Thursday, November 14, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'മോദിയുടെ എന്തു ഗ്യാരന്റി?': ജെയിംസ് കൂടൽ എഴുതുന്നു

‘മോദിയുടെ എന്തു ഗ്യാരന്റി?’: ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ

മോദിയുടെ ഗ്യാരന്റി…. പുതിയൊരു വാക്കുമായി ആസന്നമായ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ് രാജ്യത്തെ ബി.ജെ.പി നേതൃത്വം. എന്നാൽ എന്താണ് ഗ്യാരന്റി, ആർക്കാണ് ഗ്യാരന്റി എന്ന കാര്യത്തിൽ വ്യക്തതയില്ല. കോർപ്പറേറ്റ് താത്പര്യങ്ങൾക്ക് മാത്രമാണോ ഗ്യാരന്റി എന്ന് സംശയിക്കപ്പെട്ടാൽ അതിശയോക്തിക്ക് വകയില്ല. അയോദ്ധ്യയിലെ രാമക്ഷേത്രം പ്രചരണായുധമാക്കി തിരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പി സന്നാഹം ഒരുക്കുമ്പോൾ മോദിയുടെ ഗ്യാരന്റി എന്ന പദപ്രയോഗവും തെറ്റിദ്ധാരണയ്ക്ക് വകയൊരുക്കുകയാണ്. എൽ.ഡി.എഫ് വരും എല്ലാം ശരിയാകും, ഉറപ്പാണ് എൽ.ഡി.എഫ്…. എന്നിങ്ങനെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പഴറ്റിയ അതേ ആയുധം മോദിയും ഇറക്കുകയാണ്. ഭരണപരാജയത്തെ മറയ്ക്കാൻ വാചക കസർത്ത് എന്ന തന്ത്രം വിശ്വത്കരിക്കുന്നത് ഇവിടെ കാണാനാകും. മോദിയുടെ വർഗീയ ചീട്ടിൽ രാജ്യം കീഴടങ്ങിയ സാഹചര്യത്തിലാണ് ഇന്ദ്രപ്രസ്ഥത്തിൽ നടുക്കമായി വീണ്ടും ട്രാക്ടർ പട ഇറങ്ങിയത്. തിരഞ്ഞെടുപ്പിനെ നേരിടാൻ ഇറങ്ങിത്തിരിച്ചവർക്ക് അത് വലിയ ആഘാതമായി. 2014 ലെ ലോകസഭ തിരഞ്ഞെടുപ്പ് സമയത്ത് കർഷകർക്ക് മോദി നൽകിയ വലിയൊരു ഗ്യാരന്റി പാലിക്കാതെ വന്നതോടെയാണ് കർഷകർ വീണ്ടും സമരരംഗത്ത് ഇറങ്ങിയത്. ഉദ്പാദനച്ചെലവിനെക്കാൾ ഉയർന്ന താങ്ങുവില കർഷകർക്ക് നൽകി ഉൽപ്പന്നങ്ങൾ സ്വീകരിക്കുമെന്ന ഉറപ്പാണ് പാലിക്കപ്പെടാതെ പോയത്. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പത്രികയിലും ഇൗ പരാമർശം ഉണ്ടായിരുന്നു. എന്നാൽ പത്ത് വർഷം പിന്നിട്ടിട്ടും ഇൗ ഉറപ്പ് പാലിക്കാനായില്ല.

രണ്ടു തവണ രാജ്യം ഭരിച്ചിട്ടും കർഷകർക്ക് നൽകിയ വാക്ക് പാലിക്കാതെ വന്നതോടെയാണ് രാജ്യതലസ്ഥാനം വളഞ്ഞുള്ള സമരം പ്രഖ്യാപനം കർഷക സംഘടനകൾ നടത്തിയത്. കേന്ദ്രസർക്കാർ കർഷകരുമായി നടത്തിയ ചർച്ചകൾ അലസിപ്പിരിഞ്ഞതിന് പിന്നാലെ തലസ്ഥാനം കലുഷിതമായി. ബി.ജെ.പിയുടെ ഉള്ളറകളിലും ഇത് അങ്കലാപ്പിന് കാരണമായിട്ടുണ്ട്. കർഷകരെ മറക്കുന്ന കേന്ദ്രം കോർപ്പറേറ്റുകളുടെ ഉറ്റ ചങ്ങാതിമാരാണന്ന ആക്ഷേപത്തിന് ശക്തിപകരുന്നതായി കർഷകരോടുള്ള സമീപനം. ടിയർ ഗ്യാസുകൾ പ്രയോഗിച്ചു വഴിയിൽ തടഞ്ഞും കർഷകരെ പീഡിപ്പിക്കുന്നതും രാജ്യം കണ്ടു. ജയ് ജവാൻ, ജയ് കിസാൻ… എന്ന് വിളിച്ചവർ കർഷകരുടെ അന്തരാകുന്നതും രാജ്യം ഞെട്ടലോടെ കണ്ടിരുന്നു.
അതേസമയം ചർച്ചകൾ ഫലംകാണാതായതോടെ പഞ്ചാബിൽ നിന്ന് ട്രാകറുകളുമായി കർഷകർ ഡൽഹി ലക്ഷ്യമാക്കി കടന്നുവന്നുകൊണ്ടിരുന്നു. ഹരിയാന അതിർത്തികളിൽ ഇവരെ പോലീസ് തടഞ്ഞു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ഹരിയാന -പഞ്ചാബ് അതിർത്തിയിൽ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

ഡൽഹിയുടെ സമീപ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഹരിയാണ എന്നിവിടങ്ങളിലാകെ കനത്ത നിയന്ത്രണങ്ങളും ജാഗ്രതയുമാണ്. ഡൽഹിയിൽ അതിർത്തികൾ അടച്ച് നിയന്ത്രണങ്ങൾക്ക് കടുപ്പിച്ചു. അതിർത്തികളിൽ ബഹുതലത്തിൽ ബാരിക്കേഡുകൾ നിരത്തി വാഹനഗതാഗതം നിയന്ത്രിച്ചിരുന്നു.
സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗത്തിന്റെയും കിസാൻ മസ്ദൂർ മോർച്ചയുടെയും നേതൃത്വത്തിൽ ഇരുന്നൂറിലേറെ കർഷക സംഘടനകളാണ് സമരത്തിലുള്ളത്. കർഷക സമരത്തിന്റെ കാലത്തെടുത്ത കേസുകൾ പിൻവലിക്കണം, സമരത്തിനിടെ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം എന്നതടക്കം നിരവധി ആവശ്യങ്ങളും അവർ ഉയർത്തുന്നുണ്ട്.

അതേസമയം കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്ത മോദി, കോർപ്പറേറ്റുകൾക്ക് കോടിക്കണക്കിന് രൂപയുടെ നികുതിയിളവും ആനുകൂല്യവും നൽകുന്നുമുണ്ട്. കർഷകർക്ക് മിനിമം ഗ്യാരന്റി നൽകാനാകാത്തവർ പിന്നെയെന്ത് ഗ്യാരന്റി രാജ്യത്തെ ജനത്തിന് നൽകുമെന്ന ചോദ്യമാണ് ഉയരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments