Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് കെ.ബി ഗണേഷ് കുമാർ

സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് കെ.ബി ഗണേഷ് കുമാർ

പത്തനാപുരം: കേരളത്തിൽ കൂടുതൽ ആളുകളും ഇരുചക്ര വാഹനം ഉപയോഗിക്കുന്നവരാണെന്നും അവരെ നിരാശപ്പെടുത്തുന്ന ഭരണ പരിഷ്കരണങ്ങൾ വലിയ അപകടങ്ങൾക്ക് വഴിതെളിക്കുമെന്നും നടനും എംഎൽഎയുമായ കെ.ബി. ഗണേഷ് കുമാർ.  ഇന്തോനേഷ്യ പോലെയുള്ള രാജ്യങ്ങളിൽ കൂടുതൽ ആളുകളും സ്കൂട്ടർ ആണ് ഗതാഗതത്തിനു ഉപയോഗിക്കുന്നത്. അവർ കുട്ടികളെ ഹെൽമെറ്റ് ധരിപ്പിച്ചാണ് കൊണ്ടുപോകുന്നത്.  നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്നത് നല്ല കാര്യമെങ്കിലും സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഗണേഷ് കുമാർ പറഞ്ഞു. 

‘‘എഐ ക്യാമറ ആണ് ഇപ്പോൾ കേരളത്തിൽ പ്രധാന വിവാദ വിഷയം. മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് വണ്ടി ഓടിക്കുന്നത് നൂറു ശതമാനം തെറ്റാണ്. അതിന് 2000 അല്ല 3000 രൂപ ഫൈൻ അടിച്ചാലും തെറ്റില്ല. ലൈൻ മാറി വണ്ടി ഓടിക്കുന്നതും തെറ്റാണ്, കാരണം ഹൈവേയിൽ ഒക്കെ ലെയിൻ മാറി ഓടിച്ച് ഒരു സ്ത്രീയുടെ തലയിൽ കൂടി വണ്ടി കയറിയ കാഴ്ച നമ്മൾ കണ്ടതാണ്.  അതിനു ഫൈൻ അടിക്കണം. ബെൽറ്റ് ഇടാതെ വണ്ടി ഓടിക്കുന്നതും തെറ്റാണ് കാരണം പഴയ അംബാസഡർ കാറല്ല ഇപ്പോഴത്തെ വണ്ടികൾ നല്ല സ്പീഡിൽ ആണ് പോകുന്നത് ഒരു ചവിട്ട് ചവിട്ടിയാൽ നമ്മുടെ തല ഇടിച്ചു പുറത്തുവരും, ബെൽറ്റിടാത്തതിൽ ഫൈൻ അടിക്കുന്നതിൽ തെറ്റില്ല. പക്ഷേ ഒരു കാര്യത്തിൽ എനിക്ക് എതിരുണ്ട്.  

ഭാര്യയും ഭർത്താവും രണ്ടു കുഞ്ഞുങ്ങളുമുള്ള ചില കുടുംബത്തിന് ഒരു കാറ് വാങ്ങാനുള്ള പാങ്ങൊന്നും ഉണ്ടായെന്നു വരില്ല. അവർക്ക് സഞ്ചരിക്കാൻ വേണ്ടി അവർ ഒരു സ്കൂട്ടർ വാങ്ങി ഇടും.  ഭാര്യയ്ക്കും ഭർത്താവിനും ഒപ്പം കുഞ്ഞിനെ മുന്നിലോ ഇടയിലോ വച്ചുകൊണ്ടു പോകുന്നതിനെ എതിർത്ത് ഫൈൻ അടിക്കുന്നത് ദ്രോഹമാണെന്ന ഒരു അഭിപ്രായം എനിക്കുണ്ട്.  എന്റെ അഭിപ്രായം ഞാൻ എല്ലായിടത്തും പറയും.

കുഞ്ഞിനെ ചാക്കിൽ കയറ്റിയിട്ട് കാളാമുണ്ടവും കയ്യിൽ കൊടുത്തു കൊണ്ടുപോകുന്ന ട്രോളുകളൊക്കെ നമ്മൾ കാണുന്നുണ്ട്. നിയമങ്ങൾ മനുഷ്യർക്ക് വേണ്ടി ആകണം.  കുഞ്ഞുങ്ങൾ ഹെൽമറ്റ് വയ്ക്കട്ടെ.  ഞാൻ പല രാജ്യങ്ങളിൽ സഞ്ചരിക്കാറുണ്ട്. ഗൾഫ് രാജ്യങ്ങളിൽ കുഞ്ഞുങ്ങളെയും കൊണ്ട് ടൂ വീലറിൽ പോകുന്നത് കണ്ടിട്ടില്ല.  

ഇന്തോനേഷ്യയിലും മറ്റും ആളുകൾ സ്കൂട്ടർ ആണ് ഉപയോഗിക്കുന്നത്. അവർ എല്ലാം ഹെൽമെറ്റ് വച്ചാണ് സ്കൂട്ടർ ഓടിക്കുന്നത്, അതിൽ ഏതു കുഞ്ഞാണ് അപകടത്തിൽ മരിച്ചത്. ഹെൽമെറ്റ് ഇടാത്തവർ മരിച്ചിട്ടുണ്ട്, ഓവർ സ്പീഡുകൊണ്ട് മരിച്ചിട്ടുണ്ട്, സർക്കസ് കാണിച്ചവന്മാർ മരിച്ചിട്ടുണ്ട് അതൊക്കെ ശരിയാണ്. പക്ഷേ നമ്മുടെ മുന്നിൽ ഇരുത്തി കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ഓടിച്ചുപോകുമ്പോൾ അവരെ ശിക്ഷിക്കുന്നത് ശരിയല്ല, നമുക്കെല്ലാം കാറ് വാങ്ങാൻ പാങ്ങില്ല, നടപ്പിലാക്കുന്നവർക്ക് ചിലപ്പോൾ കാർ വാങ്ങാൻ പൈസ ഉണ്ടാകും, സാധാരണക്കാർക്ക് അതില്ല എന്ന് ഞാൻ ഈ അവസരത്തിൽ ഓർമിപ്പിക്കുകയാണ്.  

കൂടുതൽ ആളുകളും കേരളത്തിൽ സ്കൂട്ടർ ആണ് ഓടിക്കുന്നവരാണ്.  ഞാൻ 2001 ൽ മന്ത്രി ആയിരിക്കുമ്പോൾ 26000 പ്രൈവറ്റ് ബസും ഏതാണ് 4500 ഓളം കെഎസ്ആർടിസി ബസുകളും ഓടിയിരുന്നു. 2016 ആയപ്പോഴേക്കും കേരളത്തിൽ പ്രൈവറ്റ് ബസുകൾ 36000 ആയി.  ഇന്ന് പ്രൈവറ്റ് ബസുകളുടെ എണ്ണം 7000 ൽ താഴെയാണ് എന്ന ദയനീയ അവസ്ഥ നമ്മൾ മനസ്സിലാക്കണം. ആ ഒരു വ്യവസായം കേരളത്തിൽ തകർന്നു. ഈ ഓഹരി കെഎസ്ആർടിസിക്ക് കിട്ടിയോ? ഇത്രയും പ്രൈവറ്റ് ബസുകൾ കുറഞ്ഞപ്പോൾ 3000 ൽ താഴെ കെഎസ്ആർടിസി ബസുകളെ ഓടുന്നുള്ളൂ. ഇത് എവിടെപ്പോയി എന്ന് നമ്മൾ ചിന്തിക്കണം. പൊതു ഗതാഗതം തകർന്നപ്പോൾ സാധാരണക്കാർ എല്ലാം സ്കൂട്ടർ വാങ്ങിച്ചു അവരെ നമ്മൾ പിഴിയരുത് എന്ന അഭിപ്രായം എനിക്കുണ്ട് അവർ ജീവിക്കട്ടെ , കുഞ്ഞുങ്ങളെ ചാക്കിൽ കെട്ടി കൊണ്ടുപോകാൻ പറ്റില്ല എന്നും കെ.ബി.ഗണേഷ്കുമാർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments