മതവിശ്വാസം ഏതായാലും വിശ്വാസികളുടെ മനസിനെ കപടവിശ്വാസം കൊണ്ട് കബളിപ്പിക്കാൻ നോക്കരുത്. അങ്ങനെ ചെയ്താൽ അതിന്റെ അനന്തരഫലം ശബരിമലയിലെ പുണ്യഭൂമിയിൽ സംസ്ഥാന സർക്കാർ നടത്തിയ അയ്യപ്പ സംഗമത്തിൽ കണ്ടതുപോലെയാകും. വിശ്വാസികൾ കപടവിശ്വാസികളെ പുച്ഛിച്ചു തള്ളും. കേരളത്തിൽ രണ്ടു തിരഞ്ഞെടുപ്പുകൾ അടുത്തുവരികയാണ്. അടുത്ത രണ്ടുമാസം കഴിഞ്ഞ് നടക്കാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പാണ് ആദ്യത്തേത്. അതുകഴിഞ്ഞ് ഏതാനും മാസം പിന്നിടുമ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. സ്വേച്ഛാതിപത്യത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും അങ്ങേയറ്റം എത്തി നിൽക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെ ജനങ്ങൾ ഏതാണ്ട് പൂർണമായി കൈവിട്ട നിലയിലാണ്. ഈ അവസ്ഥയിൽ തിരഞ്ഞെടുപ്പിനെ നേരിട്ടാൽ ഉണ്ടാകാൻ പോകുന്ന വമ്പൻ തിരിച്ചടി ഒഴിവാക്കാൻ പിണറായി സർക്കാർ ഹിന്ദുവിശവാസികളെ കൂട്ടുപിടിക്കാൻ ശ്രമിക്കുകയാണ്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുസ്‌ളീങ്ങളെ പാട്ടിലാക്കാൻ നടത്തിയ ശ്രമങ്ങൾ അമ്പേ പരാജയപ്പെട്ടപ്പോഴാണ് സർക്കാരും സി.പി. എമ്മും ചുവടു മാറ്റി ആഗോള അയ്യപ്പസംഗമത്തിലേക്ക് തിരിഞ്ഞത്. ഇതിനു പിന്നിലെ ബുദ്ധി ആരുടേതായാലും അയാളെ നമിച്ചിരിക്കുന്നു. പത്തുവർഷത്തോളമാകുന്നു പിണറായി വിജയൻ കേരളം ഭരിക്കാൻ തുടങ്ങിയിട്ട്. മതനിരപേക്ഷതയാണ് തങ്ങളുടെ നയം എന്നു പ്രഖ്യാപിച്ചിരിക്കുന്ന സി.പി.എമ്മിനും ഇടതുസർക്കാരിനും എങ്ങനെയാണ് മതവിശ്വാസികൾക്കു വേണ്ടി ഒരു സംഗമം നടത്താൻ കഴിയുന്നത്. മതത്തിന്റെ നിരാസം ആണല്ലോ മതനിരപേക്ഷത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ശബരിമലയുടെ വികസനമാണ് ലക്ഷ്യമെങ്കിൽ അതിനു തക്ക പദ്ധതികൾ പ്രഖ്യാപിച്ചാൽ പോരെ. ലക്ഷക്കണക്കിന് വിശ്വാസികളുടെ ദൈവമായ അയ്യപ്പ ഭഗവാന്റെ വിഗ്രഹവും പേരും വച്ച് എന്തിനാണ് കമ്മ്യൂണിസ്റ്റുകൾ ഇങ്ങനെ നാടകം കളിക്കുന്നത്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും അയ്യപ്പൻ ബ്രഹ്മചാരിയല്ലെന്നുമൊക്കെ പറയുന്ന സിദ്ധാന്തത്തിനൊത്തു പ്രവർത്തിക്കേണ്ടവർക്ക് എങ്ങനെയാണ് ആത്മീയസംഗമം നടത്താൻ കഴിയുക. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ ആദ്യത്തെ പിണറായി സർക്കാർ നടത്തിയ ശ്രമങ്ങൾ അയ്യപ്പഭക്തർ ജീവിച്ചിരിക്കുന്ന കാലത്തോളം മറക്കില്ല
എത്ര പ്രായശ്ചിത്തം ചെയ്താലും പൊറുക്കാവുന്നതല്ല പരിപാവനമായ ശബരിമലയിൽ വിശ്വാസികളല്ലാത്ത യുവതികളെ പൊലീസിന്റെ സംരക്ഷണയിൽ കയറ്റിയ സംഭവം. അന്ന് അതിസന്തോഷത്തോടെ പിണറായി വിജയൻ മാദ്ധ്യമങ്ങൾക്കു മുന്നിൽ വന്നത് ഇന്നും വിശ്വാസികളുടെ മനസിനെ നീറ്റുന്നുണ്ട്.
അയ്യപ്പസംഗമവുമായി കമ്മ്യൂണിസ്റ്റ് സർക്കാർ രംഗത്തുവന്നപ്പോൾ നമ്മുടയെല്ലാം ഓർമയിൽ വരുന്നത് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യയിൽ നടത്തിയ പൂജകളാണ്. അതു തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് പ്രതീക്ഷിച്ച ബി. ജെ.പിക്ക് അടിതെറ്റി.
മുൻപത്തേക്കാൾ സീറ്റെണ്ണം കുറയുകയും വാരണാസി മണ്ഡലത്തിൽ നിന്ന് മോദി കഷ്ടിച്ചു വിജയിക്കുകയുമാണ് ചെയ്തത്. അയോദ്ധ്യയിൽ മോദി നടത്തിയത് മാതൃകയാക്കിയാണ് പിണറായി ശബരിമലയിൽ ചെയ്തത്. യഥാർത്ഥ വിശ്വാസികളെ ഇത്തരം കുതന്ത്രങ്ങൾ ഉപയോഗിച്ച് കബളിപ്പിക്കാമെന്ന് പിണറായി കരുതിയെങ്കിൽ തെറ്റിയെന്ന് തെളിയിക്കുന്നതാണ് അയ്യപ്പസംഗമത്തിൽ കണ്ട ഒഴിഞ്ഞ കസേരകൾ. അയ്യപ്പസംഗമത്തിന് നാലായിരത്തിലേറെ പേർ ഓൺലൈനിൽ രജിസ്റ്റർ ചെയ്‌തെങ്കിലും ആയിരത്തിൽ താഴെ മാത്രമാണ് എത്തിയത്. അവരിൽ പലരും യഥാർത്ഥ ഭക്തരല്ലെന്നതാണ് മറ്റൊരു വസ്തുത.
അയ്യപ്പഭഗവാന്റെ വിഗ്രഹം വച്ച് വിളക്കുകൊളുത്തിയ ചടങ്ങിൽ ഒരാൾ പോലും ശരണം വിളിച്ചു പ്രാർത്ഥിക്കാനുണ്ടായിരുന്നില്ല. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സദസിലെ കസേരകൾ നിറച്ചു. പിണറായി ഉദ്ഘാടനം ചെയ്തു മടങ്ങിയപ്പോഴേക്കും ഭൂരിഭാഗം കസേരകളും കാലിയായി. അവർ സെമിനാറുകൾക്ക് അടുത്ത വേദികളിലേക്ക് പോയെന്നാണ് ദേവസ്വം മന്ത്രി ഇതിനു പറഞ്ഞ ന്യായം. എന്നാൽ, മാദ്ധ്യമ ദൃശ്യങ്ങൾ ആ വാദവും പൊളിച്ചടുക്കി. സെമിനാർ വേദികളിലെ കസേരകളിലും ഇരിക്കാൻ ആളുണ്ടായിരുന്നില്ല. വാദങ്ങളോരോന്നായി പൊളിഞ്ഞപ്പോൾ മാദ്ധ്യമങ്ങൾ എ. ഐ
സാങ്കേതിക വിദ്യ ഉപയോഗിച്ച് ദൃശ്യങ്ങളുണ്ടാക്കിയെന്നാണ് സി.പി. എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്റെ വക നുണ. ഇദ്ദേഹം മലയാളികളുടെ സാമാന്യ ബോധത്തെയും തിരിച്ചറിവുകളെയും പുച്ഛിക്കുകയാണ്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് ക്ഷോഭിച്ചിട്ടു കാര്യമുണ്ടോ.



