ജെയിംസ് കൂടൽ
ജീവിതം നന്മയും സ്നേഹവും കൊണ്ട് മറ്റുള്ളവർക്ക് മാതൃകയായി പകർന്ന വലിയ ഇടയൻ. ലോക സമാധാനം പ്രാർത്ഥനയും ലക്ഷ്യവുമായി കണ്ടുള്ള പ്രവർത്തനങ്ങൾ, പ്രാർത്ഥനകൾ. കാലത്തിൻ്റെ മുറിവുകൾക്കു മേൽ നല്ലവാക്കിൻ്റെ സുഗന്ധം പൂശി ലോകത്തിനു തന്നെ മാതൃകയായി തീർന്ന
ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് പ്രണാമം.
മാനവികതയുടെ പ്രകാശമായിരുന്നു ആ ജീവിതം. ലോക സമാധാനത്തിനായി പ്രതീക്ഷയുടെ കരങ്ങൾ എപ്പോഴും നീട്ടി നിന്നു. അദ്ദേഹത്തിൻ്റെ അവസാന സന്ദേശത്തിൽ പോലും നിറഞ്ഞുനിന്നത് അതായിരുന്നു. മറ്റുള്ളവരുടെ സമാധാനമാണ് സ്വന്തം സമാധാനമെന്ന് എപ്പോഴും അദ്ദേഹം പ്രവർത്തികൊണ്ട് ഓർമിപ്പിച്ചു. ലളിതമായ ജീവിതവും വലിയ ചിന്തകളും ആ ജീവിതത്തെ അത്രമേൽ പ്രകാരിതമാക്കിയിരുന്നു.
അദ്ദേഹത്തിൻ്റെ പേരിൽ നിന്നു തുടങ്ങുന്നു വ്യത്യസ്തത. പുണ്യാളനായ ഫ്രാൻസിസിൻ്റെ നാമം അദ്ദേഹം സ്വീകരിച്ചതും ആ വഴി പിന്തുടരാനാണ്. അതുകൊണ്ടു തന്നെ സകല ജീവജാലങ്ങളോടും സഹാനുഭൂതിയുടെ ചേർത്തു വയ്ക്കൽ പകർന്നു. മറ്റു മതങ്ങളോട് ചേർന്നുനിൽക്കുമ്പോഴാണ് സാഹോദര്യം വിടരുന്നതെന്ന് അടിയുറച്ചു വിശ്വസിച്ചു. അവരുടെ സന്ദേശങ്ങൾ പഠിക്കാനും അതിലെ നന്മ ജീവിതത്തിലേക്ക് പകർത്താനും അദ്ധേഹത്തിനു കഴിഞ്ഞു.
ഗർഭഛിദ്രം, സ്വവർഗാനുരാഗം, സ്ത്രീപൗരോഹിത്യം, വൈദികബ്രഹ്മചര്യം, കൃത്രിമ ജനനനിയന്ത്രണം മുതലായ വിഷയങ്ങളിൽ മാർപാപ്പയുടെ നിലപാട് ലോക ശ്രദ്ധ നേടി. എല്ലാ വിഭാഗം ജനങ്ങളുടെയും ചേർത്തു നിർത്തുന്നതാണ് മാനവീയത എന്ന് തെളിയിച്ചു കാട്ടി. പകരം വയ്ക്കാനില്ലാത്ത ആ വ്യക്തിത്വം ലോക ചരിത്രത്തിൻ്റെ തൻ്റെ ഭാഗമാണ്. എല്ലാ കാലവും ലോകം ഈ മഹത് വ്യക്തിത്വത്തെ ആദരിക്കുക തന്നെ ചെയ്യും.



