Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'ഇസ്രയൽ- ഇറാൻ യുദ്ധം പുതിയ പ്രതിസന്ധി: വെടി നിർത്താമെന്ന് പാക്കിസ്ഥാൻ നടത്തിയ അഭ്യർത്ഥന ഇന്ത്യ സ്വീകരിച്ചത്...

‘ഇസ്രയൽ- ഇറാൻ യുദ്ധം പുതിയ പ്രതിസന്ധി: വെടി നിർത്താമെന്ന് പാക്കിസ്ഥാൻ നടത്തിയ അഭ്യർത്ഥന ഇന്ത്യ സ്വീകരിച്ചത് പക്വതയുടെ തെളിവ്’, ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ

യുദ്ധം ആര് തുടങ്ങിവച്ചാലും ആരും ജയിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. നഷ്ടം ജനങ്ങൾക്കു മാത്രമാണ്. സാമ്പത്തിക തകർച്ചയും വിലക്കയറ്റവുമായിരിക്കും അത്യന്തിക ഫലം. മദ്ധ്യ പൂർവ ഏഷ്യ യുദ്ധത്തിന്റെ മറ്റൊരു കെടുതിയിലേക്ക് വഴുതി വീണിരിക്കുകയാണ്. ഇസ്രയേലും ഇറാനും തമ്മിലാണ് ഏറ്റുമുട്ടുന്നത്. അയൽരാജ്യങ്ങളാണെങ്കിലും നേർക്കുനേർ നിന്നുള്ള പട്ടാള യുദ്ധം ഒഴിവാക്കി ഡ്രോണുകൾ ഉപയോഗിച്ചും മിസൈലുകൾ വർഷിച്ചുമുള്ള പോരാട്ടത്തിൽ നഷ്ടങ്ങളുടെ തീവ്രത വളരെ വലുതാണ്. തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണത്തിൽ സൈനിക കേന്ദ്രങ്ങൾക്കും ആളുകൾക്കും വൻ നഷ്ടമാണുണ്ടായത്. ജനവാസ മേഖലയിലേക്കും ആക്രമണം വ്യാപിപ്പിച്ചത് വലിയ ആശങ്കയുണ്ടാക്കിയിരിക്കുന്നു.

നിരപരാധികൾ കൊല്ലപ്പെടുന്ന ഭീകരമായ സാഹചര്യം ഒഴിവാക്കാൻ ഇരു രാജ്യങ്ങളും ശ്രദ്ധിക്കുന്നില്ല. സമാധാനത്തിനുള്ള രജ്യാന്തര അഭ്യർത്ഥനകൾ ഇരു രാജ്യങ്ങളും തള്ളിയിരിക്കുകയാണ്. യുദ്ധത്തെ തുടർന്ന് എണ്ണ വിപണിയിൽ വില ഉയർന്നിരിക്കുകയാണ്. സംഘർഷം മൂർഛിച്ചതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണക്കപ്പലുകളുടെ സഞ്ചാര പാതയായ ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ലോകത്തെ എണ്ണ വിപണിയുടെ പ്രധാന മേഖലയാണ് ഗൾഫ് രാജ്യങ്ങൾ. ഇറാനും എണ്ണ ഉൽപ്പാദക രാഷ്ട്രമാണ്. യുദ്ധത്തെ തുടർന്ന് അമേരിക്കയുമായുള്ള ആണവ കരാർ ചർച്ചകളിൽ നിന്ന് ഇറാൻ പിൻവാങ്ങിയിരിക്കുകയാണ്. ആണവ വിഷയത്തിൽ ഇറാനും അമേരിക്കയും തമ്മിലുള്ള ആറാമത്തെ ചർച്ചയാണ് നടക്കേണ്ടിയിരുന്നത്. 90ലക്ഷം ജനങ്ങൾ മാത്രമാണ് ഇസ്രായേലിലുള്ളത്. ഇറാനിൽ ഒൻപത് കോടിയോളം ജനങ്ങളുണ്ട്.

സൈനിക ശക്തിയിൽ ഇസ്രയേലിന് ഇറാനേക്കാൾ മുൻ തൂക്കമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രഹസ്യാന്വേഷണ ഏജൻസിയും വ്യാമ പ്രതിരോധ സംവിധാനവും ഇസ്രയേലിന്റേതാണ്. എന്നിരുന്നാലും ഇറാനെ കുറച്ചു കാണേണ്ടതില്ല. ആണവ കേന്ദ്രങ്ങളുള്ള രാജ്യമാണത്. ഏതൊരു രാജ്യവും സൈനിക ശക്തിയിൽ അഭിമാനിക്കുന്നത് ആണവായുധം കൈയിലുള്ളപ്പോഴാണ്. മാത്രമല്ല, അത്യാധുനിക ഡ്രോണുകൾ ഇറാന്റെ പക്കലുണ്ട്. യുദ്ധത്തിൽ വലിയ നഷ്ടങ്ങളുണ്ടായത് ഇറാനാണ്. പ്രധാനപ്പെട്ട സൈനിക കേന്ദ്രങ്ങൾ ഇസ്രയേലി ആക്രമണത്തിൽ തകർന്നു. ഉന്നത സൈനിക മേധാവികൾ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇറാൻ അയച്ച ഡ്രോണുകൾ പലതും ഇസ്രയേൽ തടുത്തെങ്കിലും കണ്ണുവെട്ടിച്ച് ഇസ്രയേലി നഗരങ്ങളിൽ പതിച്ചു. ജനങ്ങൾ കൊല്ലപ്പെടുകയും ചെയ്തു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇറാൻ ഭരണാധികാരി അയത്തുള്ള ഖമേനിയും വിട്ടുവീഴ്ച്ചയ്ക്കു തയ്യാറാകുന്നില്ല. ആദ്യം ആര് വെടിനിറുത്തൽ പ്രഖ്യാപിക്കും എന്നതിലും തർക്കമാണ്. ഈയവസരത്തിലാണ് അമേരിക്കയും ഇന്ത്യയും അടക്കമുള്ള ശക്തരായ രാഷ്ട്രങ്ങളുടെ ഇടപെടൽ അനിവാര്യമാകുന്നത്. ഇസ്രയേലിന്റെ പല നയങ്ങളോടും അമേരിക്കയ്ക്ക് യോജിപ്പാണുള്ളത്. ഇന്ത്യയുടെ സുഹദ് രാജ്യമാണ് ഇസ്രയേൽ. സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കൻ മദ്ധ്യസ്ഥത അനിവാര്യമാണ്. ഇരു രാജ്യങ്ങളും സംഘർഷം അവസാനിപ്പിക്കണമന്ന് ഇന്ത്യ ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. ചർച്ചകൾക്ക് വേണമെങ്കിൽ മദ്ധ്യസ്ഥത വഹിക്കാമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇറാന്റെ സഖ്യ രാഷ്ട്രങ്ങളും മദ്ധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നുണ്ട്.

എത്ര വലിയ സംഘർഷമാണെങ്കിലും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അവസാനിപ്പിക്കാമെന്ന് ഇന്ത്യ തെളിയിച്ചിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിലൂടെ ഇന്ത്യയുടെ ആത്മാവിനെ മുറിവേൽപ്പിച്ച പാക്കിസ്ഥാന് തക്ക ശിക്ഷ നൽകിയുള്ള ഇന്ത്യയുടെ ആക്രമണം എത്ര പെട്ടെന്നാണ് അവസാനിപ്പിച്ചതെന്ന് നാം കണ്ടതാണ്. വെടി നിർത്താമെന്ന് പാക്കിസ്ഥാൻ നടത്തിയ അഭ്യർത്ഥന ഇന്ത്യ സ്വീകരിച്ചത് പക്വതയുടെ തെളിവാണ്. ഇതുപോലെ ഒരാൾ വിചാരിച്ചാൽ അവസാനിക്കാവുന്നതേയുള്ളൂ ഇസ്രയേൽ ഇറാൻ സംഘർഷം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments