ജെയിംസ് കൂടൽ
വിദ്യാഭ്യാസത്തിന്റെ ഒരു അലങ്കാരം തന്നെയാണ് പി.എച്ച്.ഡി. വിദഗ്ധമായി ഒരു വിഷയത്തില്‍ പഠനം നടത്തുക, അങ്ങനെയൊരു പ്രബന്ധം തയാറാക്കുക, അത് സമൂഹത്തിന് വേണ്ടി ഗുണകരമായി മാറ്റുക. എന്നത് അംഗീകരിയ്‌ക്കേണ്ട വസ്തുതയുമാണ്. പലപ്പോഴും ശ്രദ്ധ കിട്ടാതെ പോകുന്ന എത്രയോ വിഷയങ്ങളില്‍ ഇടപെടാന്‍ ഇത്തരം പ്രബന്ധങ്ങള്‍ക്കായി എന്നതും ശ്രദ്ധേയമാണ്. നാളെയ്ക്കുള്ള വലിയൊരു മുതല്‍ക്കൂട്ടാണ് ഇത്തരം പ്രബന്ധങ്ങളെന്നും പറയാതെ വയ്യ. ഇതിന്റെ ഗൗരവം തിരിച്ചറിഞ്ഞതുകൊണ്ടാണ് സര്‍ക്കാര്‍ തന്നെ ഇത്തരം ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്റിനത്തില്‍ വലിയ തുക നല്‍കി വരുന്നതും.
അത്യന്തം ഗൗരവപൂര്‍ണമായി സമീപിയ്‌ക്കേണ്ട ഇത്തരം വിഷങ്ങളിന്ന് കുട്ടിക്കളിയായോ? പലര്‍ക്കും പേരിനൊപ്പം ചേര്‍ക്കാനുള്ള വാലുമാത്രമാണ് ഡോക്ടറേറ്റ്. അതിനെ ഗൗരവത്തോടെ സമീപിക്കാനെ അതിന്റെ പ്രാധാന്യം പകരാനോ അവര്‍ക്ക് കഴിയുന്നില്ല. ചിന്ത ജെറോമിന്റെ പ്രബന്ധത്തിലെ തെറ്റുകളെ ഇത്രമേല്‍ നാം ചര്‍ച്ച ചെയ്യുന്നതും അതുകൊണ്ടു തന്നെ. തെറ്റായ പ്രബന്ധം അവതരിപ്പിച്ച് പേരിനൊപ്പം ഡോക്ടറേറ്റ് ചേര്‍ത്താല്‍ അത് സമൂഹത്തിന് പകരുന്നത് തെറ്റായ സന്ദേശം തന്നെയാണ്. ചിന്തയെ ഇതിനു സഹായിച്ച ഗൈഡ്, പ്രബന്ധാവതരണത്തില്‍ നേതൃത്വം നല്‍കിയ വിദഗ്ധര്‍ തുടങ്ങിയവരും ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. ഡോക്ടറേറ്റ് വെറുമൊരു കുട്ടിക്കളിയല്ല.
ഉഡായിപ്പ് ഡോക്ടറേറ്റുകള്‍ ആവോളം ലഭിക്കുന്ന നാടാണ് നമ്മുടേത്. വിശദമായ പഠനങ്ങളോ, പ്രബന്ധങ്ങളോ ഒന്നും തയാറാക്കേണ്ട. വേണ്ടത,് ചോദിക്കുന്ന പണം മാത്രം. വിദേശത്തെ പല സര്‍വകലാശാലകളുടെ പേരിലും ഇത്തരം ഡോക്ടറേറ്റുകള്‍ ധാരാളം ലഭിക്കുകയും ചെയ്യും. നമ്മുടെ നാട്ടിലെ പലരുടേയും പേരിനൊപ്പമുള്ള ഡോക്ടര്‍ ഒന്ന് വിശദമായി പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. ഇത്തരമൊരു പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതു തന്നെയാണ്. ചോദിക്കുന്ന പണം നല്‍കിയാല്‍ സൗജന്യ ടിക്കറ്റ്, താമസം, ആഢംബരമായി ഡോക്ടറേറ്റ് ദാന ചടങ്ങ്, തുടര്‍ന്ന് ഫോട്ടോ സെക്ഷന്‍… ഇതൊക്കെയാണ് പലരുടേയും ഡോക്ടറേറ്റ് പാക്കേജില്‍ ഉള്‍പ്പെടുന്നത്.
വിദ്യാഭ്യാസത്തിന്റെ ഗൗരവം നഷ്ടപ്പെടുത്തുന്ന, ആധികാരികമായ പ്രബന്ധങ്ങള്‍ തയാറാക്കുന്ന വിദ്യാര്‍ത്ഥികളെ അപമാനിക്കുന്നതിന് തുല്യമാണ് ഇത്തരം വ്യാജ ഡോക്ടറേറ്റുകള്‍. ഇവരുടെ പഠനം എന്ത്, വിഷയം എന്ത് എന്നൊക്കെ ചോദിച്ചാല്‍ പലരും തലകുനിച്ച് കുമ്പിടും. ചിന്തയുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത് ഇത്തരം ഗൗരവമേറിയ പിഴവാണ്. ആധികാരികമായി തയാറാക്കി എന്ന് അവകാശപ്പെടുന്ന, വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് അവതരിപ്പിച്ച പ്രബന്ധമാണ് വിമര്‍ശിക്കപ്പെട്ടിരിക്കുന്നത്. നിലവാര തകര്‍ച്ച എന്നതിനേക്കാള്‍ അപമാനം എന്നും പറയാതെ വയ്യ.
വിദേശത്തെ പല സര്‍വകലാശാലകളും വളരെ ഗൗരവത്തോടെ കാണുന്ന ഒന്നാണ് പിഎച്ച്ഡി. അതിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ സമീപിക്കുന്ന നിലപാടുകളും മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്. വിദ്യാഭ്യാസത്തില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ ഒരു പ്രമുഖ സര്‍വകലാശാലയില്‍ നിന്നാണ് ഈ വീഴ്ച എന്നതാണ് സങ്കടകരം. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു പഠനം നടത്തുന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇത്തരം കാര്യങ്ങളും ഇനി കണ്ടു പഠിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. എന്തായാലും ചിന്തയില്ലാത്ത ചിന്തയ്ക്കുവേണ്ടി മഹാകവികളെ മാപ്പ്….