Thursday, January 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'ഇവിടെ ഇങ്ങനാണ് സാറേ...' ജെയിംസ് കൂടല്‍ എഴുതുന്നു

‘ഇവിടെ ഇങ്ങനാണ് സാറേ…’ ജെയിംസ് കൂടല്‍ എഴുതുന്നു

ജെയിംസ് കൂടല്‍
(ചെയര്‍മാന്‍, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്, യുഎസ്എ)

കുത്തഴിഞ്ഞ ആശുപത്രികള്‍, നടുവൊടിക്കുന്ന റോഡുകള്‍, കട്ടപ്പുറത്തായ കെ.എസ്.ആര്‍.ടി.സി, വിലവര്‍ധനവില്‍ വലഞ്ഞ ജനങ്ങള്‍, അപ്പോഴും പ്രതികരിക്കാത്ത മുഖ്യമന്ത്രി… ചുരുക്കത്തില്‍ കേരളത്തില്‍ ജനങ്ങള്‍ക്കിന്ന് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തി കാര്യങ്ങള്‍. കഴിഞ്ഞ കാലങ്ങളിലൊന്നും നേരിടാത്ത അത്ര പ്രതിസന്ധിയിലൂടെയാണ് ഇന്ന് കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കടന്നു പോക്ക്. പരാതിയും പരിഹാസവും കേള്‍ക്കാത്ത വകുപ്പും മന്ത്രിമാരും ഇവിടെയില്ല. ജനങ്ങളുടെ ജീവിത നിലവാരത്തില്‍ പ്രതീക്ഷ നല്‍കുന്ന യാതൊന്നും ഇവിടെ സംഭവിക്കുന്നുമില്ല. ചുരുക്കത്തില്‍ ഇവിടെ ഇങ്ങനെയൊക്കെയാണ് സാറേ കാര്യങ്ങളെന്ന് ജനങ്ങള്‍ തന്നെ പരസ്പരം ട്രോളായി പറഞ്ഞു തുടങ്ങി.

ആഘോഷപൂര്‍വം പൊതുമരാമത്ത് ഉദ്ഘാടനം നടത്തിയ റോഡുകളൊക്കെ ഒരു മഴ പെയ്തതോടെ പൊളിഞ്ഞുമാറി. റോഡുകളിലൊക്കെയും കുഴിയോടു കുഴി. തിരിച്ചും മറിച്ചുമൊക്കെ വണ്ടി ഓടിച്ചാല്‍ നിങ്ങള്‍ക്ക് നടുവൊടിയാതെ രക്ഷപ്പെടാം. ആരോഗ്യവകുപ്പിന്റെ കാര്യമാണ് ദയനീയം. അപ്പോഴും ന്യായങ്ങള്‍ നിരത്തി രക്ഷപ്പെടുകയാണ് വകുപ്പ് മന്ത്രി. പകര്‍ച്ചവ്യാധികളും പനി മരണങ്ങളും ഓരോ ദിവസം വര്‍ധിച്ചു വരുന്നു. ആശുപത്രികളില്‍ രോഗികളെകൊണ്ട് നിറയുന്നു. എന്തുകൊണ്ടാണിത് സംഭവിക്കുന്നതെന്ന ചോദ്യത്തിനും ഉത്തരമുണ്ട്. മഴക്കാലമെത്തും മുന്‍പേ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ വകുപ്പ് സമ്പൂര്‍ണ പരാജയമായി മാറി.

കട്ടപ്പുറത്തായ കെ.എസ്.ആര്‍.ടി.സി രക്ഷപ്പെടാന്‍ ഇനി അത്ഭുതങ്ങള്‍ സംഭവിക്കണം. നഷ്ടങ്ങളുടെ കണക്കു പുസ്തകത്തില്‍ പറയാന്‍ നാളിതുവരെ നേട്ടങ്ങളൊന്നും ഇല്ല. ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ടും അതില്‍ ഇടപെടാനോ കാര്യമായ പ്രതികരണങ്ങള്‍ നടത്താനോ സര്‍ക്കാര്‍ തയാറാകുന്നില്ല എന്നത് അനാസ്ഥയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. പ്ലസ്ടു സീറ്റുകളിലെ കുറവ്, ഉന്നത വിദ്യാഭ്യാസമേഖലയിലെ തിരിമറികള്‍, സാംസ്‌കാരിക വകുപ്പിന്റെ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട വിവാദം, കൃഷിയില്‍ കേരളത്തിലുണ്ടായ അപചയം തുടങ്ങി എല്ലാ വകുപ്പുകളുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറയുന്നത് വിവാദങ്ങള്‍ മാത്രം.

ഓണക്കാലമാണ് ഇനി വരാന്‍ പോകുന്നത്. അപ്പോഴും വിപണിയില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താന്‍ നമ്മുടെ സര്‍ക്കാരിനായിട്ടില്ല. വിലക്കയറ്റം കുടുംബ ബജറ്റ് തകര്‍ക്കുകയാണ്. ഭക്ഷ്യവകുപ്പുമായി ബന്ധപ്പെട്ട് നേരത്തെ ലഭ്യമായിരുന്ന സേവനങ്ങളും ഇപ്പോള്‍ ഇഴഞ്ഞു നീങ്ങുന്നു. ചുരുക്കത്തില്‍ രൂക്ഷമായ പരാതി ഇല്ലാത്ത വകുപ്പുകള്‍ ഒന്നും തന്നെ ഇന്ന് കേരളത്തിലില്ല.

അപ്പോഴും മൗനം തുടരുന്ന മുഖ്യമന്ത്രിയും കുറേ മന്ത്രിമാരുമാണ് ഇന്ന് കേരളത്തിന്റെ ശാപം. ഗുരുതരമായ ഇത്തരം ആരോപണങ്ങളില്‍ പ്രതികരിക്കാനോ ഇടപെടാനോ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. ദുര്‍ഭരണം കേരളീയരുടെ ജീവിതത്തെ വട്ടംകറക്കുകയാണ്. ജീവിക്കാന്‍ വഴികളില്ലാതെ കേഴുന്ന സാധാരണക്കാരന്റെ ഓരോ ദിവസവും ഇന്ന് ദയനീയം എന്നല്ലാതെ എന്തു പറയാനാണ്. ചുരുക്കത്തില്‍ ഇവിടെ ഇങ്ങനെയൊന്നും ആയാല്‍ പോരാ… സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുക തന്നെ വേണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com