Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'രണ്ടാമൂഴത്തിൽ അഴിഞ്ഞാടുന്ന സി.പി.എം' ജെയിംസ് കൂടൽ എഴുതുന്നു

‘രണ്ടാമൂഴത്തിൽ അഴിഞ്ഞാടുന്ന സി.പി.എം’ ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ

സി.പി.എം പ്രവർത്തകൻ എന്നാൽ എല്ലാത്തിനും അതീതൻ എന്ന നിലയിലായി എന്ന തരത്തിലാണ് ചിലരുടെ വിചാരവും പെരുമാറ്റവും. അവർക്ക് നിയമത്തിനെ ഭയപ്പെടേണ്ട, നിയമ പാലകരെ അനുസരിക്കേണ്ട എന്ന തരത്തിൽ വളർന്നിരിക്കുന്നു തലക്കനം. പ്രാദേശിക നേതാക്കൾ മുതൽ ഇത്തരത്തിൽ പെരുമാറാൻ തുടങ്ങിയതോടെ വിപ്‌ളവ പാർട്ടിയായ സി.പി.എമ്മുകാർ സമാധാനജീവിതത്തിന് ഉയർത്തുന്ന ഭീഷണി ചെറുതല്ല. മുമ്പ് പിരിവ് നൽകാത്തവരെയും വിരുദ്ധരെയുമാണ് പാർട്ടി പ്രവർത്തകർ ഉപദ്രവിച്ചിരുന്നുവെങ്കിൽ ഇന്നത്തെ സാഹചര്യം അങ്ങനെയല്ല. എതിർക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും ഇല്ലാതാക്കി കളയുമെന്ന തരത്തിൽ ഭീഷണി ശബ്ദങ്ങൾ ഉയരുന്നു.

കഴിഞ്ഞ ദിവസം കായംകുളത്ത് പൊലീസ് ഇൻസ്‌പെകടറെ സി.പി. എം ലോക്കൽ കമ്മിറ്റിയംഗം ഭീഷണിപ്പെടുത്തിയതാണ് ഇത്തരത്തിലുള്ള സംഭവ പരമ്പരയിലെ അവസാന സംഭവം. ലോക്കൽ കമ്മിറ്റിയംഗം അഷ്‌കർ ആയിരുന്നു വില്ലനായത്. ഹെൽമറ്റ് വയ്ക്കാത്തതിനെ ചോദ്യം ചെയ്തതാണ് നേതാവിനെ പ്രകോപ്പിപ്പിച്ചത്. മന്ത്രി ശിവൻകുട്ടി എത്തിയ പരിപാടിക്ക് മുമ്പായിരുന്നു ഇത്തരത്തിലൊരു സംഭവമുണ്ടായത്. ഇതേ ജില്ലയിൽ സ്ത്രീകളുടെ അശ്‌ളീല ചിത്രം ഫോണിൽ സൂക്ഷിച്ചതിന് പാർട്ടിയിൽ നിന്ന് പുറത്തായത് ഏരിയാ കമ്മിറ്റിയംഗമാണ്. എ.പി. സോണയെന്ന യുവനേതാവാണ് ഇത്തരത്തിൽ ഒരു അസാൻമാർഗികതയ്ക്ക് പുറത്താക്കപ്പെട്ടത്. ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട് പിടിയിലായതും ഇതേ ജില്ലയിലെ സി.പി. എം ജനപ്രതിനിധിയാണ്. മുമ്പ് കൊലപാതക കേസിൽ പാർട്ടി പ്രവർത്തകർ ഉൾപ്പെടുന്നത് സർവ സാധാരണമായിരുന്നുവെങ്കിൽ ഇന്ന് തട്ടിപ്പ് മുതൽ പീഡനം വരെ പാർട്ടി അംഗങ്ങളുടെ പങ്കാളിത്തതോടെയാണ് അരങ്ങേറുന്നത്. പോക്‌സോ കേസുകളിൽ ഉൾപ്പെടെ പാർട്ടി അംഗങ്ങളുടെ പങ്കാളിത്തം ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കാനാകില്ല. തിരുവനന്തപുരത്ത് ലഹരി വിരുദ്ധ ക്യാമ്പയിന് നേതൃത്വം കൊടുത്ത പാർട്ടി പ്രവർത്തകൻ ആണ് ലഹരിക്കേസിൽ അറസ്റ്റിലായത്. തിരുവല്ലയിലെ നഗ്‌നനൃത്തവും ചെറുതായി കാണാവുന്ന കാര്യം അല്ല. മുമ്പ് നിയമന വിവാദങ്ങളും സാമ്പത്തിക തട്ടിപ്പുകളും ആരോപണങ്ങളുമായിരുന്നു സി.പി. എമ്മിന് തലവേദനയെങ്കിൽ ഇപ്പോൾ സകലക്കേസിലും പാർട്ടിക്കാർ പ്രതിയാകുന്ന കാഴ്ചയാണുള്ളത്.

ഇലന്തൂരിലെ നരബലിയിൽ പോലും സി.പി. എം പ്രവർത്തകനായ ഭഗവൽ സിംഗും ഭാര്യയുമായിരുന്നു മുഖ്യ ആസൂത്രകർ എന്നറിയമ്പോൾ ആ പാർട്ടിയുടെ അപചയം വ്യക്തമാണ്. രണ്ടാം പിണറായി സർക്കാർ നിലവിൽ വന്നതിന് ശേഷം പാർട്ടികാർ പ്രതികളാകുന്ന കേസുകളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായി എന്നത് വസ്തുതയാണ്. ഈ കാര്യത്തിൽ ഒരു കണക്കെടുപ്പ് അനിവാര്യമാണ്. ചോദ്യം ചെയ്യുന്നവരെ സംഘടിതമായി അക്രമിക്കുന്ന സമീപനമാണ് തുടരുന്നത്. ദിവസവും പുറത്തുവരുന്ന കേസുകളിൽ പാർട്ടിക്കാർ തന്നെ പ്രതികളും ഇരകളുമാകുന്ന സംഭവങ്ങളും ഏറെയുണ്ട്. പലതും നിയമത്തിന് മുന്നിൽ എത്താത് ഒതുക്കപ്പെടുകയാണ്. പാർട്ടി ഓഫീസുകൾ തന്നെ ജഡ്ജിയും കോടതിയുമാകുന്ന വിചിത്രമായ അവസ്ഥ സംസ്ഥാനത്ത് സംജാതമായിരിക്കുന്നു. ബംഗാളിൽ കണ്ടുമറന്ന കാഴ്ചകളിലേക്ക് സംസ്ഥാനം ചെന്നെത്തിയെന്ന് വേണം കരുതാൻ. സി.പി. എമ്മിന്റെ മസിലുപിടുത്തം പാർട്ടിയുടെ ജനകീയ അടിത്തറയ്ക്ക് തന്നെ വിള്ളൽ വീഴ്ത്തിയിരിക്കുകയാണ്. പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞപോക്ക് ഇതിന്റെ വ്യക്തമായ സൂചനയാണ്. കുട്ടനാട്ടിൽ അടിയുറച്ച പാർട്ടി കുടുംബങ്ങൾ കൂട്ടമായാണ് കമ്മ്യൂണിസത്തെ കൈവെടിയുന്നത്. നിയമത്തെ ചോദ്യം ചെയ്ത് രാജ്യത്തെ സമാധാനം നശിപ്പിക്കാൻ കച്ചകെട്ടുന്നവരെ നാളെ ജനം തിരിച്ചറിയും എന്നത് പരമമായ സത്യമാണ്. പിന്നീട് കാലം കാത്തുവച്ചിരുക്കുന്ന ശിക്ഷ ഭീകരമായിരിക്കുമെന്ന് നമ്മുടെ നേതാക്കൾ ഓർത്തിരുന്നാൽ നന്നാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments