ജെയിംസ് കൂടൽ
(ചെയർമാൻ,ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ)
തുടർച്ചയായി വിവാദങ്ങളിൽ അകപ്പെട്ട് അഴിമതിയുടെ കൂത്തരങ്ങായി മാറിയ സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മുഖപടം അണിയിക്കാനാണ് കെ.പി.സി.സി അദ്ധ്യക്ഷനെ അറസ്റ്റ് ചെയ്തുകൊണ്ട് പിണറായി സർക്കാർ രാഷ്ട്രീയ കോമരം തുള്ളുന്നത്. തെറ്റുചൂണ്ടിക്കാട്ടുന്നവരെയും വിമർശിക്കുന്നവരെയും ജയിലിൽ അടയ്ക്കുക എന്ന ഏകാധിപതിയുടെ ധാർഷ്ട്യത്തിലേക്ക് പിണറായും സംഘവും ചുരുങ്ങിയിരിക്കുന്നു. ഇതിന് ഒത്താശ നൽകുന്ന സി.പി. എം നേതൃത്വവും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും രാഷ്ട്രീയ മര്യാദകളുടെ എല്ലാ സീമകളും ലംഘിക്കുകയുമാണ്.
മോൻസൻ മാവുങ്കൽ പ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പ് കേസിൽ കെ പി സി സി പ്രസിഡൻറ് കെ സുധാകരനെ പ്രതിചേർത്തത് വെറും ആരാേപണങ്ങളുടെ പുകമറയിലായിരുന്നു. മോൻസന് മാവുങ്കലിന് കൈമാറിയ 25 ലക്ഷത്തിൽ പത്തുലക്ഷം രൂപ സുധാകരൻ കൈപ്പറ്റിയെന്നായിരുന്നു പരാതി. കേസിലെ പരാതിക്കാരനായ അനൂപിൻറെ മൊഴിയാണ് അറസ്റ്റിന് ആധാരം. 2018 ൽ കലൂരിലെ വാടകവീട്ടിൽ വെച്ച് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയെന്നാണ് അനൂപിൻറെ മൊഴി. ഈ സമയത്ത് കെ സുധാകരനും ഈ വീട്ടിലുണ്ടായിരുന്നു. താൻ നൽകിയ 25 ലക്ഷത്തിൽ 10 ലക്ഷം കെ സുധാകരൻ കൈപ്പറ്റി. പാർലമെൻറ് ഫിനാൻസ് കമ്മിറ്റിയെക്കൊണ്ട് മോൻസൻ മാവുങ്കലിൻറെ വിദേശത്തു നിന്നെത്തിയ പണം വിടുവിക്കാമെന്ന് പറഞ്ഞാണ് സുധാകരന് പണം നൽകിയതെന്നാണ് മൊഴി. എന്നാൽ ഈ മൊഴി മാത്രം വിശ്വാസത്തിലെടുത്ത് കെ സുധാകരനെതിരെ വഞ്ചാനാക്കേസ് ചുമത്തി. മൂൻകൂർ ജാമ്യം തേടിയിരുന്നത് കൊണ്ട് മാത്രമാണ് അദ്ദേഹം ജയിലിൽ അടയ്ക്കപ്പെടാതിരുന്നത്.
കെ ഫോൺ കേബിൾ, എ ഐ ക്യാമറ അഴിമതികളിലും വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങളിലും അകപ്പെട്ട് മുഖംനഷ്ടമായ സംസ്ഥാന സർക്കാരിനും കമ്മ്യൂണിസ്റ്റു നേതാക്കൾക്കും നടുറോഡിൽ ഇറങ്ങാനാവാത്ത അവസ്ഥയിൽ നിന്ന് ജനശ്രദ്ധതിരിക്കുന്നതിനൊപ്പം പ്രതികരിക്കുന്നവരെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢതന്ത്രവും അറസ്റ്റിന് പിന്നിൽ കാണാനാകും. ലോക കേരള സഭയ്ക്ക് ന്യൂയോർക്ക് ടൈം സ്്വകയറിൽ എത്തി അപഹാസ്യനായ മുഖ്യമന്ത്രിക്കും കേരള ജനതയ്ക്ക് മുന്നിൽ മറുപടി പറയേണ്ടിവരും. ഇതിൽ നിന്നൊക്കെയുള്ള ഒളിച്ചോട്ടമാണ് സുധാകരന്റെ അറസ്റ്റ് എന്നുവേണം കരുതാൻ.
വ്യാജ പുരാവസ്തു കേസിൽ പരാതിക്കാരെ ബ്ലാക്ക് മെയിൽ ചെയ്തു കെപിസിസി പ്രസിഡന്റിനെതിരെ മൊഴിയുണ്ടാക്കി കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കാനായിരുന്നു നീക്കം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇത് വളരെ മുമ്പ് തന്നെ പറഞ്ഞിരുന്നതുമാണ്. അഴിമതി ആരോപണങ്ങളുടെ ചെളിക്കുണ്ടിൽ വീണു കിടക്കുന്ന സർക്കാർ മര്യാദയ്ക്കു നടക്കുന്ന ആളുകളുടെ മേൽ ചെളി തെറിപ്പിക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കേരളത്തിൽ കാണുന്നത്. കെ. സുധാകരനെ അറസ്റ്റ് ചെയ്തതിലൂടെ സർക്കാരിന്റെ വൈരാഗ്യബുദ്ധി വീണ്ടും പ്രകടമായി.
മുൻകൂർ ജാമ്യം ലഭിച്ചിരുന്നില്ലെങ്കിൽ കള്ളക്കേസിൽ സുധാകരൻ ജയിലിൽ കിടക്കുമായിരുന്നു. മോൻസന്റെ ഡ്രൈവർ, സുധാകരന് എതിരെ മൊഴി കൊടുത്തുവെന്നാണു പറയുന്നത്. മുൻപ് മൂന്നുതവണ ചോദ്യം ചെയ്തപ്പോഴും ഡ്രൈവർ സുധാകരനെപ്പറ്റി പറഞ്ഞിട്ടില്ല. ഇപ്പോൾ, മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ വച്ചപ്പോഴാണു പുതിയ മൊഴി കെപിസിസി പ്രസിഡന്റിനെതിരെ വന്നത്. ഒരുമൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ കേസ് എടുക്കാനാകുമോ? വിചിത്രമായ നടപടികളാണ് ഇവിടെ ആഭ്യന്തര വകുപ്പ് കൈയാളുന്നത്. സുധാകരനെതിരെ വഞ്ചനാ കുറ്റം ചുമത്തി കേസെടുത്ത നടപടി തികച്ചും രാഷ്ടിയ പ്രേരിതമെന്ന് കേരത്തിലെ ജനത്തിന് അറിയാം. പ്രതിപക്ഷ നേതാക്കളെ വിരട്ടി ഒതുക്കാമെന്ന ഫാസിസ്റ്റ് നയത്തിന്രെ പ്രയോഗമാണിത്. അഴിമതിയിലും കെടുകാര്യസ്ഥതയിലും മുഖം നഷ്ടപ്പെട്ട സർക്കാരും പാർട്ടിയും ജനശ്രദ്ധ തിരിക്കാനുളള പൊറാട്ട് നാടകം കളിക്കുകയാണെന്ന് വ്യക്തം.
സർക്കാരിനെ വിമർശിക്കുന്നവരെ കേസിൽ കുടുക്കുന്ന മോദി സർക്കാരിന്റെ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് പിണറായി വിജയനും പയറ്റുന്നത്. തുടർ ഭരണം ലഭിച്ചതിന്റെ അഹങ്കാരത്തിൽ അധികാരം തലയ്ക്ക് പിടിക്കുമ്പോൾ എന്തും ആകാമെന്ന ഹുങ്ക് വിനാശത്തിെന്റെതാണ്.
ജനങ്ങൾ മറുപടി നൽകുന്ന കാലം വിദൂരമല്ലെന്ന് പിണറായും ഗോവിന്ദനും ഓർക്കണം. തുടർ ഭരണം ലഭിച്ച ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ കേരള കമ്മ്യൂണിസ്റ്റുകൾ ഓർക്കുന്നത് നന്നായിരിക്കും.