ജെയിംസ് കൂടൽ
കന്യാകുമാരിയിൽ നിന്ന് പ്രയാണം ആരംഭിച്ച യാഗാശ്വം അതിന്റെ വിജയഭേരി മുഴക്കി രാജ്യത്തിന്റെ ശിരസിലേക്ക് പടർന്നു കയറുന്ന അപൂർവനിമിഷത്തിന്റെ ധന്യതയിലേക്ക് കണ്ണ് പായിക്കുകയാണ് ഇന്ത്യയും രാഷ്ട്രീയ നിരീക്ഷകരും. കോൺഗ്രസിന്റെ കണ്ണും കരളുമായ രാഹുൽ ഗാന്ധി യുവത്വത്തിന്റെ ചെറിയ ഇമേജിൽ നിന്ന് പക്വതയുടെ മറ്റൊരു ശൈലീസംവിധാനത്തിലേക്ക് മാറുന്ന കാഴ്ചയാണ് ഭാരത് ജേഡോ യാത്രയുടെ അവസാന നാളുകളിൽ കാണാനാകുന്നത്. തുടക്കത്തിൽ ബി.ജെ.പി പുശ്ചിച്ചുതള്ളിയ ജേഡോ യാത്ര ഇപ്പോൾ വരാൻ പോകുന്ന തിരഞ്ഞെടുപ്പിന്റെ കാഹളമായി മാറിയിരിക്കുന്നു. ഇന്ദ്രപ്രസ്ഥവും കടന്ന് രാഹുലിന്റെ ജേഡോ യാത്ര കാശ്മീരിന്റെ സൗന്ദര്യ ലോകത്തേക്ക് കടന്നിരിക്കുകയാണ്. ലഖൻ പൂർ വഴി യാത്ര ജമ്മുവിൽ പ്രവേശിച്ചപ്പോൾ തന്നെ പ്രതിപക്ഷ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിന് ഏറ്റവും വലിയ ഉദാഹരണം ആണ് സി.പി.ഐ ജേഡോയാത്രയുടെ സമാപനയോഗത്തിൽ പങ്കെടുക്കുമെന്ന തീരുമാനം പുറത്തുവിട്ടത്. 25ന് ബനിഹാളിൽ ദേശീയപതാക ഉയർത്തി , 27 ന് അനന്തനാഗ് വഴി കാശ്മിരീലേക്ക് പ്രവേശിക്കുന്ന യാത്ര 30 ന് ശ്രീനഗറിൽ സമാപിക്കുമ്പോൾ അത് രാജ്യത്തിന്റെ ചരിത്രത്തിലെ മഹത്തായ മറ്റൊര് ഏടായി മാറും. സ്വാതന്ത്ര്യസമരത്തിന് ശേഷം കോൺഗ്രസ് നേതൃത്വം നൽകുന്ന നവയുഗപ്പിറവിക്കായിരിക്കും ശ്രീനഗർ സാക്ഷ്യം വഹിക്കുക. സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജ ഉൾപ്പെടെയുള്ള പ്രമുഖർ രാഹുൽ ഗാന്ധിക്കൊപ്പം അണിനിരക്കുമ്പോൾ വലിയൊരു രാഷ്ട്രീയ സമവാക്യമാകും ഇനി ഇന്ത്യയിൽ ഊരിത്തിരിഞ്ഞുവരുക. പ്രധാനമായും വർഗീയതയ്‌ക്കെതിരെയുള്ള മുദ്രവാക്യമാകും മുഴങ്ങുക. ത്രിപുരയിലെ കോൺഗ്രസ് സി.പി.എം സഖ്യവും രാഹുലിന്റെ വിശാല കാഴ്ചപ്പാടിന്റെ സന്തതിയാണ്.
രാജ്യത്തെ ഒന്നിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ കന്യാകുമാരി മുതൽ കാശ്മീർ വരെ 3500 കിലോമീറ്റർ കാൽനടയായി പിന്നിടുകയാണ് കോൺഗ്രസിന്റെ പോരാളികൾ. സംഘപരിവാറിൽ നിന്ന് മോചിപ്പിച്ച് ഭാരതാംബയുടെ ആത്മാവ് വീണ്ടെടുക്കുകയെന്ന മഹത്തായ ലക്ഷ്യത്തിലേക്കാണ് രാഹുൽ ചുവടുവയ്ക്കുന്നത്. പരിഹാസങ്ങളും വിമർശനങ്ങളുമായി മോദിയും അമിത്ഷായും സ്വയം പ്രതിരോധം ഒരുക്കിയത്, ഇന്ദ്രപ്രസ്ഥത്തിലെ ഭരണത്തലവൻമാർക്കിടയിൽ ഞെട്ടൽ അനുഭവപ്പെട്ടതിന് തെളിവാണ്. ഗാന്ധിയുടെ ദണ്ഡിയാത്രയും അദ്ധ്വാനിയുടെ രഥയാത്രയും സമൂഹത്തിൽ വരുത്തിയ വ്യതിയാനങ്ങൾ ചെറുതല്ലായെന്ന് നമുക്കറിയാം. രാഹുൽഗാന്ധിക്കൊപ്പം രാജ്യത്തെ ജനലക്ഷങ്ങളും അണിചേർന്നപ്പോൾ വരാൻ പോകുന്ന മാറ്റങ്ങൾ ചെറുതായിരിക്കില്ല. ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം’ എന്ന സന്ദേശം ഉയർത്തി രാഹുൽഗാന്ധിയും സംഘവും 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളും കാൽനടയായി പിന്നിടുകയാണ്. 118 സ്ഥിരം യാത്രികരാണ് രാഹുലിനാെപ്പം കാശ്മീർ വരെ അനുഗമിച്ചത്.. കൂടാതെ പതിനായിരത്തോളം പദയാത്രികരും അനുഗമിച്ചു
കൈത്തറി, തൊഴിലുറപ്പ്, മത്സ്യബന്ധനം, കൃഷി തുടങ്ങിയ മേഖലകളിലെ സംഘടിതരും അസംഘടിതരുമായ തൊഴിലാളികളുമായും ചെറുകിട, ഇടത്തരം സംരംഭകരുമായും അഭ്യസ്തവിദ്യരായ തൊഴിൽരഹിതർ, വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, മറ്റ് ദുർബല ജനവിഭാഗങ്ങൾ, സാംസ്‌കാരികപ്രമുഖർ തുടങ്ങിയവരുമായെല്ലാം രാഹുൽഗാന്ധി സംവദിച്ചാണ് പ്രയാണം പൂർത്തീകരിക്കുന്നത്. അറിഞ്ഞും അറിയിച്ചും 150 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 3570 കിലോമീറ്റർ സഞ്ചരിച്ച് പദയാത്ര കാശ്മീരിലെത്തുമ്പോൾ സംഘപരിവാറിന്റെ വിഭജനെ അജണ്ടയെ ചെറുക്കുകയാണ് ലക്ഷ്യം. ഗാന്ധിയും നെഹ്രുവും ആസാദും അംബേദ്കറുമൊക്കെ പതിറ്റാണ്ടുകൾ ജീവനും രക്തവും ഹൃദയവും നൽകി കാത്തുസൂക്ഷിച്ച ഇന്ത്യ ഇന്ന് വർഗീയതയുടെ വിളഭൂമിയാക്കിയിരിക്കുന്നു. ഇതിൽ നിന്നുള്ള മോചനമാണ് രാഹുൽ സ്വപ്‌നം കാണുന്നതും പറഞ്ഞുതരുന്നതും.
ഭരണഘടനയേയും ഇന്ത്യയുടെ ദേശീയ പതാകയെപ്പോലും അംഗീകരിക്കാൻ തയ്യാറാകാത്ത ആർ.എസ്.എസിന്റെ കൈയിലായിരിക്കുന്ന രാജ്യത്തെ മോചിപ്പിക്കാൻ കോൺഗ്രസ് മാത്രമാണ് പ്രാപ്തമെന്നും രാഹുൽ യാത്രയിലൂടെ വെളിവാക്കുന്നു. ഭരണഘടനയെയും ദേശീയപതാകയെയും അംഗീകരിക്കാത്ത ഒരു പ്രസ്ഥാനം ദേശീയതയുടെ അപ്പോസ്തലന്മാരാകാൻ നടത്തുന്ന ശ്രമം കോൺഗ്രസ് തുറന്നുകാട്ടുന്നു.
രാഹുൽ ഗാന്ധിയിലൂടെ, ഇന്ത്യൻ ജനത രാജ്യത്തിന്റെ പൊതുശത്രുവിനെ തിരിച്ചറിയിന്നുവെന്നുവേണം കരുതാൻ. സംഘപരിവാർ വിഭജിക്കാൻ ശ്രമിക്കുന്ന ഇന്ത്യ, ഭാരത് ജേഡോ യാത്രയിലൂടെ ഒന്നിച്ചാൽ അത് വലിയ മാറ്റത്തിനാകും കരുത്തേകുക. അതുവഴി പുലരാൻ പോകുന്നത് ഇന്ത്യയുടെ ഏകത്വവും മതേതരത്വവും സമാധാന ജീവിതവുമാകും. പുതിയ പുലരിയിൽ ഇന്ദ്രപ്രസ്ഥത്തിൽ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ മൂവർണ്ണ കൊടി പാറിപ്പറക്കുമെന്ന് പ്രതീക്ഷിക്കാം.