Wednesday, November 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsജപ്പാനെ നയിക്കാൻ ഷിഗേറു ഇഷിബ: പ്രധാനമന്ത്രിയായി ചൊവ്വാഴ്ച അധികാരമേൽക്കും

ജപ്പാനെ നയിക്കാൻ ഷിഗേറു ഇഷിബ: പ്രധാനമന്ത്രിയായി ചൊവ്വാഴ്ച അധികാരമേൽക്കും

ടോക്കിയോ: ജപ്പാന്റെ ആദ്യ വനിതാപ്രധാനമന്ത്രിയാകുമെന്നു പ്രതീക്ഷിച്ചിരുന്ന സനയെ തകായിചിയെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ തോൽപിച്ച് ഷിഗേറു ഇഷിബ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃപദവിയിലേക്ക്. ഭരണകക്ഷി നേതാവായതോടെ ജപ്പാൻ പ്രധാനമന്ത്രിയായി ചൊവ്വാഴ്ച അധികാരമേൽക്കും.  ജനപ്രീതി കുറഞ്ഞതു മനസ്സിലാക്കി സ്ഥാനമൊഴിയുന്ന ഇപ്പോഴത്തെ പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ (67) പിൻഗാമിയായി സാമ്പത്തിക പുനർനിർമാണം ഉൾപ്പെടെ കടുത്ത വെല്ലുവിളികളാണ് ഇഷിബയ്ക്കു മുന്നിൽ. പൊതുതിരഞ്ഞെടുപ്പും വൈകാതെ പ്രഖ്യാപിച്ചേക്കും.

മുൻ പ്രതിരോധമന്ത്രിയായ ഇഷിബയും സാമ്പത്തികസുരക്ഷാ മന്ത്രി തകയിചിയും ഉൾപ്പെടെ 9 പേരാണ് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി)യുടെ നേതാവാകാൻ മത്സരരംഗത്തുണ്ടായിരുന്നത്. ജപ്പാന്റെ ജനപ്രിയനായ മുൻപ്രധാനമന്ത്രി ജുനിചിറോ കൊയിസുമിയുടെ മകൻ ഷിൻജിറോ കൊയിസുമിയും സ്ഥാനാർഥിയായിരുന്നു. ഇഷിബയും തകായിചിയും മാത്രമായി രണ്ടാം ഘട്ട വോട്ടെടുപ്പിലേക്കു നീണ്ട കടുത്ത മത്സരമാണു നടന്നത്. 

പാർട്ടി സഹപ്രവർത്തകർക്കൊപ്പം സമയം ചെലവഴിക്കുന്നതിനെക്കാൾ ഇഷ്ടം ദിവസവും 3 പുസ്തകം വായിക്കുന്നതാണെന്നു പറഞ്ഞിട്ടുള്ള ഇഷിബയെ ജനം കാണുന്നത് ഒറ്റയാൻ പരിവേഷത്തോടെയാണ്. എൽഡിപി യാഥാസ്ഥിതികരിൽനിന്നു വേറിട്ട വഴിയാണ് അദ്ദേഹത്തിന്റെത്. ദമ്പതികൾ പേരിനൊപ്പം വെവ്വേറെ കുടുംബപ്പേരു ചേർക്കരുതെന്ന പാർട്ടി നിലപാടിനെ വിമർശിച്ചിട്ടുണ്ട്. വീട്ടിലും തൊഴിലിടത്തും ജോലിഭാരം കൊണ്ടു കഷ്ടപ്പെടുന്ന ജപ്പാനിലെ സ്ത്രീകൾ ലോകത്ത് ഏറ്റവും കുറച്ചു നേരം മാത്രം ഉറങ്ങുന്നവരിൽപ്പെടുമെന്ന് ഈയിടെ ഒരു പ്രസംഗത്തിൽ പറഞ്ഞു. ചൈനയിൽനിന്നും ഉത്തര കൊറിയയിൽനിന്നുമുള്ള ഭീഷണി നേരിടാൻ ഏഷ്യയ്ക്കും സ്വന്തമായൊരു നാറ്റോ സമാന സൈനികസഖ്യം വേണമെന്ന അഭിപ്രായക്കാരനായ ഇഷിബ പാർട്ടി നേതാവാകാനുള്ള അഞ്ചാമത്തെ ശ്രമത്തിലാണ്   വിജയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments