ജെയിംസ് കൂടല്‍
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രതീക്ഷയുടെ പുതുവസന്തത്തിന് കളമൊരുങ്ങുകയാണ്. ധീരമായ നിലപാടുകളും വേറിട്ട വ്യക്തിപ്രഭാവവുമായി ലോകത്തിനു മുന്നില്‍ ഇന്ത്യാ മുന്നണിയുടെ തേജസ്സായി പ്രിയങ്കാ ഗാന്ധിയുടെ ശബ്ദം ഇനി ഇന്ത്യന്‍ പാര്‍ലമെന്റിലും മുഴങ്ങി കേള്‍ക്കും. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പുതുപ്രതീക്ഷയും ശബ്ദവുമായി പ്രിയങ്ക ഗാന്ധി ഇന്ത്യന്‍ ജനതയുടെ ആവേശമായി മാറിക്കഴിഞ്ഞു. സാധാരണക്കാര്‍ക്കൊപ്പം കൈകോര്‍ത്തും ധീരമായ നിലപാടുകള്‍കൊണ്ട് മുന്നേറിയും ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷയായി മാറിയ ഇന്ദിരാഗാന്ധിയുടെ തുടര്‍ച്ചയും പുതുപിറവിയുമാണ് ഭാരതം പ്രിയങ്കയില്‍ നിന്നും കാത്തിരിക്കുന്നത്.
വയനാടിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇടം നേടിയയാണ് പ്രിയങ്ക കന്നിയങ്കം ജയിച്ചു കയറിയതു തന്നെ. പോളിംഗ് ശതമാനം വയനാട്ടില്‍ കുറഞ്ഞിട്ടും പ്രിയങ്ക വയനാട്ടില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിച്ചുവെങ്കില്‍ അതൊരു വെളിച്ചത്തിന്റെ സൂചനയാണ്. വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്രസര്‍ക്കാരിന്റെ അവഗണന കേരളത്തിനൊട്ടാകെ തിരിച്ചടിയായി നില്‍ക്കുന്ന വേളയില്‍ പ്രിയങ്ക ഗാന്ധിയുടെ ശബ്ദം നാടിന് മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയമില്ല. മോദിക്കും കേന്ദ്രസര്‍ക്കാരിനും ആ ശബ്ദത്തില്‍ നിന്ന് ഒളിച്ചോടാനും കഴിയില്ല. രാഹുലിനും സോണിയക്കും പിന്നാലെ പ്രിയങ്ക കൂടി പാര്‍ലമെന്റിലെത്തുന്നതോടെ ബിജെപിക്കെതിരെയുള്ള ഇന്ത്യാ സഖ്യത്തിന്റെ പോരാട്ടത്തിന് കരുത്തേറും. പ്രിയങ്കയുടെ വരവ് ദേശീയരാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്കും വഴിത്തിരിവുകള്‍ക്കും കാരണമാകുമെന്നതില്‍ സംശയമില്ല.
നെഹ്റു തുടങ്ങി വെച്ച ഒരു കോണ്‍ഗ്രസ്സ് പാരമ്പര്യമുണ്ട്. നിലപാടുകളിലും ആവേശത്തിലും കുടുംബത്തിലെ പിന്‍ഗാമികളും കാലമത്രയും കാത്തുസൂക്ഷിച്ച അഭിമാനമുള്ള പാരമ്പര്യം. ഇന്ദിരയും രാജീവും രാജ്യത്തിന്റെ പ്രതീക്ഷകളായതും അങ്ങനെ. പ്രിയങ്ക പുതുകാലത്തിന്റെ പ്രതീക്ഷയാണ്. കാഴ്ച്ചയില്‍ ഇന്ദിരയോടുള്ള രൂപസാദൃശ്യം ആ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ വെളിച്ചമേകുന്നു.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സംരക്ഷണവും അതിന്റെ പ്രാധാന്യവും അത്രമേല്‍ ചര്‍ച്ച ചെയ്യുന്ന കാലത്താണ് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം. തീപ്പൊരി ചിന്തുന്ന വാക്കുകളും ശക്തമായ നിലപാടുകളും അധികാരമാറ്റത്തിന്റെ ഹേതുവുമായി പ്രിയങ്ക മാറട്ടെ. ഇന്ദിരയ്ക്കുശേഷം കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ കൊടുങ്കാറ്റായും പ്രിയങ്ക ഗാന്ധി മാറട്ടെ.