ജെയിംസ് കൂടൽ
പുതിയൊരു തുടക്കത്തിനായി സമൂലമായ മാറ്റങ്ങൾക്ക് രൂപം നൽകികൊണ്ടുള്ള എഴുപത്തിയഞ്ചാമത് കോൺഗ്രസ് പ്‌ളീനറി സമ്മേളനം നവ റായ്പൂരിൽ സമാപിച്ചു. വ്യക്തവും ദൃഢവുമായ 85 ഭേദഗതികൾ കോൺഗ്രസ് ഭരണഘടനയിൽ നിശ്ചിച്ചത് വരുംകാലത്തിന്റെ മാറ്റങ്ങളുടെ വലിയ സൂചനയാണ്. പിന്നാക്ക ന്യൂനപക്ഷങ്ങൾക്കും യുവാക്കൾക്കും സ്ത്രീകൾക്കും 50 ശതമാനം സംഭവരണമെന്നത് കാലം കാത്തിരുന്ന കാര്യമാണ്. വിശാലമായ ചിന്താധാരയാണ് ഇവിടെ കോൺഗ്രസ് പ്രകടമാക്കുന്നത്.
കടബാധ്യതയിൽ നിന്ന് കർഷകർക്ക് ഒറ്റത്തവണ ആശ്വാസം ലക്ഷ്യമിട്ട് ആറു ലക്ഷം രൂപ വരെ എഴുതിത്തള്ളുന്ന പ്രത്യേക പദ്ധതി പ്‌ളീനറി സമ്മേളനം പാസാക്കിയ ശക്തമായ കാർഷിക പ്രമേയമാണ്. വരുംകാല ഭാരതത്തിന്റെ ഭാവി ഇവിടെ പ്രകടമാണ്.
കർഷകരുടെ കടവുമായി ബന്ധപ്പെട്ട പരാതികളിൽ പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കാൻ ദേശീയ കർഷക കടാശ്വാസ കമ്മിഷൻ രൂപീകരിക്കുമെന്നതും ആശ്വാസത്തിന് വകനൽകുന്നു.
കാർഷികോത്പ്പന്നങ്ങൾക്കായി ഉപഭോക്താവ് നൽകുന്നതിന്റെ 50 ശതമാനം വരുമാനം കർഷകർക്ക് ലഭിക്കണമെന്നതും കുറഞ്ഞ താങ്ങുവില കർഷകരുടെ നിയമപരമായ അവകാശമാക്കി അതിൽ താഴെ വിലയ്ക്ക് കാർഷികോത്പ്പന്നങ്ങൾ വാങ്ങുന്നത് ശിക്ഷാർഹമായ കുറ്റമാക്കുന്നതും പ്‌ളീനറി സമ്മേളനത്തിന്റെ വിജയമായി കാണാനാകും.
ചിന്തൻ ശിബിരത്തിന്റെ പ്രഖ്യാപനമായ ഒരാൾ ഒരു പദവിയിൽ അഞ്ചു വർഷമെന്ന നിർദ്ദേശം യുവ, വിദ്യാഭ്യാസ, തൊഴിൽ പ്രമേയത്തിലുണ്ട്. എൻ.ഡി.എ സർക്കാർ നടപ്പാക്കിയ അഗ്‌നിപഥ് പദ്ധതി പിൻവലിച്ച് പഴയ മാതൃകയിൽ റിക്രൂട്ട്‌മെന്റ് പുന:സ്ഥാപിക്കണമെന്ന ആവശ്യവും ശ്രദ്ധേയമാണ്.പിന്നാക്ക, ദളിത്, ഗോത്ര വിഭാഗങ്ങളിൽ നിന്നുള്ള വനിതകൾക്ക് നിയമസഭകളിലും പാർലമെന്റിലും പ്രാതിനിദ്ധ്യം ഉറപ്പാക്കാൻ കഴിയും വിധം 50ശതമാനം വനിതാ സംവരണം പാർട്ടി നയമാണെന്നും പ്രമേയം അടിവരയിടുന്നു.
തൊഴിലിടങ്ങളിൽ ലൈംഗികാതിക്രമം തടയുന്നതിനുള്ള കമ്മിറ്റികൾ,
പെൺകുട്ടികൾക്ക് ബിരുദാനന്തര ബിരുദം വരെ സ്‌കോളർഷിപ്പ്,
വേതനത്തിലും തൊഴിലിലും ലിംഗ അസമത്വം ഇല്ലാതാക്കൽ എന്നിവയും പ്രതീക്ഷകൾക്ക് വകനൽകുന്നതാണ്.
ബി.ജെ.പിക്ക് ബദൽ കോൺഗ്രസ് മാത്രം
ബി.ജെ.പിക്ക് ബദലാകാൻ കോൺഗ്രസിനെ മാത്രമേ കഴിയു എന്നോർമ്മിപ്പിച്ചും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാൻ ആഹ്വാനം ചെയ്തുമാണ് മൂന്നു ദിവസത്തെ കോൺഗ്രസ് പ്‌ളീനറി സമ്മേളനം അവസാനിച്ചത്.
സമിതികളിൽ പട്ടിക, ഒ.ബി.സി, വനിത, ന്യൂനപക്ഷ, യുവജന വിഭാഗങ്ങൾക്ക് 50 ശതമാനം സംവരണം ഉറപ്പാക്കിയത് ചരിത്ര ഭേദഗതിയാണ്. ഇന്ത്യയുടെ ബദൽ കാഴ്ചപ്പാട് നൽകാൻ ഭാരത് ജോഡോ യാത്രയ്ക്ക് കഴിഞ്ഞുവെന്നും വിലയിരുത്തൽ ഉണ്ടായി. ഭരണഘടനയെ സംരക്ഷിക്കാനും രാജ്യം നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനുമാണ് സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാർട്ടികളുമായി പ്രവർത്തിക്കാൻ തയ്യാറാകുന്നതെന്നും ‘റായ്പൂർ പ്രഖ്യാപന’ത്തിൽ വിശദമാക്കി.
ജി.എസ്.ടി ലളിതമാക്കി ജ.എ.സ്.ടി നഷ്ടപരിഹാരം അഞ്ച് വർഷത്തേക്ക് കൂടി നീട്ടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ശക്തവും ഏകീകൃതവുമായ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയവും പൊതു ലക്ഷ്യവുമാണ് റായ്പൂർ പ്ലീനറി നൽകുന്നതെന്നും പ്രഖ്യാപനത്തിൽ പറയുന്നു.
കാർഷിക, സാമൂഹിക നീതിശാക്തീകരണ, യുവവിദ്യാഭ്യാസതൊഴിൽ പ്രമേയങ്ങൾ പാസാക്കി.
പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്
അദാനി വിഷയമടക്കം ഉയർത്തി കേന്ദ്രസർക്കാരിനെതിരെ മൂന്ന് മാസം നീളുന്ന രാജ്യവ്യാപക പ്രതിഷേധ പരിപാടികൾ കോൺഗ്രസ് നടത്തും.
മാർച്ച് 13ന് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കും. മാർച്ച് അവസാനം ജില്ലാ തലത്തിലും ഏപ്രിൽ ആദ്യം സംസ്ഥാന തലത്തിലും റാലികൾ നടത്തും. ദേശസാത്കൃത ബാങ്കുകൾക്കും എൽ.ഐ.സി ഓഫീസുകൾക്ക് മുന്നിലും ബ്ലോക്ക് തലത്തിൽ
പ്രതിഷേധിക്കും.