ജെയിംസ് കൂടൽ
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയെ പ്രതിയാക്കി സീരിയസ്ഫ്രോഡ്ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്. എഫ്.ഐ.ഒ) എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതോടെ സി.പി. എം കടുത്ത പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്. സി. എം. ആർ. എൽ കമ്പനിയിൽ ചെയ്യാത്ത സേവനത്തിന് വീണയുടെ കമ്പനി 2.7 കോടി രൂപ കൈപ്പറ്റിയെന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയിരിക്കുകയാണ്. പണം വായ്പ വാങ്ങി തിരിച്ചടയ്ക്കാതെ വീണയുടെ എക്‌സാലോജിക് കമ്പനി പൂട്ടിയെന്ന മറ്റൊരു കുറ്റപത്രം കൂടി തയ്യാറാവുകയാണ്. മധുരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഭാര്യയ്ക്കും മകൾക്കുംമന്ത്രിയായമരുമകനുമൊപ്പം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തുകൊണ്ടിരിക്കമ്പോഴാണ് വീണയ്‌ക്കെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. സി. പി. എമ്മിൽ ചോദ്യം ചെയ്യപ്പെടാത്ത അധികാര ശക്തിയായി പിണറായി മാറിക്കഴിഞ്ഞ സമയത്താണ് ഈ തിരിച്ചടി. തൊഴിലാളി വർഗ പാർട്ടിയിൽ നിന്ന്മുതലാളിത്ത പാർട്ടിയായി സി. പി. എം മാറിക്കൊണ്ടിരിക്കുന്നുവെന്ന വിലയിരുത്തലിന് അടിവരയിടുന്നതാണ് വീണയ്‌ക്കെതിരായ കുറ്റപത്രം. ചെയ്യാത്ത സേവനത്തിന് വീണ 2.7 കോടി കൈപ്പറ്റിയത് എപ്പോഴാണെന്നു കൂടി ഓർക്കേണ്ടതുണ്ട്.
പിണറായി മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കമ്പോൾ സി. എം. ആർ. എൽ. എല്ലിന് ചെയ്തു കൊടുത്ത വഴിവിട്ട സഹായത്തിനാണ് പണം കൈപ്പറ്റിയതെന്നു വ്യക്തമാണ്. തൊഴിലാളി വർഗമെന്ന അടിസ്ഥാന നയങ്ങളിൽ നിന്ന് വ്യതിചലിച്ച് സ്വകാര്യ കോർപ്പറേറ്റുകൾക്ക് വേണ്ടി സി.പി. എം നിലകൊള്ളാൻ തുടങ്ങിയത് പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷമാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ മേഖലയ്ക്ക് തീറെഴുതി കൊടുക്കാൻ പാർട്ടി കോൺഗ്രസ് അംഗീകാരം നൽകിയിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വകാര്യ പങ്കാളത്തത്തെ എതിർത്തിരുന്ന പാർട്ടി ഇപ്പോൾ ആ മേഖലയിലേക്ക് സ്വകാര്യ, വിദേശ നിക്ഷേപകരെ ക്ഷണിച്ചിരിക്കുകയാണ്. ഇങ്ങനെയുള്ള നയ വ്യതിയാനങ്ങളുടെ ഭാഗമായിട്ടാണ് വീണയുടെ എക്‌സാലോജിക് കമ്പനിയും സി. എം.ആർ. എല്ലും തമ്മിൽ നേരത്തെ തന്നെ വഴിവിട്ട ബന്ധം സ്ഥാപിച്ചത്.
വീണയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചതോടെ പിണറായി വിജയനും വീണയ്ക്കും സി.പി.എം സംരക്ഷണ കവചമൊരുക്കിയിട്ടുണ്ട്.
വീണയ്‌ക്കെതിരായ കുറ്റപത്രം പിണറായി വിജയനെതിരായ രാഷ്ട്രീയ നീക്കമാണെന്നും വിഷയത്തെ രാഷ്ട്രീയപരമായി നേരിടുമെന്നുമാണ് പാർട്ടി കോൺഗ്രസിൽ വച്ച് കേരളത്തിലെ സി.പി. എം നേതാക്കൾ പറഞ്ഞത്. അങ്ങനെയെങ്കിൽ കോടിയേരി ബാലകൃഷ്ണന്റെ മക്കൾക്കെതിരെ ആരോപണമുയർന്നപ്പോൾ പാർട്ടി എന്തുകൊണ്ട് അദ്ദേഹത്തെ സംരക്ഷിച്ചില്ല എന്ന ചോദ്യം സി.പി. എം അണികളിലും നേതാക്കളിലും ഉയർന്നിട്ടുണ്ട്. കോടിയേരിയുടെ മക്കളുടെ കേസുകളിൽ പാർട്ടി ഇടപെടില്ലെന്നും അവർ സ്വന്തം നിലയ്ക്ക് കേസ് നടത്തണമെന്നുമായിരുന്നു പാർട്ടി നിലപാട്. കോടിയേരിയുടെ മരണ സമയത്ത് തിരുവനന്തപുരത്ത് നിന്ന് വിലാപ യാത്ര നടത്താതെ ആ കുടുംബത്തോട് പാർട്ടി ചെയ്ത അനീതി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരിലും പ്രതിഷേധം ഉളവാക്കിയിരുന്നു. മക്കളുടെ കേസുകളിലും മരണാനന്തരവും കോടിയേരിയോട് നെറികേട് കാട്ടിയ പാർട്ടി പിണറായിയെയും മകളെയും സംരക്ഷിക്കാൻ കാട്ടുന്ന വ്യഗ്രത ജനങ്ങൾക്ക് മനസിലാകുന്നുണ്ട്.