ജെയിംസ് കൂടൽ
ബഹിരാകാശ സഞ്ചാരികളുടെ ജീവിതം പ്രവചനാതീതമാണ്. അപകടകരമായ സാഹചരങ്ങളിൽ ദീർഘനാൾ അതികഠിനമായ പരിശീലനം നടത്തിയാണ് ബഹിരാകാശ യാത്രയ്ക്ക് അവർ മനസും ശരീരവും ഒരുക്കിയെടുക്കുന്നത്. അതുകൊണ്ടു തന്നെ അമേരിക്കൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ (നാഷണൽ എയറനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്ട്രഷൻ ) പരിശീലനം പൂർത്തിയാക്കി സുനിതാവില്യംസിനും ബൂച്ച് വിൽമോറിനും അന്താരാഷ്ട്രാ ബഹിരാകാശ നലയിത്തിലേക്ക് പോകാൻ ആത്മധൈര്യവും നിശ്ചയദാർഢ്യവും അത്യുൽസാഹവും വേണ്ടുവോളമുണ്ടായിരുന്നു.
2024 ജൂൺ അഞ്ചിനാണ് സുനിതയും വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്. എട്ടു ദിവസത്തെ ദൗത്യവുമായി പോയവർ 286 ദിവസം ബഹിരാകാശത്ത് തങ്ങിയപ്പോൾ ഭൂമിയിലുള്ളവർക്ക് നെഞ്ചിടിപ്പായിരുന്നു. രണ്ടുപേരുടെയും മടങ്ങി വരവിനായി ലോകം പ്രതീക്ഷയോടും പ്രാർത്ഥനയോടും കാത്തിരുന്നപ്പോൾ നീട്ടിക്കിട്ടിയ നിലയ ദിവസങ്ങളിൽ സന്തോഷത്തോടെ പുതിയ പരീക്ഷണങ്ങളിലേർപ്പെട്ടിരിക്കുകയായിരുന്നു സുനിതയും ബൂച്ച് വിൽമോറും. ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപ്പണികൾ നടത്താനും നിലയത്തിൽ ഏറെ ദിവസങ്ങൾ നടക്കാനും നിരീക്ഷിക്കാനും എന്തിനേറെ, ചെടികൾ നടാനും വരെ സമയം കണ്ടെത്തി. നൂറ്റിയൻപതിലേറെ പരീക്ഷണങ്ങൾ ഇരുവരും നടത്തിയെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്. നിലയത്തിൽ ദീർഘനാൾ ചെലവിട്ടത് സുനിതയ്ക്കും വിൽമോറിനും മാനസികമായി ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയില്ല. പ്രതീക്ഷിക്കുന്നതിലും കൂടുതൽ സമയം ബഹിരാകാശ നിലയത്തിൽ കഴിയാനുള്ള തയ്യാറെടുമായാണ് അവർ യാത്രയായത്. സുനിതയുടെയും വിൽമോറിന്റെയും മടക്കയാത്ര വൈകിപ്പിച്ചത് അവരെ വഹിച്ചുകൊണ്ടുപോയ ബഹിരാകാശ കമ്പനിയായ ബോയിംഗിന്റെ സ്റ്റാർലൈൻ പേടകത്തിന്റെ ഹീലിയം ചോർച്ചയാണ്. മറ്റൊരു പേടകമായ സ്‌പേസ് എക്‌സിലായിരുന്നു മടക്കയാത്ര. ആകാശത്തു നിന്ന് ഒരു താഴികക്കുടം ഭൂമിയിലേക്കു വരുന്നപോലെയാണ് സുനിതയെയും ബൂച്ച് വിൽമോറിനെയും വഹിച്ചുകൊണ്ടുള്ള പേടകം മെക്‌സിക്കോ ഉൾക്കടലിൽ പതിച്ചത്. സുനിതയും വിൽമോറും ആഹ്‌ളാദത്തോടെയാണ് പേടകത്തിൽ നിന്ന് പുറത്തിറങ്ങിയത്.
ഭൂമിയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ നാസയുടെ പ്രത്യേക നിരീക്ഷണത്തിൽ കഴിയുകയാണ് ഇരുവരും. ഇരുവരുടെയും വിജയകരമായ ദൗത്യത്തിലും മടങ്ങിവരവിലും ശാസ്ത്രലോകത്തിനും നാസയ്ക്കും അഭിമാനിക്കാം. മറ്റൊരു ശാസ്ത്രാത്ഭുതം പോലെയാണ് ലോകം ഈ തിളങ്ങുന്ന നേട്ടത്തെ കണ്ടിരിക്കുന്നത്. സുനിതാ വില്യംസിന്റെ നേട്ടത്തിൽ ഇന്ത്യാക്കാർക്ക് പ്രത്യേകമായ സന്തോഷമുണ്ട്. ഗുജറാത്തിലെ ജുലാസൻ ഗ്രമത്തിലാണ് സുനിതയുടെ പിതാവ് ഡോ. ദീപക് പാണ്ഡ്യ ജനിച്ചത്. 1957ലാണ് അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറിയത്. 2007ലെ ആദ്യ ബഹിരാകാശ യാത്രക്ക് ശേഷം സുനിത ഇന്ത്യയിലെത്തിയിരുന്നു. സുനിതയെ ഒരിക്കൽ കൂടി സ്വീകരിക്കാൻ ഇന്ത്യ ക്ഷണിച്ചിരിക്കുകയാണ്. സുനിതാ വില്യംസ് കൈവരിച്ച ചരിത്ര നേട്ടം ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിനും ഊർജം പകർന്നിരിക്കുകയാണ്. 2027ൽ ബഹിരാകാശത്ത് സ്വന്തം നിലയം സ്ഥാപിക്കാനുള്ള ദൗത്യത്തിലേർപ്പെട്ടിരിക്കുകയാണ് ഇന്ത്യൻ ശാസ്ത്രജ്ഞർ. അമേരിക്കയുടെ വിജയിച്ച പരീക്ഷണം ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകർന്നിട്ടുണ്ട്. ശാസ്ത്ര രംഗത്ത് മുന്നേറാനുള്ള മനുഷ്യ വിഭവശേഷിയും സാങ്കേതിക പരിജ്ഞാനവും ഇരു രാജ്യങ്ങൾക്കുമുണ്ട്. യുവ ജനത ശാസ്ത്ര പരീക്ഷണങ്ങളിൽ ആകൃഷ്ടരാകുന്നുമുണ്ട്. ആധുനിക ലോകത്തിന്റെ പുരോഗതിക്ക് മുതൽക്കൂട്ടാകാൻ ഇരു രാജ്യങ്ങളുടെയും ബഹിരാകാശ ഗവേഷണങ്ങൾക്ക് കഴിയുമെന്നാണ് പ്രതീക്ഷ.