ജെയിംസ് കൂടല്‍
(ചെയര്‍മാന്‍, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്, യുഎസ്എ)
കേരളം സ്വപ്‌നം കാണാന്‍ ബിജെപി തുടങ്ങിയിട്ട് നാളേറെയായി. സംസ്ഥാന ഭരണവും പാര്‍ലമെന്റിലേക്ക് കുറഞ്ഞത് പത്ത് എംപിമാരുമൊക്കെ പല ബിജെപി നേതാക്കള്‍ക്കും ഇപ്പോള്‍ സ്വപ്‌നം കാണാനും പേടിയായി. എന്തായാലും കൂട്ടിയും കിഴിച്ചും വെട്ടിയും നിരത്തിയുമൊക്കെ ചക്രശ്വാസം വലിക്കുകയാണ് ഇപ്പോള്‍. മതേതരസ്വഭാവത്തില്‍ ഊന്നി നില്‍ക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തില്‍ ബിജെപി എവിടെ രക്ഷപ്പെടാനാണെന്ന് അണികളും പറഞ്ഞു തുടങ്ങി. ഇതൊക്കെ തിരിച്ചറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന ഭാവത്തില്‍ നടക്കുന്ന ചില ബിജെപി നേതാക്കളാണ് മാസ്സ്. എന്തായാലും കേരളത്തെ കൂടെ കൂട്ടാനുള്ള ബിജെപി തന്ത്രങ്ങളാണ് ഏറ്റവും ഒടുവില്‍ പൊളിഞ്ഞു നില്‍ക്കുന്നത്.
വന്ദേഭാരതും പ്രഖ്യാപനങ്ങളും ഉദ്ഘാടനങ്ങളുമൊക്കെയായി മുണ്ടുടുത്ത മോദി കഴിഞ്ഞ ദിവസം കേരളത്തെ ഇളക്കി മറിച്ചുവെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള ഈ പ്രഹസനം വിദ്യാസമ്പന്നരായ കേരളജനത തിരിച്ചറിഞ്ഞിട്ടില്ല എന്ന് കണക്കുകൂട്ടുന്ന നേതാക്കളോട് എന്ത് പറയാനാണ്. മോദി എന്തായാലും വീണ്ടും മോടി കൂട്ടാനുള്ള പരക്കം പാച്ചിലിലാണ്. അപ്പോള്‍ മുണ്ടുടുക്കും വേണമെങ്കില്‍ പൊതുനിരത്തില്‍ വിമാനവും ഉരുട്ടും. ചുരുക്കത്തില്‍ മോദിയുടെ കേരളസന്ദര്‍ശനവും വേണ്ടത്ര ഫലം കണ്ടിട്ടില്ലെന്നു വേണം കരുതാന്‍. കാത്തിരിക്കുന്ന മതമേലധ്യക്ഷരും ഇളകിയെത്തുന്ന കേരളജനതയുമൊക്കെ പ്രതീക്ഷിച്ചെത്തിയ മോദി നിരാശനായി തന്നെയാണ് മടങ്ങിയത്. കുറഞ്ഞപക്ഷം ജനങ്ങളോട് സംവദിക്കാനുള്ള ചങ്കൂറ്റമെങ്കിലും മോദിയില്‍ നിന്നു പ്രതീക്ഷിച്ചു. ചോദ്യവും ഉത്തരവുമൊക്കെ കാത്തിരുന്ന കുറേ പാവങ്ങള്‍ മണ്ടരായി മാറി. മോദി ചോദ്യോത്തരങ്ങളുമായി കേരളത്തില്‍ കൈയടി നേടുമെന്ന് കാത്തിരുന്ന കുറേ നേതാക്കള്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടവുമില്ല.
ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനുള്ള പരക്കംപാച്ചിലിലാണ് ബിജെപി ഇപ്പോള്‍. മോദിയുടെ വരവോടെ അത് അവസാനിച്ച മട്ടിലുമെത്തി കാര്യങ്ങള്‍. പല മതമേലധ്യക്ഷന്‍മാരുടെയും തിണ്ണകള്‍ നിരങ്ങി പല നേതാക്കളുടെയും ചെരുപ്പ് തേഞ്ഞു. ഈസ്റ്ററിനും ചെറിയ പെരുന്നാളിനുമൊക്കെ ഭവനസന്ദര്‍ശനം നടത്തി തങ്ങള്‍ വര്‍ഗ്ഗീയപാര്‍ട്ടിയല്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളും നടത്തി. ഇതൊന്നും ഫലം കണ്ടില്ലെന്നു മാത്രമല്ല, ബിജെപിയുടെ വര്‍ഗ്ഗീയമുഖം അവര്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള കുമ്പസാരമാണ് ഇതെന്ന് പലരും വിധിയെഴുതുകയും ചെയ്തു.
കേരളത്തിലെ ജനങ്ങളെ വര്‍ഗ്ഗീയമായ വേര്‍തിരിക്കാനുള്ള പഠിച്ച പണി പതിനെട്ടും പയറ്റിക്കഴിഞ്ഞതാണ് ബിജെപി. പിന്നെ സമ്പത്തിന്റെ രാഷ്ട്രീയക്കളികളും എറിഞ്ഞു നോക്കി. കാശെറിഞ്ഞ് ചില നേതാക്കളെയും അണികളെയുമൊക്കെ ഒപ്പം ചേര്‍ത്തെങ്കിലും അവരൊക്കെ കാലക്രമത്തില്‍ നിരാശരായി. അനില്‍ ആന്റണിയുടെ ഭാവി എന്തായത്തീരുമെന്ന് കണ്ടറിയേണ്ട കാര്യവുമാണ്. കൃത്യമായ സംഘടനാപ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തതും അച്ചടക്കമില്ലാത്തതും ബിജെപിയുടെ ശാപമാണ്. ഗ്രൂപ്പുകള്‍ക്കുമേല്‍ ഗ്രൂപ്പും പടല്പ്പിണക്കങ്ങളും ഈ പ്രസ്ഥാനത്തെ ജനങ്ങളില്‍ നിന്നേ അകറ്റി. ബിജെപിയിലെ നേതാക്കള്‍ക്കിടയിലെ തമ്മിലടി അവസാനിക്കാതെ ഈ പ്രസ്ഥാനം എങ്ങനെ നന്നാകാനാണ്?
കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക ചുറ്റുപാട് ബിജെപിയെ ഒരു കാലത്തും പച്ചപിടിപ്പിക്കുന്നതല്ല. സാമൂഹികമായും വിദ്യാഭ്യാസപരമായും മുന്നില്‍ നില്‍ക്കുന്ന നമ്മുടെ സമൂഹം മോദിയേയും സുരേന്ദ്രനേയുമൊക്കെ കൃത്യമായി വിലയിരുത്തുന്നുമുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന ന്യൂനപക്ഷ പ്രീണനം കേരളം കൂടുതലായി ചര്‍ച്ച ചെയ്യുന്നതും അതുകൊണ്ടു തന്നെ. തിരഞ്ഞെടുപ്പിന് മുന്നോടിയായി നമുക്കിനിയും ഒരുപാട് ബിജെപി നാടകങ്ങളും തന്ത്രങ്ങളുമൊക്കെ കാണേണ്ടി വരും. തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ അത് ഒരു തമാശയായി രൂപപ്പെടുകയും ചെയ്യും എന്നതാണ് സത്യം.