ജെയിംസ് കൂടല്‍
(ചെയര്‍മാന്‍, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്, യുഎസ്എ)
വാര്‍ത്തകളില്‍ നിറഞ്ഞാടുകയാണ് അനില്‍ ആന്റണി. ദേശീയ മാധ്യമങ്ങള്‍പ്പോലും അനിലിന്റെ ബിജെപിയിലേക്കുള്ള പോക്ക് വലിയ വാര്‍ത്തയാക്കി കഴിഞ്ഞു. ബിജെപിക്കാരാകട്ടെ അനിലിന്റെ വരവോടെ കേരളഭരണം അടുത്ത തിരഞ്ഞൈടുപ്പില്‍ ഉറപ്പിച്ചു എന്ന ഭാവത്തിലും. അനില്‍ ആന്റണിയെ കാത്തിരിക്കുന്ന മോദി, അമിത്ഷായുടെ നിരീക്ഷണത്തില്‍ ചുവടുമാറ്റം, രാജകീയ സ്വീകരണം… അനില്‍ ആന്റണിയിലാണ് ഇനി ബിജെപിയുടെ മുഴുവന്‍ പ്രതീക്ഷയെന്ന് ആ ചെറുപ്പക്കാരന്‍ര്‌പോലും സ്വപ്‌നം കണ്ടു തുടങ്ങി. പക്ഷെ കാര്യങ്ങളൊക്കെ കണ്ടറിയണം. അനില്‍ ആന്റണിയുടെ ഭാവി മാസ്സാകുമോ അതോ ലോസാകുമോ ?
ബിജെപിയ്ക്ക് തല്‍ക്കാലത്തേക്കുള്ള കളിപ്പാവ മാത്രമാണ് അനില്‍ ആന്റണി. കേരളത്തിലെ പല ബിജെപി നേതാക്കള്‍ക്കും അനിലിന്റെ കടന്നു വരവില്‍ അത്ര താല്‍പ്പര്യമില്ലെന്നും കേള്‍ക്കുന്നു. എന്തായാലും സ്വയം കുഴിച്ച കുഴിയില്‍ അനില്‍ വീണു എന്നു പറയുന്നതായിരിക്കും ശരി. ഏറ്റവും സങ്കടം ഇവിടെ അനില്‍ മാത്രമല്ല പരിഹസിക്കപ്പെട്ടത് എന്നു മാത്രമാണ്. തിരുവനന്തപുരത്ത് അനിലിനെ വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അങ്കത്തിന് ഇറക്കുമെന്നും കേള്‍വിയുണ്ട്. അങ്ങനെ എങ്കില്‍ അനില്‍ കൂടുതല്‍ പരാജയങ്ങളും പരിഹാസങ്ങളും ഏറ്റും വാങ്ങുക തന്നെ ചെയ്യും.
അനില്‍ ഇന്ന് ബിജെപിക്കാരുടെ കണ്ണിലുണ്ണിയാണ്. പക്ഷേ ഇത് എത്ര നാള്‍ എന്ന് കണ്ടറിയണം. കോണ്‍ഗ്രസ് വിട്ട വടക്കനേപ്പോലെ അനില്‍ ആന്റണിയും മേല്‍വിലാസമില്ലാത്ത നേതാവാകും. അനിലിപ്പോള്‍ ബിജെപിയുടെ വലയിലായി കഴിഞ്ഞു. ഈ കുരുക്കില്‍ ഇനി പിടയാനല്ലാതെ പൊട്ടിക്കരയാന്‍പോലും അനിലിന് കഴിയുമെന്ന് തോന്നുന്നില്ല. എന്തായാലും അനില്‍ കേരളത്തിലടക്കം രണ്ടുദിവസം വലിയ വാര്‍ത്തയായി. മാധ്യമങ്ങള്‍ക്കു മുന്നില്‍ വാചാലനായി വിലസാനും അനിലിന് കഴിഞ്ഞു. ഇതില്‍ കൂടുതലൊന്നും അനിലിനെ കാത്തിരിക്കുന്നില്ല. ചുരുക്കത്തില്‍ ഭാവി താമരയിലല്ല, അതു നില്‍ക്കുന്ന ചെളിയിലാണെന്ന് സാരം.
ക്രിസ്തീയസഭകളെ വരുതിയിലാക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് കിട്ടിയ തുറുപ്പ് ചീട്ടാണ് അനില്‍ ആന്റണി എന്നാണ് ചില ബിജെപി നേതാക്കന്മാരുടെ വാദം. ഡല്‍ഹി വിട്ടൊരു ലോകമില്ലാതെയിരുന്ന അനിലിന് കേരളത്തില്‍ എന്ത് സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നാണ്? അതും കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തിനിടയില്‍. ഇനി അനിലിനെ കേരളത്തിന് പുറത്തേക്ക് അയച്ചാലോ? ദയനീയമാകുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. കേരളത്തില്‍ നിന്ന് ബിജെപിയിലേക്കുപോയ ചില പ്രമുഖന്മാരൊക്കെ ഇന്ന് ജീവിച്ചിരിക്കുന്നുണ്ടോ എന്നു തന്നെ അറിയില്ല.
എന്തായാലും മലര്‍പ്പൊടിക്കാരന്റെ കുറേ നല്ല സ്വപ്‌നങ്ങള്‍ കണ്ട് അനിലിപ്പോള്‍ ഉറങ്ങട്ടെ. കഴുത്തിലണിഞ്ഞ ആ ഷാളുകളൊക്കെ വലിയ അംഗീകാരമായും ഇപ്പോള്‍ തോന്നുന്നുണ്ടാകും. എന്തായാലും ഇതൊരു കുരുക്കാണെന്നും തീരുമാനങ്ങള്‍ തെറ്റായെന്നും തിരിച്ചറിയുന്നൊരു കാലം അനിലിനുണ്ടാകും. അന്നു ചിലപ്പോള്‍ പൊട്ടിക്കരയാന്‍ മാത്രമേ അനിലിനാകൂ. പിന്നെ ഏറ്റു പറച്ചിലുകളും കുമ്പസാരവും കൊണ്ട് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടും.