Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'ഉമ്മൻ ചാണ്ടി എന്നും ജനമനസിൽ' ജെയിംസ് കൂടൽ എഴുതുന്നു

‘ഉമ്മൻ ചാണ്ടി എന്നും ജനമനസിൽ’ ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ (ഗ്ലോബൽ പ്രസിഡൻ്റ്, ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് )

സാന്ത്വന രാഷ്ട്രീയത്തിന്റെ പിതാവ്, സ്നേഹംകൊണ്ട് ബന്ധങ്ങളുടെ ഇഴയടുപ്പം കൂട്ടിച്ചേർത്ത മനുഷ്യസ്നേഹി, ഒടുവിൽ ഒരു നാെമ്പരമായി ഒാർമ്മയിലേക്ക് മറഞ്ഞപ്പോൾ ഹൃദയങ്ങളിൽ ഒരായിരം തവണ പുനർജനിച്ച പച്ചയായ മനുഷ്യൻ. ഉമ്മൻചാണ്ടി, പ്രതീക്ഷകളുടെ മറ്റൊരു നാമം. അടുത്തവരോട്, ആവശ്യം അറിയിച്ചവരോട് , സങ്ക‌ടങ്ങൾ പറഞ്ഞവരോട് എന്നും സഹിഷ്ണതയോടെ മാത്രം പെരുമാറിയിരുന്ന വലിയ ചിന്തകളുടെ വലിയ മാതൃകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടി സാറിനെ കാണാൻ എത്തിയവരാരും നിരാശരായി മടങ്ങേണ്ടി വന്നിട്ടില്ലായെന്ന് രാഷ്ട്രീയ കേരളം തുറന്നു സമ്മതിക്കും. വലിപ്പച്ചെറുപ്പമില്ലാതെ ജനങ്ങളിലൊരാളാകാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് വിസ്മരിക്കാനാകില്ല. തിരുവനന്തപുരത്ത് ഒരു മുഖവും പുതുപ്പള്ളിയിൽ മറ്റൊരു മുഖവുമായിരുന്നില്ല ഉമ്മൻ ചാണ്ടി.

ചീകിയൊതുക്കാത്ത മുടിയും ചുളിഞ്ഞ ഖദർ ഷർട്ടിന്റെ ആർഭാടരാഹിത്യവുമായി ആൾക്കൂട്ടത്തിന്റെ ഇടയിലേക്ക് ഇറങ്ങി ചെന്ന ഭരണാധികാരി ജനങ്ങൾക്കൊപ്പമായിരുന്നു, അവർ സ്വന്തമെന്ന് അദ്ദേഹത്തെ കരുതിപോന്നു.

പുതുപ്പള്ളി വീടും പുതുപ്പള്ളി മണ്ഡലവും അദ്ദേഹത്തിന് രണ്ടായിരുന്നില്ല. ആഴ്ചയിലൊരിക്കൽ പുതുപ്പള്ളിയിലെ വീട്ടിൽ എത്തുമ്പോൾ ആവശ്യങ്ങളുമായി നിരവധി പേർ അദ്ദേഹത്തെ കാത്തുണ്ടാകും. എത്ര രാത്രിയായാലും അവസാന ആളെയും കണ്ടശേഷമേ അദ്ദേഹം വിശ്രമിച്ചിരുന്നുള്ളു എന്നത് മാനുഷ്യകതയുടെ വലിയ ചിന്തയാണ് പകരുന്നത്.

ഉമ്മൻ ചാണ്ടിയുടെ സ്‌നേഹവാത്സല്യം എന്നും എന്തിനും അതീതമായിരുന്നു. ജാതിമത രാഷ്ട്രീയഭേദമില്ലാതെ അദ്ദേഹം ജനത്തെ കണ്ടു, അടുത്തറിഞ്ഞു. 53 വർഷത്തെ നിയമസഭാ ജീവിതത്തിലൂടെ ആ കാര്യം ബോധ്യവുമായതാണ്.

നവകേരളത്തിൽ ഇന്ന് നാം കാണുന്ന വികസന പ്രവർത്തനങ്ങൾക്ക് പിന്നിലെല്ലാം ഉമ്മൻ ചാണ്ടിയെന്ന വലിയ നാമമുണ്ട്. അത് ആരു ഒളിച്ചുവെച്ചാലും മറനീക്കി ജനഹൃദയങ്ങളിൽ തെളിഞ്ഞുകൊണ്ടിരിക്കും. സ്മാർട്ട് സിറ്റി, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂർ വിമാനത്താവളം, കാരുണ്യ ചികിത്സാ പദ്ധതി, ശ്രുതിതരംഗം, വയോമിത്രം, ആരോഗ്യകിരണം പദ്ധതികൾ, ഒരു രൂപയ്ക്ക് അരി, ഭൂരഹിതർക്ക് ഭൂമി, ജനസമ്പർക്ക പരിപാടി അങ്ങനെ നീളുന്നു നേട്ടങ്ങൾ. ആൾക്കൂട്ടത്തിന്റെ നേതാവ് എന്നതിനപ്പുറം ആധുനിക കേരളത്തിന്റെ വികസനനായകനായിരുന്നു പുതുപ്പള്ളിയുടെ സ്വന്തം ചാണ്ടി സാർ. കുപ്രചരണങ്ങൾ നടത്തി രാഷ്ട്രീയ വിശുദ്ധിക്കുമേൽ കരിവാരി തേൽക്കാൻ ശ്രമം നടത്തിയ രാഷ്ട്രീയ വൈരികൾക്ക് മുന്നിൽ പോലും പുഞ്ചിരിയുമായി നിന്ന് പ്രതിരോധമൊരുക്കുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. നേട്ടങ്ങൾ ഒന്നും തന്റെത് മാത്രമല്ലെന്നും ജനമാണ് രാജാവെന്നും വിശ്വസിക്കുന്ന രാഷ്ട്രീയമായിരുന്നു അദ്ദേഹം പിന്തുടർന്നത്. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ത്രിവർണ്ണങ്ങൾക്കും അപ്പുറം പുഞ്ചിരി തൂകുന്ന മുഖവുമായി ഉമ്മൻ ചാണ്ടി സാർ സ്മരണയിൽ നിറയുമ്പോൾ, കഴിഞ്ഞ ഒരു വർഷക്കാലം ആ വലിയ മനുഷ്യൻ നമുക്കൊപ്പം ഇല്ലായിരുന്നുവെന്ന് വിശ്വസിക്കാനാകുന്നില്ല. മരണമില്ലാത്ത സ്മരണയാണ് ആ ഒാർമ്മകൾ. രാഷ്ട്രീയ കേരളം എന്നും ആ നാമത്തോടെ കടപ്പെട്ടിരിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments