Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'പ്രാണൻ നിലനിർത്താൻ കൊച്ചി' ജെയിംസ് കൂടൽ എഴുതുന്നു

‘പ്രാണൻ നിലനിർത്താൻ കൊച്ചി’ ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ

കൊച്ചിക്ക് ശ്വാസം മുട്ടുകയാണ്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ജനം ജീവവായുവിനായി കേഴുകയാണ്. പ്രാണൻ നിലനിറുത്താൻ വീടിനകത്ത് അടച്ച് ഇരിക്കേണ്ട അവസ്ഥ. അണുബോംബ് വർഷിച്ച പ്രതീതി. എങ്ങനെ മറികടക്കാൻ ആകും ഈ ദുരവസ്ഥയെ. ജീവൻ കൈയിലെടുത്ത് പലായാനം ചെയ്യേണ്ട മാനസിക അവസ്ഥയിലേക്ക് കൊച്ചിക്കാർ മാറിയിരിക്കുന്നു. ബ്രഹ്മപുരം ഖരമാലിന്യ പ്ലാന്റിലെ തീപിടിത്തവും അവിടെ നിന്ന് ഉയരുന്ന വിഷപ്പുകയുമാണ് നാടിന് ഭീഷണിയാകുന്നത്. കൊച്ചി നഗരവാസികളെ അക്ഷരാർത്ഥത്തിൽ ശ്വാസംമുട്ടിക്കുകയാണ്. എഴുപതോളം ഏക്കറിലായി ഇരുപതു മീറ്ററിലധികം ഉയരത്തിൽ കുന്നുകൂടിക്കിടക്കുന്ന മാലിന്യമലയ്ക്കാണ് തീപിടിച്ചത്. തീപിടിത്തം അട്ടിമറിയാണെന്ന് സംശയമുണ്ട്. മാലിന്യസംസ്‌കരണം ഏറ്റെടുത്തിരിക്കുന്ന കരാറുകാരനെ രക്ഷിക്കാൻ ആരോ മനഃപൂർവം തീവച്ചതാണെന്നുമുള്ള ആക്ഷേപം ശക്തമാണ്. സത്യാവസ്ഥ എന്താണെന്ന് അറിയാൻ ജനത്തിന് തത്കാലം താത്പര്യം ഇല്ല. ജീവവായു എങ്ങനെ ശുദ്ധമായി കിട്ടും എന്നാണ് ജനത്തിന് അറിയേണ്ടത്. അതുകൊണ്ട് തന്നെ അട്ടിമറി സംശയത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും കൂടുതൽ വിവരം ജനം തിരയുന്നില്ല.

തികച്ചും അശാസ്ത്രീയമായ മാലിന്യസംസ്‌കരണമാണ് കേരളത്തിലെ എല്ലാനഗരങ്ങളിലും നടന്നുവരുന്നത്. കൊച്ചിയിൽ അതിന്റെ തീവ്രത കൂടുതലുമാണ്.

ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാൻ സ്ഥലം ഇല്ലാത്തതാണ് പ്രധാനപ്രശ്നം, പ്ളാന്റ് തുടങ്ങിയാൽ എതിർപ്പും കൂടും. അത് എല്ലാകാലത്തും ഉള്ളതാണ്. അതേസമയം ബ്രഹ്മപുരം പ്ലാന്റിനു വേണ്ടി കൊച്ചി നഗരസഭ സ്വന്തമാക്കിയത് 104 ഏക്കറാണ്. അത്യാധുനിക പ്ലാന്റുകൾ സ്ഥാപിച്ച് കൊച്ചി നഗരത്തിലെയും പരിസരങ്ങളിലെയും മാലിന്യ പ്രശ്‌നത്തിന് നല്ലതോതിൽ പരിഹാരം കാണാൻ ഇത്രയും സ്ഥലം മതി. നഗരത്തിലും പരിസരപ്രദേശങ്ങളിലും ഒരുദിവസം എത്ര ടൺ മാലിന്യങ്ങൾ സംസ്‌കരണത്തിന് എത്തുമെന്നു കണക്കുണ്ട്. ബ്രഹ്മപുരത്ത് തീപിടിച്ച മാലിന്യത്തിൽ അജൈവ മാലിന്യങ്ങൾ അട്ടിയട്ടിയായി കിടപ്പുണ്ട്. അതിൽ കൂടുതലും പ്ലാസ്റ്റിക്കാണ്. അതുകൊണ്ടാണ് കത്തിയപ്പോൾ വിഷപ്പുക പരന്നത്. തുടർച്ചയായി വെള്ളം ചീറ്റിയതുകൊണ്ടു മാത്രം തീരുന്നതല്ല ഇവകടുത്തെ പ്രശ്നം. വിഷപ്പുക സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണം രൂക്ഷമാണ്. ഓരോ ദിനവും വന്നെത്തുന്ന മാലിന്യങ്ങൾ പൂർണമായും ശാസ്ത്രീയമായും എങ്ങനെ സംസ്‌കരിക്കാനാവുമെന്നു പഠിച്ച് മതിയായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയാൽ മാത്രമേ ഇത്തരം പ്രശ്നത്തിന് പരിഹാരമാകൂ. ബ്രഹ്മപുരം മാലിന്യ സംസ്‌കരണത്തിന് ഓരോ വർഷവും ഒഴുകുന്നത് കോടികളാണ്. കുറെയൊക്കെ സംസ്‌കരിച്ചും കുറെ മണ്ണിൽ കുഴിയെടുത്തു മൂടിയും ശേഷിക്കുന്നത് അപ്പാടെ കൂട്ടിയിട്ടുമുള്ള സംസ്കരണം ആരോഗ്യത്തിനു ഭീഷണിയുമാണ്.

ബ്രഹ്മപുരത്ത് ഒരു ദിവസം 75 ലോഡ് പ്ലാസ്റ്റിക് മാലിന്യം എത്തുന്നുണ്ടെന്നാണ് കണക്ക്. പത്തോ പതിനഞ്ചോ ടൺ സംസ്‌കരിക്കാനുള്ള ശേഷിയേ പ്ലാന്റിനുള്ളൂ. ശേഷിക്കുന്ന മാലിന്യം വിശാലമായ വളപ്പിൽ തള്ളുകയാണ്. വലുതും ചെറുതുമായ സംസ്ഥാനത്തെ എല്ലാ നഗരങ്ങളും പട്ടണങ്ങളും നേരിടുന്ന ദുരവസ്ഥയാണിത്. മാലിന്യ ശേഖരണവും സംസ്‌കരണവും വളരെ കുറച്ചു സ്ഥലങ്ങളിലേ നിർവഹിക്കപ്പെടുന്നുള്ളൂ. മാലിന്യ സംഭരണ കേന്ദ്രങ്ങളിലെല്ലാം മാലിന്യക്കൂനകളാണ് കാണുന്നത്. ഇതിനൊരു മാറ്റം അനിവാര്യമാണ്. ശാസ്ത്രീയമായ ചിന്തകളും രീതികളും ഉണ്ടാകണം. അതിന് അധികാര വർഗം ശ്രമിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments