പത്തനാപുരം : അങ്കണവാടി ഉദ്ഘാടനത്തിനു ക്ഷണിക്കാത്തതിനു തനിക്കെതിരെ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച ബ്ലോക്ക് പഞ്ചായത്തംഗത്തിനെ ഭീഷണിപ്പെടുത്തി മന്ത്രി ഗണേഷ് കുമാർ. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ബ്ലോക്ക് പഞ്ചായത്തംഗം എം.ജെ.യദുകൃഷ്ണനെയാണു പട്ടാഴി പുളിവിള അങ്കണവാടി ഉദ്ഘാടന വേദിയിൽ താക്കീതു ചെയ്തത്. ‘പേടിപ്പിച്ചാൽ പേടിക്കുന്നയാള് വേറെയാ, മേലു നോവാതെ നോക്കുന്നത് അവരവർക്ക് നന്ന്. നല്ലകാര്യം നടക്കുമ്പോൾ മൂക്ക് മുറിച്ചു ശകുനം മുടക്കുകയാണ്’ എന്നിങ്ങനെയായിരുന്നു മന്ത്രിയുടെ വാക്കുകൾ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിൽ ഗണേഷ് കുമാർ സ്വത്തു വിവരങ്ങൾ മറച്ചുവച്ചതായി ആരോപിച്ചു യദുകൃഷ്ണൻ കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ഈ ഹർജി തുടർവാദം കേൾക്കാൻ മാറ്റിയിരിക്കുകയാണ്. ഈ സംഭവത്തോടെ യദുകൃഷ്ണനും മന്ത്രിയും പല വേദികളിലും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എംഎൽഎ ഫണ്ട് വിനിയോഗിക്കുന്ന പരിപാടികളിൽ നിന്നു തന്നെ ഒഴിവാക്കാൻ മന്ത്രി നിർദേശിച്ചിരിക്കുകയാണെന്ന് യദുകൃഷ്ണൻ ആരോപിച്ചു.