ജെയിംസ് കൂടൽ
ഇരുനൂറ്റി എൺപതിലധികം പേർ മരിക്കുകയും 1000ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത ഒഡിഷയിലെ ട്രെയിൻ അപകടത്തിൻ്റെ ഞെട്ടലിലാണ് ഇന്ത്യാ മഹാരാജ്യം. ചരിത്രത്തിൽ രേഖപ്പെടുത്തിയ വലിയ ദുരന്തങ്ങളിൽ ഒന്നിനാണ് സാക്ഷ്യം വഹിച്ചിരിക്കയാണ് നമുടെ റെയിൽവേ സംവിധാനം. ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസാണ് അപകടത്തിന് തുടക്കമിട്ടത്. തെറ്റായ പാതയിലൂടെ സഞ്ചരിച്ച് നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽപ്പെട്ട കോറമണ്ഡൽ എക്‌സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റിനിരന്നു. അപകടത്തിന്റെ നിലവിളികൾക്ക് മേൽ അടുത്ത ആഘാതമുണ്ടായി. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്‌സ്പ്രസ് ഇടിച്ചുകയറിയതോടെ ദുരന്തത്തിന്റെ തീവ്രത വർദ്ധിച്ചു. ജീവനുവേണ്ടിയുള്ള നിലവിളികളിൽ ഏറെ കൊട്ടിഘോഷിച്ച ഇന്ത്യൻ റെയിൽവേയുടെ മുഖപടം അടർന്നുവീണു. ദുരന്തം വരുത്തിയ ദു:ഖത്തിനും മുകളിലായി നമുടെ കെടുകാര്യസ്ഥത.
ഒഡിഷയിലുണ്ടായ ട്രെയിൻ ദുരന്തം ഭയാനകവും വേദനാജനകവുമാണെന്ന് നാം അലപലപിക്കുമ്പോൾ ഉത്തവാദിത്വങ്ങളിൽ നിന്ന് നമുക്ക് ഒഴിഞ്ഞു മാറാനാകില്ല. അപകടത്തെ കുറിച്ചുള്ള ജനത്തിൻ്റെ ചോദ്യങ്ങൾക്ക് കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറുപടി പറയേണ്ടിവരും. വന്ദേഭാരത് പോലെയുള്ള കൊട്ടിഘോഷങ്ങൾ മാത്രമായി റെയിൽ വികസനം മാറിയിരിക്കുന്ന എന്ന തരത്തിലുള്ള വിമർശനങ്ങൾ ഉയരുന്ന അവസരത്തിലാണ് അപകടം ഉണ്ടായിട്ടുള്ളതും. നിമിഷങ്ങളുടെ
വ്യത്യാസത്തിൽ മൂന്നു ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള അപകടം അനാസ്ഥ തന്നെയാണ്. ഒരു വാദം നിരത്തിയും ആർക്കും ഒഴിഞ്ഞുമാറാനാകില്ല. തീവണ്ടിയിൽ അഗ്‌നി കണ്ടാൽ അട്ടിമറി സംശയിക്കുന്നവർ ഈ അപകടത്തിനും പുതിയ കാരണങ്ങൾ കണ്ടെത്തിയേക്കാം. പെരുമണ്ണിൽ ടൊൺണാഡോ എന്ന അത്ഭുത പ്രതിഭാസം ട്രെയിനിനെ കായലിൽ മുക്കിയത് പോലെ ആയാലും അത്ഭുതപ്പെടേണ്ടതില്ല.
ട്രെയിനുകൾ തമ്മിൽ കൂട്ടിയിടി ഉണ്ടാകാതിരിക്കാനുള്ള ‘കവച്’ സംവിധാനം ഇന്ത്യൻ റെയിൽവേയുടെ അഭിമാനകരമായ ആവിഷ്‌കാരമാണ്. എന്നാൽ അപകടം ഉണ്ടായശേഷം കവചിനെ കുറിച്ച് അവ്യക്തതകൾ മാത്രമാണുള്ളത്. ഇപ്പോൾ കേൾക്കുന്ന അപകടം നടന്ന പാതയിൽ കവച് സംവിധാനം ഇല്ലായിരുന്നുവെന്ന്.
ദേശീയമായി ഇന്ത്യ വികസിപ്പിച്ച ആന്റീ കൊളീഷൻ സംവിധാനമാണ് കവച്. ഓരോ സിഗ്‌നൽ കഴിയുമ്പോഴും ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നൽകുന്ന സിസ്റ്റമാണിത്. ഒരു കേന്ദ്രത്തിലിരുന്നു ഓരോ മിനിറ്റിലെയും ട്രെയിനുകളുടെ യാത്ര കൃത്യമായി നിരീക്ഷിക്കുവാനും, പാളത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ വിവരം മറ്റു ട്രെയിനുകൾക്കു ലഭ്യമാകാനും കവച് സഹായിക്കും. കവച് കവചം ആയിരുന്നുവെങ്കിൽ എങ്ങനെ മൂന്ന് ട്രയിനുകൾ കൂട്ടിയിടിക്കും. സ്വാഭാവികമായി ഉണ്ടാകുന്ന ഇത്തരം ചോദ്യങ്ങൾക്ക് അധികാരികൾ മറുപടി പറയേണ്ടിവരും.
സിഗ്‌നൽ സംവിധാനത്തിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പിഴവാണ് സംഭവിച്ചിരിക്കുന്നത്.
സാങ്കേതിക വിദ്യയിൽ മുന്നിലുള്ള ട്രെയിനുകളും അത്യാധുനിക സംവിധാനങ്ങളുമുണ്ടെന്ന് രാജ്യം അവകാശപ്പെടുമ്പോഴാണ് കെടുകാര്യസ്ഥതമൂലമുള്ള അപകടം ഉണ്ടായിരിക്കുന്നത്.
തെറ്റായ സിഗ്‌നലോ?
അപകടം നടന്ന സ്റ്റേഷനിലെ കമ്പ്യൂട്ടർ ഡാറ്റയനുസരിച്ച് ആദ്യമെത്തിയ ഹൗറ ട്രെയിനിന് തെറ്റായ സിഗ്‌നൽ ലഭിച്ചതായി കാണാം. ഇതോടൊപ്പം ഉള്ള സ്റ്റേഷൻ ഡാറ്റയിൽ നാല് ലൈനുകൾ ഉള്ള സ്റ്റേഷനിൽ രണ്ട് ലൂപ് ലൈനുകളിൽ ഗുഡ്‌സ് വണ്ടികൾ നിർത്തിയിട്ടിരിക്കുന്നത് ചുവന്ന വരയായി കാണാനാകും. നടുവിലുള്ള രണ്ട് മെയിൻ ലൈനുകളിൽ രണ്ട് എക്‌സ്പ്രസ് വണ്ടികൾക്ക് സിഗ്‌നൽ കൊടുത്തതും കാണാം.
എക്‌സ്പ്രസ് വണ്ടി മെയിൻ ലൈനിൽ പോകുന്നതിന് പകരം അതിവേഗത്തിൽ വന്ന് ലൂപ് ലൈനിലുള്ള ഗുഡ്‌സ് വണ്ടിയുടെ അവസാന ഭാഗത്ത് ഇടിച്ചുകയറി പാളം തെറ്റുകയായിരുന്നു. പാളം തെറ്റിയ ബോഗികൾ രണ്ടാം മെയിൻ ലൈനിലേക്കും ചിതറി തെറിച്ചു. അതിലേക്കാണ് എതിർ ദിശയിൽ വന്ന വണ്ടി ഇടിച്ചു കയറിയത്. ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി ഏറാൻ കാരണം. പ്രധാന ലൈനിൽ നിന്ന് മാറി ട്രെയിനുകൾക്ക് കുറച്ച് ദൂരം മുന്നോട്ട് സഞ്ചരിക്കാൻ സഹായിക്കുന്ന കൈവഴിയാണ് ലൂപ് ലൈൻ. റെയിൽവേ സ്റ്റേഷനുകളിൽ നിർത്തിയിട്ട ട്രെയിനുകളെ മറികടക്കാൻ ലൂപ് ലൈനുകൾ സഹായിക്കും. ലൂപ് ലൈൻ ഭാഗീകമായി തുരുമ്പെടുത്ത നിലയിലുമായിരുന്നു.
ദയനീയം ഈ കാഴ്ചകൾ
രക്ഷാപ്രവർത്തനം കാര്യക്ഷമമാണെന്ന് പറയുമ്പോഴും അടിയന്തര ചികിത്‌സ വൈകിയതും പ്രതിഷേധകരമാണ്. വിദഗ്ധ ചികിത്‌സ് വേണ്ടവർക്ക് അത്‌ലഭ്യമാക്കൻ കാലതാമസം ഉണ്ടാകുന്നു. അടിയന്തര നഷ്ടപരിഹാരം പ്രഖ്യാപിച്ച് തടിതപ്പുന്ന രീതിയാണ് ഇവിടെയും സംഭവിച്ചത്. മൃദേഹങ്ങക്കിടയിൽ മകനെ അന്വേഷിച്ച് നടക്കുന്ന പിതാവിന്രെ ദയനീയ ചിത്രം നാം കണ്ടു. ഹെൽപ്പ് ഡെസ്‌ക്കുകൾ ഫോൺ നമ്പരുകളിൽ മാത്രം ഒതുങ്ങരുത്. മൃദേഹങ്ങൾ പിക്കപ്പ് വാനിലേക്ക് എടുത്തെറിയുന്ന സമീപനവും നീതീകരിക്കാനാകില്ല. അവർ ആരുടെയൊക്കെയോ പ്രിയപ്പെട്ടവർ ആണെന്ന് മറന്നുകൂടാ. ജീവൻ നഷ്ടമായത് കൊണ്ട് അവരെ വലിച്ചെറിയണോ?. സംസ്ഥാന സർക്കാരുകൾ സ്വന്തം നിലയിൽ സഹായവുമായി എത്തുമ്പോൾ കേന്ദ്രസർക്കാർ സഹകരിച്ചുള്ള നേതൃത്വമാണ് ഈ അപകടഭൂമിയിൽ ഉണ്ടാകേണ്ടത്.