ജെയിംസ് കൂടൽ
ഉയർപ്പിന്റെ തിരുനാൾ ലോകമെങ്ങും വിശുദ്ധിയുടെ പുണ്യദിനമായി ആഘോഷിക്കുമ്പോൾ ഇന്ത്യയിലെ ക്രൈസ്തവ ജനത ആശങ്കയുടെ വെള്ളിടി ശബ്ദം കേട്ടുതുടങ്ങിയിരിക്കുന്നു. തീവ്ര ഹിന്ദുത്വ അജണ്ട പുലർത്തുന്ന ആർ.എസ്.എസ് നേതൃത്വം നൽകുന്ന മോദി സർക്കാർ മൂന്നാമത് ഒരു ഊഴം കൂടി വന്നാൽ ഇന്ത്യയിൽ ക്രൈസ്തവ സഭകൾക്ക് വിലങ്ങണിയേണ്ടി വരുമെന്നതിൽ തർക്കമൊന്നുമില്ല. പത്തുമാസമായി തുടരുന്ന ക്രൈസ്ത്തവ വംശഹത്യയിൽ മണപ്പൂരിൽ വിശ്വാസ സമൂഹമാകെ ഭയപ്പാടിന്റെ മുൾകിരീടം അണിഞ്ഞിരിക്കുന്ന അവസ്ഥയിലാണ്. ആക്രമിക്കപ്പെടുന്ന പള്ളികളും പുരോഹിതരും വിശ്വാസി സമൂഹവും ഇന്നുവരെ കാണാത്ത ഇന്ത്യയുടെ ദയനീയ ചിത്രമായി മാറിയിരിക്കുന്നു. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഉയർത്തുന്ന ചെറുശബ്ദങ്ങൾ കാവി തലപ്പാവിന്റെ ആക്രോശത്തിൽ അലിഞ്ഞില്ലാതാവുന്നത് നോക്കിനിൽക്കാനെ നിഷ്പക്ഷ വാദികളായ ഇന്ത്യൻ സമൂഹത്തിന് കഴിയുന്നുള്ളൂ. കൊന്നൊടുക്കി ചരിത്രം ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ പുതിയ ഉത്തരവുകളും ശാസനകളുമായി രാജ്യത്തെ മതേതരത്വത്തെ തള്ളിക്കളയാനുള്ള ചരടുവലികളും തകൃതിയായി തുടരുകയാണിപ്പോൾ. അതിന്റെ അവസാന ഉദാഹരമാണ് മണിപ്പൂരിൽ ഈസ്റ്റർ ദിനത്തിലെ പൊതുഅവധി പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ്. ഈസ്റ്റർ ദിനം പ്രവർത്തി ദിനമാക്കി മണിപ്പൂർ സർക്കാർ പൊതുഭരണ വിഭാഗം മാർച്ച് 27ന് ഉത്തരവ് പുറത്തിറക്കിയെങ്കിലും രാജ്യമൊട്ടൊക്കെ ഉയർന്ന എതിർപ്പിൽ തീരുമാനം പിൻവലിക്കുകയായിരുന്നു. ഒരുപക്ഷേ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാകാം ഉത്തരവ് മരവിപ്പിച്ചത്.
എന്നിരുന്നാലും രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന് മുകളിലായി തൂങ്ങിയാടുന്ന വാൾ ഉയർത്തുന്ന ഭീഷണി ഒട്ടും ചെറുതല്ലായെന്ന് നാം ഓർക്കേണ്ടതുണ്ട്. ഇന്ത്യയെ മതനിരപേക്ഷ രാജ്യമായി കാണാൻ ആഗ്രഹിക്കാത്ത കക്ഷികൾ രാജ്യം ഭരിക്കുമ്പോൾ ന്യൂനപക്ഷങ്ങൾ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമായ കാര്യമാണ്. പൗരത്യഭേദഗതി പോലെയുള്ള ബില്ലുകളിലൂടെ പൗരൻമാരെ വിഭജിക്കുമ്പോൾ ഭരണവർഗത്തിന്റെ ലക്ഷ്യങ്ങൾ നിഗൂഢത നിറഞ്ഞതുമാകുന്നു.
മണിപ്പൂരിൽ കലാപം തുടങ്ങി 78 ദിവസം മിണ്ടാതെയിരുന്ന പ്രധാനമന്ത്രി വ്യക്തമാക്കുന്ന ഒരു രാഷ്ട്രീയമുണ്ട്. അതിൽ മതേതരത്വം ഇല്ലായെന്നത് വസ്തുതയാണ്. എന്നാൽ കപടതയുടെ മേമ്പൊടിക്കായി ക്രിസ്ത്യാനികളെ ഒപ്പം നിറുത്തുകയെന്ന തന്ത്രവും ഇവിടെ ഉപയോഗിക്കപ്പെടുകയാണ്. അതിനായി മുൻ രാഷ്ട്രീയ നേതാക്കളുടെ മക്കളെ അണിനിരത്തി കവചമൊരുക്കുന്നു. ക്രിസ്തുമത വിശ്വാസികളൾക്ക് നേരെയുള്ള സംഘപരിവാർ ആക്രമം പുതിയ കാര്യമല്ല. ഒഡീഷ്യയിലെ ക്രിസ്ത്യൻ വേണ്ട മറക്കാനാവുന്നതല്ല, ഗ്രഹാം സ്റ്റയിൻസ് എന്ന ജീവകാരുണ്യപ്രവർത്തകനെയും രണ്ടുമക്കളെയും ചുട്ടുകൊന്നതും ഇന്ത്യയിലെ ഹിന്ദുവർഗീയതയാണ്. പുരോഹിത വേഷങ്ങൾ ധരിക്കാനും താടിയും ദീശയും നീട്ടി വളർത്താനും അവകാശമില്ലാത്ത തരത്തിലേക്ക് സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന നാടായി നമ്മുടെ രാജ്യം മാറുന്നു. ഇന്ത്യയിൽ നിന്ന് ഭാരതത്തിലേക്ക് രാജ്യം മാറ്റപ്പെടുമ്പോൾ ഭരണഘടന നൽകുന്ന അവകാശങ്ങളും സുരക്ഷിതത്വവും ഇല്ലാതാകുകയാണ്. അതിന് നേതൃത്വം നൽകുന്ന ഭരണവക്താക്കളെ തിരിച്ചറിഞ്ഞ് പുറത്തക്കേണ്ട സമയമാണിത്. ഈസ്റ്റർ ആഘോഷിക്കാനാകുന്ന ഇന്ത്യയ്ക്കായി നമുക്ക് കൈകോർക്കാം.