ജെയിംസ് കൂടൽ
മതമേതായാലും മനുഷ്യൻ നന്നായാൽ മതി’, ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’ എന്നീ ദർശനങ്ങൾ ലോകമാകെ ആരാധിക്കുന്ന ശ്രീനാരായണ ഗുരുവിന്റേതാണ്. ഈ മഹദ് വചനങ്ങൾ ആദ്യം വിളങ്ങേണ്ടത് മലയാളികളുടെ മനസിലാണ്.
ഗുരുവിനെ ഒരു സമുദായത്തിന്റെ മാത്രം ഗുരുവായല്ല കാണുന്നത്, എല്ലാവരുടേതുമായിട്ടാണ്. അദ്ദേഹം തുടങ്ങിവച്ച എസ്. എസ്. എൻ.ഡി. പി യോഗം എന്ന പ്രസ്ഥാനത്തിന്റെ അമരത്ത് മുപ്പത് വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനോട് എല്ലാവർക്കും ബഹുമാനമുണ്ട്. എന്നാൽ, അടുത്തിടെ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന പരാമർശങ്ങൾ നാട്ടിൽ ജാതീയതയും വർഗീയതയും ആളിക്കത്തിക്കാനുള്ളതാണ്. പ്രബുദ്ധരായ മലയാളികൾ വെള്ളാപ്പള്ളിയുടെ വാക്കുകളിലെ വിഷം തിരിച്ചറിയുന്നതുകൊണ്ട് നാട്ടിൽ ലഹളയുണ്ടാകുന്നില്ല.
രാഷ്ട്രീയമായി അദ്ദേഹം സ്വീകരിച്ചുപോരുന്ന അവസരവാദ നയം എല്ലാവർക്കും അറിയാം. തനിക്കെതിരായ കേസുകൾ ഒതുക്കി തീർക്കാർ സി.പി. എമ്മിനെയും പിണറായി വിജയനെയും സുഖിപ്പിക്കുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാൻ മകൻ തുഷാർ വെള്ളാപ്പള്ളി ബി.ജെ.പിയെയും അമത്ഷായെയും പ്രീണിപ്പിക്കുന്നു. രാവിലെ എഴന്നേറ്റ് കോൺഗ്രസിനെയും നേതാക്കളെയും തെറി പറയുകയാണ് വെള്ളാപ്പള്ളിയുടെ ജോലി. കേരളത്തിൽ എൽ.ഡി. എഫ് ഭരണത്തിൽ സഹികെട്ട് രക്ഷപെടാൻ വെമ്പുകയാണ് ജനങ്ങൾ. അടുത്ത തിരഞ്ഞെടുപ്പിൽ യു. ഡി. എഫ് ഭരണത്തിൽ വരുമെന്ന് എല്ലാവർക്കും അറിയാം. ഇതിൽ വിറളി പൂണ്ടാണ് പ്രായത്തിന് ചേരാത്തതും പക്വതയില്ലാത്തതുമായ വാക്കുകൾ പ്രതിപക്ഷ നേതാക്കൾക്കു നേരെ ചൊരിയുന്നത്. സംസ്ഥാനത്ത് മാന്യമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്ന പ്രതിപക്ഷ നേതാവ് വി. ഡി സതീശനോടാണ് വെള്ളാപ്പള്ളിയുടെ ദേഷ്യം.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വി.ഡി സതീശന്റെ നേതൃത്വത്തിൽ ശക്തമായ മതേതര നിലപാട് ഉയർത്തിപ്പിടിച്ചതുകൊണ്ടാണ് യു. ഡി. എഫിനെ ജനങ്ങൾ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചത്. വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും യു. ഡി. എഫ് മിന്നുന്ന വിജയം നേടുമെന്ന് ഉറപ്പാണ്. അതുകൊണ്ടാണ് വിറളി പിടിച്ച വെള്ളാപ്പള്ളി ജാതി, മത വിദ്വേഷം പ്രചരിപ്പിക്കാനിറങ്ങിയിരിക്കുന്നത്. തന്ത്രപൂർവം ഭരണം പിടിച്ച് മുഖ്യമന്ത്രി സ്ഥാനം പിടിക്കാൻ മുസ്‌ളീം ലീഗ് ശ്രമിക്കുകയാണെന്നും ഒരു ക്രിസ്ത്യൻ സമുദായം ഇപ്പോഴെ അധികാരത്തിൽ പ്രാതിനിധ്യം പിടിച്ചെന്നുമാണ് വെള്ളാപ്പള്ളി കോട്ടയത്ത് പറഞ്ഞത്. വി.ഡി സതീശൻ ഈഴവ വിരോധിയെന്നു പ്രചരിപ്പിച്ച് വേട്ടയാടി വരുതിയിലാക്കാനുള്ള മിഥ്യാമോഹവുമായി നടക്കുകയാണ് വെള്ളാപ്പള്ളി. സതീശനെ മോശമായ വാക്കുകളിൽ അധിക്ഷേപിച്ച വെള്ളാപ്പള്ളി, സതീശൻ സൂപ്പർമാൻ കളിക്കേണ്ടെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഇത് കേട്ടൊന്നും ഭയന്നപോകുന്നവരല്ല സതീശനും കോൺഗ്രസ് നേതാക്കളും. ഉറച്ച മതേതര പാരമ്പര്യമാണ് കോൺഗ്രസിന്റേത്. സി.പി. എമ്മിനെപ്പോലെ മതങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചും അധിക്ഷേപിച്ചുമുള്ള അവസരവാദ സമീപനമല്ല കോൺഗ്രസിനുള്ളത്. സമുദായ, മതങ്ങളെ ബഹുമാനിച്ചും നേതാക്കൾക്ക് പറയാനുള്ളത് കേട്ടുമാണ് കോൺഗ്രസ് മുന്നോട്ടു പോകുന്നത്. ഈഴവ സമുദായ നേതാവായ ആർ. ശങ്കറെ മുഖ്യമന്ത്രിയാക്കിയ പാർട്ടിയാണ് കോൺഗ്രസ്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈഴവർക്ക് മുന്നേറ്റമുണ്ടായതെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഭിച്ചതെന്നും വെള്ളാപ്പള്ളി കൂടെക്കൂടെ പറയുന്നുണ്ട്. നിർഭാഗ്യവശാൽ, തല മറന്ന് എണ്ണ തേക്കുന്ന സമീപനമാണ് വെള്ളാപ്പള്ളി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. അത് സ്വന്തം വ്യക്തി നേട്ടത്തിനു വേണ്ടിയാണെന്ന് ബുദ്ധിയുള്ളവർക്കെല്ലാം മനസിലാകും.



