Thursday, January 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'പകരംവയ്ക്കാനില്ലാത്ത ജനകീയത : മരണമില്ലാത്ത ഉമ്മന്‍ ചാണ്ടി' , ജെയിംസ് കൂടൽ എഴുതുന്നു

‘പകരംവയ്ക്കാനില്ലാത്ത ജനകീയത : മരണമില്ലാത്ത ഉമ്മന്‍ ചാണ്ടി’ , ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടല്‍

മരണത്തിലും വീരനായകനായി മടങ്ങിയ ജനകീയ നേതാവ്. വിലാപയാത്രയായി കടന്നു പോയ വഴികളിലൊക്കെ ജനസാഗരം ആര്‍ത്തിരമ്പി. കണ്ണീരൊഴുക്കി അവര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. എതിരാളികളെപ്പോലും നിശബ്ദരാക്കിയ സ്വീകര്യത. ഒടുവില്‍ വിമര്‍ശിച്ചവരും അപവാദങ്ങള്‍ പറഞ്ഞവരും കുറ്റബോധംകൊണ്ട് ഉള്ളുരുകി തിരുത്തി പറയുന്നു…. കേരള ചരിത്രത്തില്‍ ഇത്രമേല്‍ ഇളക്കിമറിച്ചൊരു നേതാവില്ല… ഉമ്മന്‍ ചാണ്ടി. മരണത്തിലും ചരിത്രം എഴുതിയ പടനായകന്‍. ഇത്രമേല്‍ ജനകീയനായ നേതാവിനെ എങ്ങനെയാണ് കേരളത്തിന് അംഗീകരിക്കാതിരിക്കാന്‍ കഴിയുക.

ഉമ്മന്‍ ചാണ്ടി പൊതുപ്രവര്‍ത്തനത്തിലും വ്യക്തിജീവിതത്തിലും മറ്റുള്ളവര്‍ക്ക് ഒരു പാഠപുസ്തകം തന്നെയാണ്. കരയുന്നവന്റെ കണ്ണീരൊപ്പിയും നിരാശ്രയന് തണലൊരുക്കിയും അദ്ദേഹം നടന്നു നീങ്ങി. അവിടേ മതമോ രാഷ്ട്രീയമോ അദ്ദേഹം പ്രശ്‌നമാക്കിയില്ല. സ്‌നേഹമായിരുന്നു അദ്ദേഹത്തിന്റെ ഭാഷ. മാനുഷികതയായിരുന്നു അദ്ദേഹത്തിന്റെ മതം. മറ്റുള്ളവരിലേക്ക് നന്മ ചെയ്യുമ്പോഴാണ് പൊതുപ്രവര്‍ത്തനം അതിന്റെ പൂര്‍ണതയിലെത്തുന്നതെന്ന് അദ്ദേഹം പൂര്‍ണമായി വിശ്വസിച്ചു. പുതുപ്പള്ളി വീടിന്റെ വാതിലുകള്‍ അടയ്്ക്കാതെ അദ്ദേഹം മറ്റുള്ളവരെ കാത്തിരുന്നതും അതുകൊണ്ടു തന്നെ. ഉമ്മന്‍ ചാണ്ടി ഒരു പ്രതീക്ഷയുടെയും ഉറപ്പിന്റെയും പേരായി പൊതുജനം കണ്ടതും അതുകൊണ്ടുതന്നെ.

കൈയ് മെയ് മറന്ന് മറ്റുള്ളവരിലേക്ക് സാന്ത്വനം പകര്‍ന്ന ഉമ്മന്‍ ചാണ്ടിയുടെ ഒരായിരം കഥകള്‍ നാം മാധ്യമങ്ങളിലൂടെ അടുത്തറിഞ്ഞു. ഇത്രമേല്‍ നന്മയുടെ മനുഷ്യരൂപമായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് പലരും അതിശയത്തോടെ കേട്ടറിഞ്ഞു. എന്നാല്‍ അദ്ദേഹത്തെ അടുത്തറിഞ്ഞവര്‍ക്കാകട്ടെ അതിലൊരു പുതുമയും തോന്നിയില്ല എന്നതാണ് കൗതുകം. ഒടുവില്‍ സ്വന്തമായ സ്വപ്‌ന ഭവനം പോലും പൂര്‍ത്തിയാക്കാതെ പോയ ഉമ്മന്‍ ചാണ്ടിയുടെ സ്വപ്നങ്ങളൊക്കെയും മറ്റുള്ളവര്‍ക്കുവേണ്ടിയായിരുന്നു. അവരുടെ സ്വപ്‌നങ്ങളെ ഉമ്മന്‍ ചാണ്ടി സ്വന്തം സ്വപ്‌നമായി കണ്ടു. അതിന്റെ ലക്ഷ്യത്തിലേക്ക് നടന്നു നീങ്ങി.

ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെയാകണം എന്നതിന്റെ ഏറ്റവും വലിയ മാതൃക സൃഷ്ടിച്ചാണ് ഉമ്മന്‍ ചാണ്ടിയുടെ മടക്കം. പുതുതലമുറയിലെ പൊതുപ്രവര്‍ത്തകരടക്കം ഇത് തിരിച്ചറിയാന്‍ ശ്രമിക്കുക എന്നതാണ് പ്രധാനം. വിമര്‍ശകരെപ്പോലും ചേര്‍ത്തു പിടിച്ചും ആരോപണങ്ങളില്‍ തളരാതെ പുഞ്ചിരിച്ചും ഉമ്മന്‍ ചാണ്ടി പോരാടി. തന്റെ നിരപരാധിത്തം ജനങ്ങള്‍ക്കറിയാമെന്ന് എപ്പോഴും ഉമ്മന്‍ ചാണ്ടി എപ്പോഴും ഊന്നി പറഞ്ഞു. കാരണം ജനങ്ങള്‍ക്കിടയില്‍ മാത്രം ജീവിച്ച നേതാവായിരുന്നു അദ്ദേഹം. ഉമ്മന്‍ ചാണ്ടിയിലേക്ക് എത്താന്‍ നമുക്കൊരു ഇടനിലക്കാരന്റെ ആവശ്യം ഇല്ലായിരുന്നു. ഔദ്യോഗിക ബഹുമതികള്‍പോലും തന്റെ മരണത്തിന് ആവശ്യമില്ല എന്ന് അദ്ദേഹം ആഗ്രഹിച്ചതും ഇതുകൊണ്ടു തന്നെ. സാധാരണക്കാരുടെ കൈപിടിച്ച് അവരെപ്പോലെ അവരിലൊരാളായി ജീവിക്കാനായിരുന്നു അദ്ദേഹം എപ്പോഴും ശ്രമിച്ചിരുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ കരുതല്‍ അനുഭവിച്ച വലിയൊരു വിഭാഗം ജനത ഇവിടെയുണ്ട്. നിശബ്ദതയ്ക്കുമേല്‍ സംഗീതംപോലെ ഉമ്മന്‍ ചാണ്ടി അവരെയൊക്കെ തഴുകി ഉണര്‍ത്തിയത് എങ്ങനെയാണ് മറക്കാന്‍ കഴിയുക? പൊതുപ്രവര്‍ത്തനത്തിന്റെ വലിയ മാതൃക തീര്‍ത്ത അദ്ദേഹത്തെ എങ്ങനെയാണ് കേരളത്തിന് മറക്കാന്‍ കഴിയുക? ഇല്ല, ഉമ്മന്‍ ചാണ്ടിക്ക് മരണമില്ല….

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com