ജെയിംസ് കൂടൽ
ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയും തുടർന്ന് പതിറ്റാണ്ടുകളോളം രാജ്യത്തിന്റെ വികസനത്തിന് നേതൃത്വം നൽകുകയും ചെയ്ത മഹാപ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഓരോ ഭാരതീയന്റെയും ഹൃദയങ്ങളിൽ കോൺഗ്രസ് രാജ്യസ്‌നേഹത്തിന്റെ വികാരമായി നിലകൊണ്ടു. എന്നാൽ, തുടർച്ചയായ ഭരണാധികാരത്തിൽ ഭ്രമം പൂണ്ട് ചില നേതാക്കൾ അഴിമതിയുടെ പാതയിലേക്ക് വഴി തെറ്റുകയും പാർട്ടിയുടെ ചലനാത്മകതയ്ക്ക് ഭംഗം വരുത്തുകയും ചെയ്തത് ജനങ്ങളിൽ നിന്ന് അകലാൻ കാരണമായി. ഇന്ത്യയുടെ ഓരോ ഗ്രാമങ്ങളിലും കോൺഗ്രസ് അടിത്തറ തകരാതെ നിലനിൽക്കുന്നുണ്ടെങ്കിലും ക്രിയാത്മകമായ പ്രവർത്തന ശൈലി ഇടക്കാലത്ത് നഷ്ടമായത് ബി.ജെ.പിയുടെ വിഭാഗീയ രാഷ്ട്രീയത്തിന് കടന്നുകയറാനുള്ള അവസരമായി.
സംഘടനാപരമായ ദൗർബല്യം ഇന്നും പരിഹരിക്കപ്പെടാത്തത് കോൺഗ്രസിനെ ദേശീയ അധികാരത്തിൽ നിന്ന് അകറ്റി. ഏതാനും സംസ്ഥാനങ്ങളിലായി ഭരണം ചുരുങ്ങിയെങ്കിലും കോൺഗ്രസിന്റെ തിരിച്ചുവരവിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വലിയ ജനവിഭാഗമുണ്ട്. രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രകളിലെ വൻ ജനപങ്കാളിത്തം ഇതിനു തെളിവായിരുന്നു. സംഘടനാ പ്രശ്‌നങ്ങൾ പരഹരിക്കപ്പെടാത്തതിന്റെ കുറവുകൾ ഇന്നും നിഴലിക്കുന്നു. ഇതു തിരിച്ചറഞ്ഞാണ് കോൺഗ്രസ് സംഘടനാ സംവിധാനം അപ്പാടെ അഴിച്ചുപണിയാനും ശക്തിപ്പെടുത്താനുമായി ഗുജറാത്തിലെ അഹമ്മദാബാദിൽ എ. ഐ.സി.സിയുടെ വിശാലമായ സമ്മേളനം സംഘടിപ്പിച്ചത്. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിൽ തന്നെ സമ്മേളനം സംഘടിപ്പിച്ചത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആശയപ്രകാരമായിരുന്നു. ഇതിനു കാരണമുണ്ട്. രാജ്യത്ത് വിഭാഗീയതയുടെ വിഷവിത്തുകൾ വിതച്ച് ബി.ജെ.പി അധികാരത്തിൽ തുടരുന്ന രാഷ്ട്രീയം ഗുജറാത്തിൽ നിന്നാണ് തുടങ്ങിയത്. അത് അവസാനിപ്പിച്ച് ജനങ്ങൾക്ക് ഒരുമയുടെയും ക്ഷേമത്തിന്റെയും ഭരണം കാഴ്ചവയ്ക്കണമെന്നാണ് രാഹുൽഗാന്ധിയും പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെയും മുന്നോട്ടു വച്ച നിർദേശം. ഇതു നടപ്പാക്കാൻ കഴിയുമെങ്കിലും വഴി എളുപ്പമല്ല. കോൺഗ്രസിന്റെ സംഘടനാ ശക്തി വർദ്ധിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
രാജ്യത്തിന്റെ മത നിരപേക്ഷ സ്വഭാവം വീണ്ടെടുക്കാനും സംരക്ഷിക്കാനും നിർഭയമായി പ്രവർത്തിക്കാനാണ് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തത്. അധികാരത്തിനായുള്ള അവസരവാദമാണ് ബി.ജെ.പിയുടെ ദേശീയതയെന്നും ഭിന്നിപ്പിന്റേതല്ല, ബഹുസ്വരതയുടേതാണ് കോൺഗ്രസ് മുന്നോട്ടു വയ്ക്കുന്ന ദേശീയതയെന്നും ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം. സംഘടനാ ശാക്തീകരണം, ജനങ്ങളുടെ മനസറിഞ്ഞുള്ള പ്രവർത്തനം, ബി.ജെ.പി ഭരണം രാജ്യത്തുണ്ടാക്കുന്ന പ്രശ്‌നങ്ങൾ എന്നീ മൂന്ന് തലങ്ങളിൽ കേന്ദ്രീകരിക്കണമെന്നാണ് എ. ഐ. സി.സി സമ്മേളനം നേതാക്കളോട് നിർദേശിച്ചിട്ടുള്ളത്. പ്രവർത്തിക്കാത്ത നേതാക്കളെയും പ്രവർത്തകരെയും സ്ഥാനങ്ങളിൽ നിന്ന് കർശനമായി നീക്കണമെന്നും സമ്മേളനം തീരുമാനിച്ചിട്ടുണ്ട്. അടി മുതൽ മുടി വരെ സംഘടനയെ അഴിച്ചു പണിഞ്ഞും ശക്തിപ്പെടുത്തിയും മുന്നോട്ടുപോകും. ഗ്രൂപ്പുകളിക്കും സ്തുതി പാടാനും നിന്നു കൊടുക്കാത്ത നേതാക്കളയാണ് പാർട്ടിക്കാവശ്യം.
കോൺഗ്രസിനെ തളർത്തിയത് ഗ്രൂപ്പുകളികളാണെന്ന ബോധ്യം എല്ലാവർക്കുമുണ്ടാകണം. ചുരുക്കത്തിൽ, പാർട്ടിയുടെ അടിസ്ഥാന തലം മുതൽ നവോൻമേഷവും ഊർജവും പ്രസരിക്കേണ്ടതുണ്ട്. യുവാക്കളെ ആകർഷിക്കാൻ പുതിയ നയങ്ങൾ ആവിഷ്‌കരിക്കണം. അഹമ്മദാബാദ് സമ്മേളനം കോൺഗ്രസിന് വലിയൊരു വഴിവെളിച്ചമാണ്. ഇപ്പോഴില്ലെങ്കിൽ പിന്നീടങ്ങോട്ടുമില്ലെന്ന തരിച്ചറിവ് നേതാക്കൾക്കും അണികൾക്കും ഉണ്ടാകണം. മതാടിസ്ഥാനത്തിൽ വിഭാഗീയത സൃഷ്ടിച്ചും ഭരണഘടനയെ പൊളിച്ചെഴുതാനും ബി.ജെ.പി നടത്തുന്ന നീക്കങ്ങൾക്ക് തടയിടാൻ മണ്ണിൽ ഉറച്ച വേരുകളുള്ള കോൺഗ്രസിനേ കഴിയൂ.