഡ്രില്ലിംഗ് യന്ത്രത്തിന്റെ പ്രവർത്തനം ഇപ്പോൾ പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. ഇപ്പോൾ എട്ടുദിവസമായി തുടരുന്ന രക്ഷാപ്രവർത്തനത്തിന് കാര്യമായ പുരോഗതി അവകാശപ്പെടാനാകില്ല. 25 മീറ്റർ തുരന്നതിനുശേഷമാണ് യന്ത്രത്തിന് കേടുപാടുകൾ സംഭവിച്ച് പ്രവർത്തനം നിലച്ചത്. വെള്ളിയാഴ്ച വൈകിട്ട് തകരാറിലായ അമേരിക്കൻ ഡ്രില്ലിംഗ് യന്ത്രത്തിന് പകരം പുതിയ യന്ത്രം ഇൻഡോറിൽ നിന്ന് വ്യോമസേനാ വിമാനത്തിൽ ധരാസുവിൽ
എത്തിച്ചിരുന്നു. അവിടെ നിന്ന് ട്രക്കിൽ 25 കിലോമീറ്റർ അകലെയുള്ള ടണലിന് സമീപം എത്തിച്ചിട്ടുണ്ട്. കേടായ യന്ത്രം മാറ്റി പുതിയ യന്ത്രം സ്ഥാപിക്കണം. ഇതിന് സമയം എടുക്കും. രക്ഷാദൗത്യം അത്രയും വൈകും. 27ടൺ രക്ഷാ ഉപകരണങ്ങളും എത്തിച്ചിട്ടുണ്ട്.
കുടുങ്ങിയ തൊഴിലാളികൾക്ക് നേരത്തേ സ്ഥാപിച്ച കുഴലുകൾ വഴി ഭക്ഷണവും വെള്ളവും മരുന്നും ഓക്സിജനും നൽകാനാകുന്നതാണ് ആശ്വാസം. ആശയവിനിമയവും നടക്കുന്നുണ്ട്. സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന കുടുംബാംഗങ്ങൾ പ്രാർത്ഥനയുമായി ടണലിന് മുന്നിലുണ്ട്. രക്ഷാപ്രവർത്തനം വെെകുംതോറും തൊഴിലാളികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യനില മോശമാകുന്നതും ആശങ്കയാകുന്നു. പുറത്തെത്തിച്ചാലുടൻ അടിയന്തര വൈദ്യസഹായത്തിന് എട്ട് കിടക്കകളുള്ള ആശുപത്രി സജ്ജമാണ്. വിദഗ്ദ്ധ ചികിത്സയ്ക്ക് കൊണ്ടുപോകാൻ സമീപത്തെ വിമാനത്താവളങ്ങളിൽ ഹെലികോപ്റ്ററുകളും റെഡിയാണ്. എന്നാൽ എങ്ങനെ പുറത്തെത്തിക്കും എന്ന കാര്യത്തിലാണ് ഇപ്പോഴും അവ്യക്തത തുടരുന്നത്.
ടണലിൽ 60 മീറ്ററോളം നീളത്തിൽ മണ്ണും പാറയും നിറഞ്ഞതിനും അതിനപ്പുറമാണ് തൊഴിലാളികളുള്ളത്. അവശിഷ്‌ടങ്ങളിലൂടെ 90 സെന്റീമീറ്റർ വ്യാസമുള്ള ഇരുമ്പ് കുഴലുകളാണ് ഡ്രില്ലിംഗ് യന്ത്രം തുരന്ന് കയറ്റുന്നത്.
ആറു മീറ്റർ നീളമുള്ള 10 കുഴലുകൾ ഇതിനായി വേണം. ഒരു കുഴൽ കയറ്റിയ ശേഷം അതിൽ അടുത്ത കുഴൽ വെൽഡ് ചെയ്ത് പിടിപ്പിക്കും. ഇങ്ങനെ അഞ്ച് കുഴലുകൾ കയറ്റിയപ്പോൾ യന്ത്രം തകരാറിലായി. ഇനി 30 മീറ്ററുണ്ട്. അഞ്ച് കുഴലുകൾ കൂടി കടത്തണം. കയർ കെട്ടിയ സ്ട്രെച്ചർ ഈ കുഴലിലൂടെ കടത്തി ഓരോ തൊഴിലാളിയെയും വലിച്ചു പുറത്തെത്തിക്കാനാണ് ഇപ്പോഴത്തെ ശ്രമം. അതേസമയം തൊഴിലാളികളുടെ ആരോഗ്യനില വഷളായാൽ ഇൗ ശ്രമം നടപ്പായെന്ന് വരില്ല. തുരങ്കത്തിന് മുകളിൽ നിന്ന് കുത്തനെ ഡ്രില്ല് ചെയ്‌ത് ദ്വാരമുണ്ടാക്കി അതിലൂടെ രക്ഷാപ്രവർത്തകർ ഇറങ്ങി ആളുകളെ പുറത്തെത്തിക്കുകയാണ് പിന്നീടുള്ള മാർഗം. ഇതിനായി പാറ 350 അടി താഴോട്ട് തുരക്കണം. പാറയുടെ മറുഭാഗത്തു നിന്ന് തൊഴിലാളികൾ കുടുങ്ങിയ ഇടത്തേക്ക് സമാന്തര തുരങ്കമുണ്ടാക്കിയുള്ള രക്ഷാമാർഗത്തിന് റെയിൽവേ പദ്ധതിയൊരുക്കിയെങ്കിലും ഒന്നും ഫലത്തിൽ നടപ്പായിട്ടില്ല. വികസനം കൊട്ടിഘോഷിക്കുന്ന രാജ്യം അപകടത്തിന് മുന്നിൽ നിസാഹയത അനുഭവിക്കുകയാണ്. ഇത്തരം ഘട്ടത്തിൽ ഉണ്ടാകേണ്ട അടിയന്തര ഇടപെടലുകളും വൈകുന്നു. വീഴ്ച മറയ്ക്കാനാണ് അധികൃതരുടെ ശ്രമം.
തുരങ്ക നിർമ്മാണത്തിനും ഗുരുതര വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്.
മൂന്ന് കിലോമീറ്ററിൽ അധികമുള്ള തുരങ്കങ്ങൾക്ക് രക്ഷാപാത നിർബന്ധമാണ്. എന്നാൽ നാലര കിലോമീറ്ററുള്ള സിൽക്യാര തുരങ്കത്തിൽ എമർജൻസി രക്ഷാപാതയില്ല. നിർമ്മാണ കമ്പനി ആ പാത നിർമ്മിക്കാത്തത് ഗുരുതര വീഴ്ചയാണ്.