ജെയിംസ് കൂടൽ
ഇനി ഇല്ല ആ ചിരി. മാഞ്ഞു ഓർമ്മകളിൽ. മലയാള സിനിമയിൽ വേറിട്ട വേഷപ്പകർച്ചയിലൂടെ ശ്രദ്ധേയനായ ഇന്നസെന്റ് നമ്മേ വിട്ടുപിരിഞ്ഞിരിക്കുകയാണ്. മലയാളിയുടെ മനസിനെ എന്നും സ്വാധീനിച്ച കഥാപാത്രങ്ങളെ ആയിരുന്നു അദ്ദേഹം തിരശീലയിൽ നിറഞ്ഞ് ആടിയത്. നൃത്തശാല’ എന്ന ചിത്രത്തിലൂടെ 1972 ൽ വെള്ളിത്തിരയിൽ എത്തിയ ഇന്നസെന്റ് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായി. മലയാളക്കര ഒന്നടങ്കം പ്രിയ നടനെ ഏറ്റെടുത്തു. ‘ഗജകേസരിയോഗം’, ‘റാംജിറാവു സ്പീക്കിംഗ്’, ‘ഡോക്ടർ പശുപതി’, ‘മാന്നാർ മത്തായി സ്പീക്കിംഗ്’, ‘കാബൂളിവാല’, ‘ദേവാസുരം’, ‘പത്താംനിലയിലെ തീവണ്ടി’ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അദ്ദേഹം കയ്യടി നേടി. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്‌സ് അവാർഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയത്തിലും ഇന്നസെന്റിന് തിളങ്ങാൻ സാധിച്ചു.
ക്യാൻസറിനോട് പോരാടി ജീവിതത്തിലേക്ക് ശക്തമായ തിരിച്ചുവരവും അദ്ദേഹം നടത്തിയിരുന്നു. 2022 ൽ പുറത്തിറങ്ങിയ ‘മകൾ’, ‘കടുവ’ തുടങ്ങിയ മലയാള ചിത്രങ്ങളിൽ ഇന്നസെന്റ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു.
മലയാളത്തിലെ മുൻനിര ഹാസ്യതാരം
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ തെക്കേത്തല വറീത് – മാർഗലീത്ത ദമ്പതികളുടെ എട്ടു മക്കളിൽ അഞ്ചാമനായി 1948 ഫെബ്രുവരി 28നാണ് ഇന്നസന്റ് ജനിച്ചത്. ലിറ്റിൽഫ്‌ളവർ കോൺവെന്റ് ഹൈസ്‌കൂൾ, നാഷനൽ ഹൈസ്‌കൂൾ, ഡോൺ ബോസ്‌കോ എസ്എൻഎച്ച് സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിച്ച ശേഷം കുറച്ചുകാലം കച്ചവടക്കാരനായി. പിന്നീട് തീപ്പെട്ടിക്കമ്പനി ഉടമ, തുകൽക്കച്ചവടക്കാരൻ, വോളിബോൾ കോച്ച്, സൈക്കിളിൽ സഞ്ചരിച്ചു ചീപ്പും സോപ്പും കണ്ണാടിയും വിൽക്കുന്ന കച്ചവടക്കാരൻ എന്നിങ്ങനെ പല ജോലികൾ. അതിനിടെ നാടകങ്ങളിൽ അഭിനയിച്ചു. ആർഎസ്പിയുടെ തൃശൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1979 ൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു.
1972 ൽ, എ.ബി.രാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘നൃത്തശാല’യാണ് ഇന്നസന്റിന്റെ ആദ്യ ചിത്രം. പിന്നീട് ഡേവിഡ് കാച്ചപ്പള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന സിനിമാ നിർമാണ കമ്പനി തുടങ്ങി. ഇളക്കങ്ങൾ, വിടപറയും മുമ്പേ, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ, ഓർമയ്ക്കായി എന്നീ ചിത്രങ്ങൾ നിർമിച്ചു. വിടപറയും മുമ്പേ, ഓർമയ്ക്കായി എന്നിവ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടി. മലയാളത്തിലെ മിക്ക പ്രമുഖ സംവിധായകരുടെയും ചിത്രങ്ങളിൽ ഇന്നസന്റ് അഭിനയിച്ചിട്ടുണ്ട്. ചെറിയ തമാശ വേഷങ്ങൾ ചെയ്തിരുന്ന അദ്ദേഹത്തിന്റെ കരിയറിൽ വഴിത്തിരിവായത് സിദ്ദീഖ് ലാൽ സംവിധാനം ചെയ്ത റാംജിറാവു സ്പീക്കിങ് ആണ്. അതോടെ മലയാളത്തിലെ മുൻനിര ഹാസ്യതാരമായി അദ്ദേഹം. ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാലാ, മാന്നാർ മത്തായി സ്പീക്കിങ്, മഴവിൽക്കാവടി, ചന്ദ്രലേഖ, പൊൻമുട്ടയിടുന്ന താറാവ്, മനസ്സിനക്കരെ, ദേവാസുരം, ഡോ.പശുപതി, പിൻഗാമി, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങളിൽ വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു