Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news"ഛത്തിസ്ഗഢിൽ കണ്ടത് ന്യൂനപക്ഷ വേട്ട', ജെയിംസ് കൂടൽ എഴുതുന്നു

“ഛത്തിസ്ഗഢിൽ കണ്ടത് ന്യൂനപക്ഷ വേട്ട’, ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ

എല്ലാ മതങ്ങളെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് ഇന്ത്യയുടെ ഭരണഘടന. എല്ലാവർക്കും തുല്ല്യ അവകാശവും നീതിയുമാണ് അത് വിഭാവനം ചെയ്യുന്നത്. പക്ഷെ, ഇന്ത്യയിൽ സംഘപരിവാർ സംഘടനയായ ബി.ജെ.പി രാജ്യത്ത് അധികാരം പിടിച്ച ശേഷം ന്യൂനപക്ഷ മത വിഭാഗങ്ങൾക്കു നേരെ, പ്രത്യേകിച്ച് ക്രിസ്ത്യൻ വിഭാഗങ്ങൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നതിന്റെ ഒടുവിലത്തെ സംഭവമാണ് ഛത്തിസ്ഗഡിലെ ദുർഗിൽ നടന്നത്.

നിയമപ്രകാരം ട്രെയിൻ ടിക്കറ്റ് എടുത്ത് യാത്ര ചെയ്ത കന്യാസ്ത്രീകളെയും അവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീകളെയും സഹോദരനെയും റെയിൽവേ സ്‌റ്റേഷനിൽ ഉദ്യോഗസ്ഥർ തടഞ്ഞുവയ്ക്കുകയും തീവ്ര ഹിന്ദു സംഘടനയായ ബജ്‌രംഗ് ദൾ പ്രവർത്തകരെ വിളിച്ചു വരുത്തുകയുമായിരുന്നു. കണ്ണൂർ ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദനാ ഫ്രാൻസിസ് അങ്കമാലി ഇളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി എന്നിവരെ ബജ്‌രംഗ് ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്യുന്നതാണ് ലോകം കണ്ടത്.
കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന യുവതികളെ സഭയുടെ ആശുപത്രിയിലും ഹോസ്റ്റലിലും ജോലിക്കു കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. യുവതിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. മണിപ്പൂരിൽ ക്രിസ്ത്യാനികൾക്കു നേരെയുണ്ടായ വംശീയ ആക്രമണങ്ങളുടെ മുറിവുണങ്ങിയിട്ടില്ല. മദ്ധ്യപ്രദേശിലും മഹാരാഷ്ട്രയിലും ക്രിസ്ത്യൻ മിഷണറി പ്രവർത്തകർക്കു നേരെ അതിക്രമങ്ങളുണ്ടായതും അടുത്തിടെയാണ്.
ഇതിനു പിന്നാലെയാണ് ഛത്തിസ്ഗഢിലെ അതിക്രമം. അറസ്റ്റിലായ കന്യാസ്ത്രീകളെ ഒൻപത് ദിവസമാണ് ജയിലിലിട്ടത്. മതപരിവർത്തന നിരോധന നിയമവും മനുഷ്യക്കടത്തുമാണ് ഇവർക്കെതിരെ ചുമത്തിയത്. അതും പോരാഞ്ഞിട്ട് കേസ് എൻ. ഐഎയ്ക്ക് വിടുകയും ചെയ്തു. ഭീകര പ്രവർത്തനവും രാജ്യദ്രോഹ കേസുകളുമാണ് സാധാരണയായി എൻ.ഐ.എ അന്വേഷിക്കുന്നത്. കേസ് അവർക്കു വിട്ടതോടെ എൻ.ഐ.എ കോടതിയിൽ നിന്നാണ് കന്യാസ്ത്രീകൾ ജാമ്യമെടുക്കേണ്ടി വന്നത്. പീഡാനുഭവങ്ങളിൽ നിന്ന് ക്രിസ്തു മൂന്നാം നാൾ ഉയർത്തെഴുന്നേറ്റ് ലോകത്തെ നയിച്ച പോലെ ഒൻപത് ദിവസങ്ങളിലെ ജയിൽ വാസത്തിനു ശേഷം കന്യാസ്ത്രീകൾ പുറത്തേക്കു വന്നപ്പോൾ രാജ്യത്തിന്റെ ഭരണഘടനയിലും മൂല്യങ്ങളിലും വിശ്വസിക്കുന്നവർ അവരെ ചേർത്തുപിടിച്ചു. സഹനത്തിന്റെ പ്രതീകങ്ങളായി കന്യാസ്ത്രീകൾ ഈ ലോകത്തിൽ ജീവിക്കും. ഛത്തിസ്ഗഢിൽ ഭരണം നടത്തുന്നത് ബി.ജെ.പി സർക്കാരാണ്. കന്യാസ്ത്രീകളോടും അവർക്കൊപ്പമുണ്ടായിരുന്നവരോടും മനുഷ്യത്വത്തിന്റെ ഒരു ഗുണവും ബി.ജെ.പി സർക്കാർ പ്രകടിപ്പിച്ചില്ല. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ സംസ്ഥാന സർക്കാർ ആദ്യം എതിർത്തതുകൊണ്ടാണ് ഒൻപതു ദിവസം അവർക്ക് ജയിലിൽ കിടക്കേണ്ടി വന്നത്.

മലയാളികളായ കന്യാസ്ത്രീകൾക്കുണ്ടായ ദുരനുഭവം എല്ലാവർക്കും പാഠമാകേണ്ടതാണ്. കേരളത്തിൽ കാലുറച്ചു നിൽക്കാൻ ക്രിസ്ത്ര്യൻ സഭകളുടെ അരമനകളിൽ കയറിയറങ്ങുന്ന ബി.ജെ.പിയുടെ തനി നിറമാണ് ഛത്തിസ്ഗഢിൽ കണ്ടത്. ക്രിസ്തുമസിന് അരമനകളിൽ എത്തുന്ന ബി.ജെ.പി നേതാക്കൾ വർഗീയവിഷം ഒളിപ്പിച്ച കേക്കുകളുമായി കേക്കുകളാണ് നൽകുന്നതെന്ന് മനസിലാക്കാൻ ഈ ഒറ്റ സംഭവം മതി.

ഒപ്പം നിർത്തുകയും ആക്രമിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ക്രിസ്ത്യൻ വിഭാഗങ്ങളോടുള്ള ബി.ജെ.പി നയം. അസഹിഷ്ണുതയുടെ ക്രൂരമായ ഭാവങ്ങളെ സംഘപരിവാർ കാട്ടിത്തന്നു. ഒരാളുടെ പ്രവർത്തി മറ്റുള്ളവർക്ക് പ്രയാസങ്ങളുണ്ടാക്കുന്നുവെങ്കിൽ രാജ്യത്തെ നിലവിലുള്ള നിയമവ്യവസ്ഥകളിലാണ് പരാതിപ്പെടേണ്ടത്. തഞ്ഞുവച്ചും കയ്യേറ്റം ചെയ്തും ഭീഷണിപ്പെടുത്തിയുമല്ല കാര്യങ്ങളെ അഭിമുഖീകരിക്കേണ്ടത്. ലോകമെങ്ങും ക്രൈസ്തവ സഭകൾ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നുണ്ട്. അത്തരത്തിലൊന്നാണ് ഛത്തിസ്ഗഢിലെ ദുർഗിൽ കന്യാസ്ത്രീകൾ നടത്തിയത്. അഞ്ച് വർഷം മുൻപ് ക്രിസ്തുമതത്തിൽ ചേർന്ന കുടുംബത്തിന്റെ ജോലിക്കും സുരക്ഷിതത്വത്തിനും വേണ്ടിയാണ് കന്യാസ്ത്രീകൾ യുവതിയെയും സഹോദരനെയും കൂട്ടിക്കൊണ്ടുപോയത്. അതിനെ മതപരിവർത്തനമെന്നും മനുഷ്യക്കടത്തെന്നും അധിക്ഷേപിച്ച് ആക്രിക്കുന്ന രീതി ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത നീക്കമാണ്. അതിനെ ചെറുത്തു തോൽപ്പിക്കാനായാൽ മതേതര മൂല്യങ്ങൾക്കും ഭരണഘടനാ തത്വങ്ങൾക്കും കരുത്ത് പകരുന്നതാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments