ജെയിംസ് കൂടൽ
സര്‍വമേഖലയിലും നമ്പര്‍ വണ്‍ എന്ന് അവകാശപ്പെടുന്ന കേരളം കഴിഞ്ഞ കുറെദിവസങ്ങളായി ഭക്ഷണത്തിനെ ഭയക്കുന്ന കാഴ്ചയാണുള്ളത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചാല്‍ ജീവന്‍ നഷ്ടമാകുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു നമുടെ ആഹാര സംസ്‌കാരം. ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്ന ഏറ്റവും സുപ്രധാനവും പ്രാഥമികവുമായ കാര്യത്തില്‍ നാം പിന്നാക്കം പോകുകയാണെന്നുള്ള കാര്യം നാണക്കടാണ്. ലൈഫ് ഭവന പദ്ധതിയുടെ തട്ടിപ്പ് പുറത്തുവന്ന കാലത്തായിരുന്നു പാര്‍പ്പിടം എന്ന സംവിധാനം നാടിന് നാണക്കേടിന്റെ മേലങ്കി അണിയിച്ചത്, ഇപ്പോള്‍ ഇതാ ആഹാരവും അതുവിളമ്പുന്ന അപാകതയും ഒരു നാടിനാകെ ഭീതിയും കളങ്കവുമായി മാറിയിരിക്കുന്നു.
ഭക്ഷ്യവിഷബാധ കാരണം ആറ് ദിവസത്തിനിടെ രണ്ട് മരണങ്ങളാണ് ഉണ്ടായത്. മല്ലപ്പള്ളിയില്‍ ആദ്യ കുര്‍മ്പാനയില്‍ വിളമ്പിയ ഭക്ഷണം കഴിച്ച 90 പേരാണ് ആശുപത്രിയിലായത്. കൊടുമണ്ണില്‍ സ്‌കൂളില്‍ വിളമ്പിയ ബിരിയാണി കഴിച്ച 19 കുട്ടികള്‍ വിഷബാധിതരായി. ദിവസവും പഴകിയ ഭക്ഷണവും അതുവരുത്തുന്ന അനരോഗ്യവും വാര്‍ത്തയാകുന്നു. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കെടുകാര്യസ്ഥതയാണ് ഭക്ഷണം കഴിക്കാനാകാത്ത അവസ്ഥയിലേക്ക് എത്തിച്ചത്. ഭക്ഷ്യസുരക്ഷ നടപ്പാക്കുന്നതില്‍ സംസ്ഥാനം പൂര്‍ണമായും പരാജയപ്പെട്ടു.
ഭക്ഷ്യസുരക്ഷാ വകുപ്പും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ആരോഗ്യവകുപ്പും നോക്കുകുത്തികളായി. ആവശ്യത്തിന് സംവിധാനങ്ങളും ജീവനക്കാരും ഇല്ലാതെ വകുപ്പുകള്‍ മുടന്തുകയാണ്. മരണങ്ങളും പരാതികളും ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനനടത്തുന്ന രീതിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിനുള്ളത്.
ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം 2022ല്‍ ആറാംസ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടത് നാം ഏറെ ഗൗരവത്തോടെ കണേണ്ട കാഴ്ചയാണ്.
2004 ല്‍ സംസ്ഥാനത്ത് നിലവില്‍വന്ന ഭക്ഷ്യസുരക്ഷാ നിയമത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുകയും ഭക്ഷ്യസുരക്ഷാവകുപ്പിന് എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന മൊബൈല്‍ ലാബ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഇപ്പോള്‍ നാം പിന്നിലാകുന്നത് കെടുകാര്യസ്ഥതയുടെ തെളിവാണ്.
അതത് ജില്ലകളിലുള്ള ഉദ്യോഗസ്ഥരാണ് ഹോട്ടലുകളില്‍ പരിശോധന നടത്തുന്നത്. ഉദ്യോഗസ്ഥരുമായുള്ള വ്യാപാരികളുടെ സൗഹൃദവും പരിചയവും പരിശോധന പ്രഹസനമാക്കുന്നു. പരിഹാരമായി മറ്റ് ജില്ലകളിലെ ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് നിയോഗിക്കുന്ന ഇന്റര്‍ഡിസ്ട്രിക്ട് സ്‌ക്വാഡുകള്‍ ഭക്ഷ്യസുരക്ഷാവകുപ്പില്‍ ഉണ്ടായിരുന്നു.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പൂട്ടിക്കുന്ന ഹോട്ടലുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ നടപടിയെടുക്കണമെന്നാണ് സര്‍ക്കാരിന്റെ മറ്റൊരു അശാസ്ത്രീയ നിര്‍ദ്ദേശം. എല്ലാ ജില്ലകളിലുമുള്ള ഹോട്ടലുകളും ഭക്ഷണശാലകളും പരിശോധിച്ച് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ തീരുമാനം കൈക്കൊള്ളുന്നത് അസാദ്ധ്യമാണ്. മുമ്പ് ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവരുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ടിരുന്ന ജില്ലാതല കമ്മിറ്റിയാണ് തീരുമാനമെടുത്തിരുന്നത്. പ്രയോഗികമായ ഈ രീതി സര്‍ക്കാരും ആരോഗ്യവകുപ്പും അട്ടിമറിച്ചു.
പരിശോധനാ സ്‌ക്വാഡുകള്‍ക്ക് പുറമെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്വിക്ക് റെസ്പോണ്‍സ് സ്‌ക്വാഡുംകളുടെ പ്രവര്‍ത്തനവും അവസാനിപ്പിച്ചു. ഈ സ്‌ക്വാഡ് പരിശോധന നടത്തി ഹോട്ടലുകളില്‍ മത്സ്യവും മാംസവും സൂക്ഷിക്കുന്ന ഫ്രീസറുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ രാത്രിയിലും പ്രവര്‍ത്തനസജ്ജമണോ എന്ന് പരിശോധിക്കുമായിരുന്നു. ക്വിക്ക് റെസ്പോണ്‍സ് സ്‌ക്വാഡുകളെ നിര്‍ജീവമാക്കിയതോടെ ഈ പരിശോധനയും നിലച്ചു.
സംസ്ഥാനത്ത് ഭക്ഷണം പരിശോധിക്കാനുള്ള അനലറ്റിക്കല്‍ ലാബുകള്‍ സജ്ജമാണെങ്കിലും ഭക്ഷണപദാര്‍ത്ഥങ്ങളിലെ രാസപരിശോധന മാത്രമാണ് കുറച്ചെങ്കിലും നടത്തുന്നത്. എന്നാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന പദര്‍ത്ഥങ്ങള്‍ കണ്ടെത്തണമെങ്കില്‍ മൈക്രോ ബയോളജി പരിശോധന നടത്തേണ്ടതുണ്ട്. മൈക്രോ ബയോളജി സംവിധാനങ്ങള്‍ ഒരുക്കാനായി കേന്ദ്ര സര്‍ക്കാര്‍ മൂന്നുകോടി രൂപ നല്‍കിയെങ്കിലും വിനിയോഗിക്കാന്‍ സംസ്ഥാനം തയാറായിട്ടില്ല. അതുകൊണ്ടുതന്നെ ഭക്ഷ്യവിഷബാധയുമായി കേസുകളില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാനാകാത്ത അവസ്ഥയാണ്.
ആര്‍ക്കും എവിടെയും ഹോട്ടലുകള്‍ തുടങ്ങാനാകുമെന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഭക്ഷണശാലകള്‍ തുടങ്ങുമ്പോള്‍ ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഭൂരിഭാഗം സ്ഥാപനങ്ങളിലും ഇല്ലായെന്നത് വസ്തുതയാണ്. ഹോട്ടല്‍ മനേജ്മെന്റും കേറ്ററിംഗ് കോഴ്സുകളും പഠിച്ച വിദഗ്ധര്‍ എല്ലാ ഭക്ഷണശാലകളിലും ഉണ്ടാകണമെന്ന കാര്യത്തിലും തീരുമാനങ്ങള്‍ ഉണ്ടാകണം. അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനകള്‍ കര്‍ശനമാക്കാതെ ശാസ്ത്രീയവും പ്രയോഗികവുമായ നടപടികളിലൂടെ ഭക്ഷ്യസുരക്ഷാ സംവിധാനം നിലവില്‍ വരുത്തണം. കൃത്യമായ പരിശോധനാ സംവിധാനങ്ങളും ലാബുകളും ജീവനക്കാരും സൗകര്യങ്ങളും ഇനിയെങ്കിലും ഉണ്ടായില്ലെങ്കില്‍ ഭക്ഷണശാലകള്‍ കൊലക്കളമായി മാറുന്ന സാഹചര്യം ആവര്‍ത്തിച്ചേക്കാം.